ജോലിസ്ഥലത്തെ പിരിമുറുക്കം കുറയ്ക്കാന്‍ നിയമനിര്‍മ്മാണവും മേലധികാരികള്‍ക്ക് ബോധവത്കരണവും പ്രധാനം: ഡോ. ശശി തരൂര്‍
Trivandrum / October 10, 2024
തിരുവനന്തപുരം: തൊഴില്‍സ്ഥലത്തെ ജീവനക്കാരുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ശക്തമായ നിയമനിര്‍മ്മാണവും മേലധികാരികള്‍ക്ക് ബോധവത്കരണവും അനിവാര്യമെന്ന് ഡോ. ശശി തരൂര്‍ എം പി.
ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്‍മങ്കും കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസും (ജിടെക്) ഡബ്ല്യൂഐഐടി, എച്ച് ആര്‍ ഇവോള്‍വ് എന്നിവയുടെ സഹകരണത്തോടെ 'വര്‍ക്ക്പ്ലേയ്സ് വെല്‍ബീയിംഗ് ആന്‍ഡ് ഓര്‍ഗനൈസേഷണല്‍ റെഡിനെസ്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലിടങ്ങളിലെ മാനസികാരോഗ്യം എന്നതാണ് 2024 ലെ ലോക മാനസികാരോഗ്യ ദിനത്തിന്‍റെ പ്രമേയം. ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) സന്നിഹിതനായിരുന്നു.
പൂനെയില്‍ ടെക്കിയായിരുന്ന അന്ന സെബാസ്റ്റ്യന്‍റെ അടുത്തിടെയുണ്ടായ മരണത്തെ പരാമര്‍ശിച്ച ഡോ. തരൂര്‍ ജീവനക്കാര്‍ ജോലിസ്ഥലത്ത് കടുത്ത സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്നും ഇത് കുറയ്ക്കുന്നതിന് ശക്തമായ നിയമനിര്‍മ്മാണവും ജീവനക്കാരോട് എങ്ങനെ പെരുമാറണം എന്നത് സംബന്ധിച്ച് മേലധികാരികള്‍ക്ക് കൃത്യമായ ബോധവത്കരണവും നടപ്പാക്കണമെന്ന് പറഞ്ഞു.
ജോലിസ്ഥലത്തെ സമ്മര്‍ദ്ദം മൂലം ജീവനക്കാര്‍ക്ക് ഉണ്ടാകുന്ന പിരിമുറുക്കവും ഉറക്കക്കുറവും പോലുള്ള ബുദ്ധിമുട്ടുകളെ പറ്റി മിക്കവാറും മേലധികാരികളും അജ്ഞരാണ്. ജീവനക്കാര്‍ക്കും മേലധികാരികള്‍ക്കും ശില്പശാലകളും പരിശീലന പരിപാടികളും സംഘടിപ്പിച്ച് അവബോധം സൃഷ്ടിക്കേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജീവനക്കാര്‍ക്ക് മാനസികാരോഗ്യ കൗണ്‍സിലിംഗ് ലഭ്യമാക്കുന്ന എംപ്ലോയീസ് അസിസ്റ്റന്‍സ് പ്രോഗ്രാം പോലുള്ള പരിപാടികള്‍ കമ്പനികള്‍ നടത്തണമെന്ന് ഡോ. തരൂര്‍ പറഞ്ഞു.
ജീവനക്കാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് എന്തൊക്കെ നടപ്പാക്കാന്‍ കഴിയുമെന്ന് ചിന്തിക്കണമെന്ന് എച്ച് ആര്‍ മാനേജര്‍മാരോടും കമ്പനി ഉദ്യോഗസ്ഥരോടുമായി അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് ടെക്നോപാര്‍ക്കിലെ ടെക്കികള്‍ക്കായി വെല്‍ബീയിങ് ഹെല്‍പ്പ് ലൈന്‍ ഡോ. ശശി തരൂര്‍ ഉദ്ഘാടനം ചെയ്തു.
ജിടെക് സെക്രട്ടറിയും ടാറ്റാ എല്‍ക്സി സെന്‍റര്‍ ഹെഡുമായ ശ്രീകുമാര്‍, എല്‍മങ്ക് എംഡിയും സിഇഒ യുമായ ദിനകര്‍ കൃഷ്ണന്‍, എസ്ആര്‍കെഎം ആശുപത്രിയിലെ കണ്‍സള്‍ട്ടന്‍റ് സൈക്യാട്രിസ്റ്റ് ഡോ. അനന്തകൃഷ്ണന്‍, ഡബ്ലിയൂഐഐടി, ലൈഫ് കോച്ച് മെമ്പര്‍ അദിതി രാധാകൃഷ്ണന്‍, ഐസിടി അക്കാദമി ഓഫ് കേരള സിഇഒ മുരളീധരന്‍ മണ്ണിങ്ങല്‍, എച്ച് ആര്‍ ഇവോള്‍വിലെ ദീപാ നായര്‍, സിഒഎഫ്ജി-ജിടെക് കണ്‍വീനറും കെന്നഡീസ് ഐക്യു സിഇഒ യുമായ ടോണി ജോസഫ് എന്നിവര്‍ സംസാരിച്ചു.
Photo Gallery
