രത്തന്‍ ടാറ്റ; രാജ്യത്തിന്‍റെ സമഗ്രപുരോഗതിയ്ക്കായി സമര്‍പ്പിച്ച ജീവിതം- ഐബിഎസ് ചെയര്‍മാന്‍ വി കെ മാത്യൂസ്

Trivandrum / October 10, 2024

തിരുവനന്തപുരം: വിഖ്യാത വ്യവസായി രത്തന്‍ ടാറ്റയുടെ നിര്യാണം രാജ്യത്തിനാകെയും വ്യവസായലോകത്തിനും തീരാനഷ്ടമാണെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ വി കെ മാത്യൂസ്. രാജ്യത്തിന്‍റെ സാമൂഹിക-സാമ്പത്തിക പുരോഗതിയ്ക്കായി സമര്‍പ്പിതജീവിതം നയിച്ച വ്യക്തിയായിരുന്നു രത്തന്‍ ടാറ്റയെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഉണരുന്ന ഭാരതത്തിന്‍റെ ഊര്‍ജ്ജവും പ്രതീക്ഷയും വിജയവും സ്വാംശീകരിച്ച ക്രാന്തദര്‍ശിയായിരുന്നു അദ്ദേഹം.

ലാളിത്യവും സരസമായ സംഭാഷണവും ആര്‍ക്കും നേരിട്ട് സമീപിക്കാവുന്ന വ്യക്തിത്വവുമായിരുന്നു അദ്ദേഹത്തിന്‍റേത്. ഏത് സമ്മര്‍ദ്ദ സാഹചര്യങ്ങളിലും ചെറുതമാശയിലൂടെ അന്തരീക്ഷം തണുപ്പിക്കാന്‍ അദ്ദേഹത്തിനാകുമായിരുന്നുവെന്ന് കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക്കിന്‍റെ ചെയര്‍മാന്‍ കൂടിയായ വി കെ മാത്യൂസ് ഓര്‍മ്മിച്ചു.

ഒരിക്കല്‍ ന്യൂയോര്‍ക്കില്‍ വച്ച് രത്തന്‍ ടാറ്റയുമൊന്നിച്ച് അദ്ദേഹത്തിന്‍റെ സ്വന്തം ഹോട്ടലായ താജില്‍ പ്രഭാതഭക്ഷണം കഴിച്ച അനുഭവവും വി കെ മാത്യൂസ് പങ്ക് വച്ചു. താജ് ഹോട്ടലിലെ ഒരു ജീവനക്കാരനോടു പോലും താനാരെന്ന് അദ്ദേഹം അറിയിച്ചില്ല.  സ്വന്തം ഹോട്ടലില്‍ നിന്ന് കഴിച്ച ഭക്ഷണത്തിന്‍റെ പണം സ്വന്തം ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് നേരിട്ട് നല്‍കുന്ന ലോകത്തിലെ മുന്‍നിര വ്യവസായപ്രമുഖനായിരുന്നു അദ്ദേഹം.

പ്രാതലിനു ശേഷം വൈകീട്ട് കുടുംബത്തോടൊപ്പം യാദൃശ്ചികമായി അദ്ദേഹത്തെ മറ്റൊരു ഹോട്ടലില്‍ വച്ച് വീണ്ടും കണ്ടപ്പോള്‍, 'നിങ്ങള്‍ എന്നെയാണോ, അതോ ഞാന്‍ നിങ്ങളെയാണോ പിന്തുടരുന്നതെന്ന' തമാശരൂപേണയുള്ള സംഭാഷണവും വികെ മാത്യൂസ് സ്മരിച്ചു.

Photo Gallery