ടെക്നോപാര്‍ക്കില്‍ നാസ്കോം ഫയ:80 സെമിനാര്‍

സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് വിവേചനബുദ്ധി പ്രധാനമെന്ന് വിദഗ്ധന്‍
Trivandrum / October 5, 2024

തിരുവനന്തപുരം: സംരംഭകര്‍ക്ക് സംരംഭകത്വ മനോഭാവം കെട്ടിപ്പടുക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കും വിവേചനബുദ്ധി അത്യന്താപേക്ഷിതമാണെന്ന് കാലിഫോര്‍ണിയ സിംഗുലാരിറ്റി യൂണിവേഴ്സിറ്റിയിലെ സ്ട്രാറ്റജീസ് ആന്‍ഡ് ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് വൈസ് പ്രസിഡന്‍റ് നീല്‍ സോഗാര്‍ഡ് പറഞ്ഞു.

 ടെക്നോപാര്‍ക്കിലെ വിജ്ഞാന സമൂഹമായ നാസ്കോം ഫയ:80 യുടെ ആഭിമുഖ്യത്തില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് എങ്ങനെ വരുംകാല നിര്‍മ്മാതാക്കളാകാം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 സാങ്കേതിക വിദ്യയുടെ വളര്‍ച്ചയിലൂടെ അസാധാരണമായ മാറ്റങ്ങളും അപ്രതീക്ഷിത സാഹചര്യങ്ങളും സംരംഭകത്വ മേഖലയില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. വലിയ സാധ്യതകളുള്ള നിരവധി സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്താന്‍ നിലവിലെ ആഗോള വെല്ലുവിളികള്‍ കാരണമാകുന്നു. ഇന്നത്തെ സാങ്കേതികവിദ്യാ മേഖലയുടെ വികാസത്തെക്കുറിച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാസയുടെയും ഗൂഗിളിന്‍റെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന എക്സ്പൊണന്‍ഷ്യല്‍ ടെക്നോളജി വിദ്യാഭ്യാസ മേഖലയിലെ ഒരു മുന്‍നിര സ്ഥാപനമാണ് സിംഗുലാരിറ്റി യൂണിവേഴ്സിറ്റി.

 സംരംഭകര്‍, സാങ്കേതികവിദ്യാ വിദഗ്ധര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു. ഫയയുടെ പ്രതിമാസ ടെക്നോളജി സെമിനാറിന്‍റെ 120-ാം പതിപ്പാണിത്.

 വിവിധ വിഷയങ്ങളിലെ സെമിനാറുകള്‍, ചര്‍ച്ചകള്‍, ശില്പശാലകള്‍ എന്നിവയിലൂടെ ടെക്കികളുടെ അറിവ് വര്‍ദ്ധിപ്പിക്കാന്‍ പ്രതിമാസ പരിപാടി ലക്ഷ്യമിടുന്നു. 

Photo Gallery

+
Content