വയനാട്ടിലെ ടൂറിസം പ്രചാരണത്തിന് നേതൃത്വം നല്‍കി മന്ത്രി റിയാസ്
'എന്‍റെ കേരളം എന്നും സുന്ദരം' പ്രചാരണ വീഡിയോ മന്ത്രി പ്രകാശനം ചെയ്തു
Kalpetta / September 17, 2024
കല്‍പ്പറ്റ: ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ വയനാട് ടൂറിസത്തിനായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ കാമ്പയിന്‍. ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെത്തി പരിപാടികള്‍ സംഘടിപ്പിച്ചാണ് മന്ത്രി കാമ്പയിന് നേതൃത്വം നല്‍കിയത്.
ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള 'എന്‍റെ കേരളം എന്നും സുന്ദരം' പ്രചാരണ പരമ്പരയുടെ ഔദ്യോഗിക വീഡിയോ മാനന്തവാടിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി പുറത്തിറക്കി. കേരളത്തിനു പുറത്ത് 'ഇറ്റ്സ് കേരള സീസണ്‍' എന്നാണ് കാമ്പയിനിനു പേര്.
ഉരുള്‍പൊട്ടല്‍ ജില്ലയുടെ വളരെ ചെറിയൊരു പ്രദേശത്തെ മാത്രമാണ് ബാധിച്ചതെന്നും സഞ്ചാരികള്‍ക്ക് ആത്മവിശ്വാസത്തോടെ വയനാട്ടിലേക്ക് വരാമെന്നും മന്ത്രി പറഞ്ഞു. വയനാട് സുരക്ഷിതമാണെന്ന ഈ സന്ദേശമാണ് മുന്നോട്ടുവയ്ക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. വയനാട്ടില്‍ ഈ വര്‍ഷം ടൂറിസം വകുപ്പ് ട്രൈബല്‍ കള്‍ച്ചര്‍ ഫെസ്റ്റ് സംഘടിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം കുടുംബവുമൊത്ത് വയനാട്ടില്‍ താമസിക്കുകയും കാര്‍ലാട് തടാകം ഉള്‍പ്പെടെ ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്ത മന്ത്രി വിനോദസഞ്ചാരികള്‍ക്ക് ഏറെ സുരക്ഷിതമായ ഡെസ്റ്റിനേഷന്‍ ആണിതെന്ന സന്ദേശവും മുന്നോട്ടുവച്ചു.
പ്രചാരണ പരമ്പരയുടെ ഭാഗമായി വയനാട്ടിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ വീണ്ടെടുക്കുന്നതിനായി കൈകോര്‍ക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സുമായി മന്ത്രി സംവദിച്ചു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 30 ലധികം ഇന്‍ഫ്ളുവന്‍സേഴ്സ് ആണ് വയനാട് സന്ദര്‍ശിക്കുന്നത്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ എത്തുന്ന ഇന്‍ഫ്ളുവന്‍സേഴ്സ് മനോഹരമായ ഭൂപ്രകൃതിയും പ്രധാന ഡെസ്റ്റിനേഷനുകളും അടങ്ങുന്ന വീഡിയോ ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്യും. ഇന്നലെ ആരംഭിച്ച സന്ദര്‍ശനം ഇന്നും തുടരും.
ചൂരല്‍മലയിലെ ഉരുള്‍പൊട്ടലിനു ശേഷം സോഷ്യല്‍ മീഡിയയിലെ തെറ്റായ പ്രചാരണങ്ങള്‍ വയനാട്ടിലെ ടൂറിസം-ഹോസ്പിറ്റാലിറ്റി വ്യവസായത്തെ ബാധിക്കുകയും ഹോട്ടല്‍ ബുക്കിംഗ് ഉള്‍പ്പെടെ റദ്ദാക്കുന്നതിലേക്കും നയിച്ചിരുന്നു. ഇത് മറികടക്കുന്നതിനും വയനാട്ടിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ പഴയപടി ഊര്‍ജ്ജസ്വലമാക്കുന്നതിനും ആയിട്ടാണ് പ്രചാരണ കാമ്പയിന്‍ സംഘടിപ്പിച്ചിട്ടുള്ളത്.
Photo Gallery