ഗ്ലോബൽ ആയുര്‍വേദ ഉച്ചകോടി: കെഎസ്യുഎമ്മിൽ നിന്നുള്ള മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്തു

Kochi / September 18, 2024

കൊച്ചി: സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള മൂന്ന് ഹെൽത്ത്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗ്ലോബൽ  ആയുര്‍വേദ ഉച്ചകോടിയിൽ  ഉത്പന്ന അവതരണത്തിന് അവസരം ലഭിച്ചു. മൈ കെയര്‍, മില എഐ, റാഷ്-എയ്ഡ് എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് അങ്കമാലിയിൽ  നടന്ന ഉച്ചകോടിയിൽ  പങ്കെടുത്തത്.

ആയുര്‍വേദ മേഖലയെ ആധുനിക കാഴ്ചപ്പാടോടെ ലോകത്തിനു മുമ്പിൽ  അവതരിപ്പിക്കുന്നതിനുള്ള പ്രധാന ഉച്ചകോടിയാണ് ഗ്ലോബൽ  ആയുര്‍വേദ സമ്മിറ്റ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച ഉച്ചകോടിയിൽ  ആയുര്‍വേദം, ആരോഗ്യമേഖല, ഔഷധച്ചെടികള്‍, ടൂറിസം തുടങ്ങിയവ ചര്‍ച്ച ചെയ്തു.

ആയുര്‍വേദത്തിന് ആഗോള പ്ലാറ്റ്ഫോം ലഭ്യമാക്കാനാണ് ഉച്ചകോടി ലക്ഷ്യമിട്ടത്. ആയുര്‍വേദത്തിലെ പരമ്പരാഗത രീതികള്‍ മുതൽ  ആധുനിക കണ്ടുപിടുത്തങ്ങള്‍ വരെയുള്ള വിവിധ വിഷയങ്ങള്‍ ഉച്ചകോടിയിൽ ചര്‍ച്ച ചെയ്തു. അന്തര്‍ദേശീയ നേതാക്കളുമായി സംവദിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് അവസരമൊരുക്കി.

ആയുര്‍വേദ ചികിത്സയിലും രോഗീപരിചരണത്തിലും നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകളാണ് മൈ കെയര്‍ ഹെ ത്ത് ഉപയോഗിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ  കൂടുതൽ  പേര്‍ക്ക് ചികിത്സാസേവനം നൽകുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതും ഇവരുടെ പ്രത്യേകതയാണ്.

ആയുര്‍വേദ ഉത്പന്നങ്ങള്‍ക്കുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് മില എഐ. ആയുര്‍വേദ ഉത്പന്നങ്ങള്‍ കൂടുതൽ  ജനങ്ങളിലേക്കെത്തിക്കുന്നതിനും വിതരണം സുഗമമാക്കുന്നതിനുമുള്ള സേവനമാണ് ഇവര്‍ നൽകുന്നത്.

നനഞ്ഞ തുണി കൊണ്ടുണ്ടാകുന്ന ചൊറിച്ചിൽ മാറ്റുന്നതിനു വേണ്ടിയുള്ള നൂതന പരിഹാരമാര്‍ഗമാണ് റാഷ്-എയിഡിന്‍റെ ഉത്പന്നം. ആയുര്‍വേദ ചികിത്സയിൽ  ഏറെ പ്രയോജനം ചെയ്യുന്ന ഈ ഉത്പന്നം ഈ മേഖലയിലെ ഒരു പൊതു പ്രശ്നത്തിന്‍റെ സുപ്രധാന പരിഹാരമാണ്.
 

Photo Gallery