സഹകരണ മാര്‍ഗനിര്‍ദേശങ്ങളില്‍ ഫെഡറേഷനുകളെയും മേഖലകളെയും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രത്തോട് മില്‍മ എറണാകുളം യൂണിയന്‍
Kochi / September 19, 2024
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ 100 ദിന സംരംഭങ്ങളുടെ ഭാഗമായുള്ള 'സഹകാര്‍ സെ സമൃദ്ധി' പദ്ധതി മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ സംസ്ഥാന ക്ഷീര സഹകരണ ഫെഡറേഷനുകളെയും പ്രധാന മേഖല യൂണിയനുകളെയും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് മില്‍മ എറണാകുളം മേഖല യൂണിയന്‍ (ഇആര്‍സിഎംപിയു). സഹകരണ മേഖലയെ ശക്തിപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സംരംഭങ്ങളെയും യൂണിയന്‍ അഭിനന്ദിച്ചു.
രണ്ട് ലക്ഷം പുതിയ എംപിഎസിഎസ് (മള്‍ട്ടിപര്‍പ്പസ് പ്രൈമറി അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവുകള്‍), പ്രാഥമിക ക്ഷീര/മത്സ്യ സഹകരണ സംഘങ്ങള്‍ എന്നിവ രൂപീകരിക്കുന്നതിനുള്ള മാര്‍ഗദര്‍ശിക രൂപീകരിക്കുന്നതോടെ ഈ സംരംഭം ഗ്രാമീണ മേഖലയിലെ വ്യവസായത്തെ പ്രചോദിപ്പിക്കുകയും കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുകയും ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി അമിത് ഷായ്ക്ക് അയച്ച മെമ്മോറാണ്ടത്തില്‍ ഇആര്‍സിഎംപിയു ചൂണ്ടിക്കാട്ടി. ഫെഡറേഷനുകളുടെയും മേഖല യൂണിയനുകളുടെയും ശക്തമായ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന സഹകരണ സമീപനം വിജയമാകുമെന്ന് മെമ്മോറാണ്ടത്തില്‍ പറയുന്നു. കര്‍ഷകരുമായുള്ള മികച്ച ഏകോപനവും ഇടപെടലും ഇതിലൂടെ സാധ്യമാകും. സഹകരണ മന്ത്രാലയത്തിന്റെ 100 ദിന സംരംഭ പരിപാടി സഹകരണ മേഖലയെ ശാക്തീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ്.
ധവള വിപ്ലവം 2.0 ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങള്‍ വികസിപ്പിക്കുന്നതില്‍ സംസ്ഥാന ഫെഡറേഷനുകളെയും പ്രധാന പ്രാദേശിക യൂണിയനുകളെയും ഉള്‍പ്പെടുത്തണമെന്നും മെമ്മോറാണ്ടം അഭ്യര്‍ത്ഥിച്ചു.
പ്രാദേശിക യൂണിയനുകളെ ഉള്‍പ്പെടുത്തുന്നതിലൂടെ ചെറുകിട ക്ഷീരകര്‍ഷകര്‍ക്ക് പിന്തുണ നല്‍കി ഈ പരിപാടിയുടെ വ്യാപനവും സ്വാധീനവും രാജ്യത്തിന്റെ വിദൂര കോണുകളിലേക്കും വ്യാപിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിയുമെന്ന് ഇആര്‍സിഎംപിയു ചെയര്‍മാന്‍ എം.ടി. ജയന്‍ പറഞ്ഞു. ഈ നടപടി ക്ഷീരകര്‍ഷകര്‍ക്ക് സുസ്ഥിരമായ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും വഴിയൊരുക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, സംസ്ഥാന ഫെഡറേഷനുകള്‍, പ്രാദേശിക യൂണിയനുകള്‍ എന്നിവ തമ്മിലുള്ള ശക്തമായ സഹകരണത്തോടെ ഇന്ത്യയിലെ ക്ഷീരകര്‍ഷകരുടെ ശോഭനമായ ഭാവിക്കായി കൂട്ടായി പ്രവര്‍ത്തിക്കാനാകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സംരംഭങ്ങള്‍ക്ക് സംഭാവന നല്‍കാനും പിന്തുണയ്ക്കാനുമുള്ള ഇആര്‍സിഎംപിയുടെ സന്നദ്ധതയും ചെയര്‍മാന്‍ പ്രകടിപ്പിച്ചു.