ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബര്‍ 15
Trivandrum / September 19, 2024

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍ സേവനം ലഭ്യമാക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) താല്പര്യപത്രം ക്ഷണിക്കുന്നു. കോമണ്‍സ് ഹബ് പ്രോഗ്രാമിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.  

വിവിധ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രൊഫഷണല്‍ സേവനങ്ങള്‍ നല്‍കുന്നതിനായി ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി/കമ്പനി സെക്രട്ടറി (സിഎ/സിഎസ്) സ്ഥാപനങ്ങള്‍, നിയമ സ്ഥാപനങ്ങള്‍, പേറ്റന്‍റ് സപ്പോര്‍ട്ട് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് താല്പര്യപത്രം സമര്‍പ്പിക്കാം. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് വര്‍ധിപ്പിച്ച് സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കമ്പനി രജിസ്ട്രേഷന്‍, ആര്‍ഒസി ഫയലിംഗ്, മറ്റ് രജിസ്ട്രേഷനുകള്‍, ഡോക്യുമെന്‍റേഷന്‍/എഗ്രിമെന്‍റ് സേവനങ്ങള്‍, വിദഗ്ധോപദേശം, എച്ച്ആര്‍ റിക്രൂട്ട്മെന്‍റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഈ സംരംഭത്തിലൂടെ കുറഞ്ഞ ചെലവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാകും. ബിസിനസുമായി ബന്ധപ്പെട്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നടപടിക്രമങ്ങളുടെ സമയവും ലാഭിക്കാനാകും.

ഈ രംഗത്ത് പ്രവര്‍ത്തിച്ചുള്ള മുന്‍പരിചയം, വൈദഗ്ധ്യം, സ്ഥാപനങ്ങളുടെ പ്രശസ്തി എന്നിവ അടിസ്ഥാനമാക്കിയായിരിക്കും കമ്പനികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങളെ ഒരു വര്‍ഷത്തെ കരാര്‍ കാലയളവിലേക്ക് നിയമിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന കെഎസ് യുഎം കോ-വര്‍ക്കിംഗ് സെന്‍ററുകളുമായി ബന്ധപ്പെട്ടായിരിക്കും ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക.

രജിസ്ട്രേഷനായി സന്ദര്‍ശിക്കുക: https://startupmission.kerala.gov.in/pages/startup-commons

രജിസ്ട്രേഷനുള്ള അവസാന തീയതി: ഒക്ടോബര്‍ 15.

Photo Gallery