സൂപ്പര്‍ലീഗ് കേരള രാജ്യത്തിനാകെ മാതൃക- കാലിക്കറ്റ് എഫ്സി കോച്ച് ഇയാന്‍ ഗിലിയന്‍

Calicut / September 9, 2024

കോഴിക്കോട്: ഫുട്ബോളില്‍ ദീര്‍ഘവീക്ഷണമുള്ള രാജ്യമെന്ന നിലയില്‍ സൂപ്പര്‍ ലീഗ് കേരള പോലുള്ള മത്സരങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് കാലിക്കറ്റ് എഫ് സിയുടെ കോച്ച് ഇയാന്‍ ആന്‍ഡ്രൂ ഗിലിയന്‍. എസ്എല്‍കെയിലെ കാലിക്കറ്റ് എഫ് സിയുടെ ഉദ്ഘാടനമത്സരത്തിന് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര നിലവാരത്തിലാണ് സൂപ്പര്‍ ലീഗ് കേരള മത്സരങ്ങള്‍ നടക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ തന്നെ കാണികളുടെ ആവേശവും കളിക്കാരുടെ പോസറ്റീവ് മനോഭാവവും ദൃശ്യമായി.

എസ്എല്‍കെ ഫുട്ബോളിനാകെ മുതല്‍ക്കൂട്ടാണ്. പ്രാഥമികതലം മുതല്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ അനുഭവപരിചയം കളിക്കാര്‍ക്ക് ലഭിക്കണം. അതിനു സഹായിക്കുന്ന മികച്ച മാതൃകയാണിത്. നല്ല സാങ്കേതിക തികവുള്ള കുട്ടികളാണ് ഇവിടെയുള്ളത്. അവര്‍ക്ക് അന്താരാഷ്ട്രനിലവാരത്തിലുളള ഫുട്ബോള്‍ കളിക്കാനുള്ള അവസരം ലഭിക്കുന്നു. കളിയോടൊപ്പം തന്നെ പ്രധാനമാണ് പരുക്കില്‍ നിന്നൊഴിവാകാനുള്ള പരിചയവും.

പരിശീലനത്തിന് മഴ പ്രതിസന്ധിയാണ്. പക്ഷെ അത് മറികടന്ന് മുന്നോട്ടു പോകുന്നു. കേരളത്തിന്‍റെ ഫുട്ബോള്‍ ആവേശം ലോകപ്രശസ്തമാണ്. അതിനെ ആവേശത്തോടെയാണ് കാണുന്നത്. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്തുയരാനാകുമെന്നാണ് പ്രതീക്ഷ.

ടീമംഗങ്ങളെല്ലാം നല്ലരീതിയില്‍ കഠിനാധ്വാനം നടത്തുന്നുണ്ടെന്ന് ക്യാപ്റ്റന്‍ ജിജോ ജോസഫ് ടുട്ടു പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന്(സെപ്തംബര്‍ പത്ത്) വൈകീട്ട് ഏഴ് മണിക്ക് കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന് സ്റ്റേഡിയത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനെതിരെയാണ് കാലിക്കറ്റ് എഫ് സിയുടെ ആദ്യമത്സരം.

Photo Gallery

+
Content
+
Content