ബേസില്‍ ജോസഫ് കാലിക്കറ്റ് എഫ് സി ബ്രാന്‍ഡ് അംബാസിഡര്‍

Calicut / September 9, 2024

കോഴിക്കോട്: സുപ്രസിദ്ധ സംവിധായകനും ചലച്ചിത്രതാരവുമായ ബേസില്‍ ജോസഫ് സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ മാമാങ്കത്തില്‍ കാലിക്കറ്റ് എഫ്സിയുടെ ബ്രാന്‍ഡ് അംബാസിഡറായി.  ഇന്ന് (സെപ്റ്റംബര്‍ പത്ത്) കാലിക്കറ്റ് എഫ്സിയുടെ ആദ്യ മത്സരം കാണാനും ടീമിനെയും ആരാധകരെയും പ്രോത്സാഹിപ്പിക്കാനും ബേസില്‍ ജോസഫും കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെത്തും.

തിരുവനന്തപുരം കൊമ്പന്‍സുമായാണ് കാലിക്കറ്റ് എഫ് സിയുടെ ആദ്യമത്സരം. ആദ്യ മാച്ചിന്‍റെ ടിക്കറ്റ് വില്‍പനയില്‍ നിന്നും നടക്കുന്ന നറുക്കെടുപ്പിന്‍റെ സമ്മാനദാനവും മത്സരവേദിയില്‍ വച്ച് ബേസില്‍ നിര്‍വഹിക്കും.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി മലയാള ചലച്ചിത്രരംഗത്ത് സജീവമായ ബേസില്‍ ജോസഫ്, കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനാകുന്നത്. സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളും സൂപ്പര്‍ഹിറ്റാക്കിയ അദ്ദേഹം പിന്നീട് എണ്ണം പറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ തിരക്കുള്ള നടനായി മാറുകയായിരുന്നു.

യുവത്വത്തിന്‍റെ പള്‍സ് അറിയുന്ന ബേസില്‍ ജോസഫിനെപ്പോലുള്ള താരത്തിന്‍റെ സാന്നിദ്ധ്യം കാലിക്കറ്റ് എഫ് സിയ്ക്ക് വലിയ മുതല്‍ക്കൂട്ടാണെന്ന് ഫ്രാഞ്ചൈസി ഉടമയും ഐബിഎസ് ഗ്രൂപ്പിന്‍റെ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസ് പറഞ്ഞു.

മത്സരത്തിനുള്ള ടിക്കറ്റ് പേടിഎം ഇന്‍സൈഡര്‍ ആപ്പ് വഴി ബുക്ക് ചെയ്യാം. വൈകുന്നേരം ഏഴ് മണി മുതല്‍ ആണ് മത്സരം തുടങ്ങുന്നത്. കാലിക്കറ്റ് എഫ് സി യ്ക്ക് അഞ്ച് ഹോം മാച്ചുകളാണ് ഉള്ളത്.

അന്താരാഷ്ട്ര പ്രശസ്തനായ ഇയാന്‍ ആന്‍ഡ്രൂ ഗിലിയനാണ് കാലിക്കറ്റ് എഫ് സി യുടെ കോച്ച്. സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിന്‍റെ  കോച്ചായി തിരഞ്ഞെടുത്ത ബിബി തോമസ് മുട്ടത്താണ് കാലിക്കറ്റ് എഫ്സിയുടെ അസിസ്റ്റന്‍റ് കോച്ച്.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, മഞ്ചേരി എന്നിവിടങ്ങളിലായാണ് രണ്ടുമാസം നീണ്ടുനില്‍ക്കുന്ന ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുന്നത്. കോഴിക്കോട്ടെ ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് ഏറ്റവുമധികം മത്സരങ്ങള്‍ നടക്കുന്നത്.  നവംബര്‍ അഞ്ചിന് നടക്കുന്ന ആദ്യ സെമി ഫൈനല്‍ ഉള്‍പ്പെടെ ആകെയുള്ള 33 മത്സരങ്ങളില്‍ 11  എണ്ണത്തിന് കോഴിക്കോട് സാക്ഷ്യം വഹിക്കും. നവംബര്‍ 10ന് കൊച്ചിയിലാണ് ഫൈനല്‍.  സ്റ്റാര്‍ പ്ലസിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും തത്സമയ സംപ്രേഷണം ഉണ്ടാകും.

കാലിക്കറ്റ് എഫ്സി  X   തിരുവനന്തപുരം കൊമ്പന്‍സ്(സെപ്തംബര്‍ 10)
കാലിക്കറ്റ് എഫ്സി  X  കൊച്ചി ഫോര്‍ക എഫ്സി (സെപ്തംബര്‍ 18)
കാലിക്കറ്റ് എഫ്സി  X  തൃശൂര്‍ മാജിക്ക് എഫ്സി (സെപ്തംബര്‍ 24)
കാലിക്കറ്റ് എഫ്സി  X  കണ്ണൂര്‍ വാരിയേഴ്സ് എഫ്സി(സെപ്തംബര്‍ 28)
കാലിക്കറ്റ് എഫ്സി  X  മലപ്പുറം എഫ്സി(ഒക്ടോബര്‍ 12)

Photo Gallery