സൂപ്പര്‍ ലീഗ് കേരള: കാലിക്കറ്റ് എഫ്സിയുടെ ആദ്യമത്സരത്തിന്‍റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

Calicut / September 6, 2024

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ മാമാങ്കത്തിലെ കാലിക്കറ്റ് എഫ്സിയുടെ ആദ്യ മാച്ചിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. സെപ്റ്റംബര്‍ പത്താം തീയതി തിരുവനന്തപുരം കൊമ്പന്‍സുമായാണ് കാലിക്കറ്റ് എഫ്സിയുടെ ആദ്യ മത്സരം. പേടിഎം ഇന്‍സൈഡര്‍ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

 നവീകരിച്ച കോഴിക്കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം 7 മണി മുതല്‍ ആണ് മത്സരം തുടങ്ങുന്നത്. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

 കാലിക്കറ്റ് എഫ് സി യ്ക്ക് 5 ഹോം മാച്ചുകളാണ് ഉള്ളത്.
കാലിക്കറ്റ് എഫ്സി X തിരുവനന്തപുരം കൊമ്പന്‍സ്(സെപ്തംബര്‍ 10)
കാലിക്കറ്റ് എഫ്സി X കൊച്ചി ഫോര്‍ക എഫ്സി (സെപ്തംബര്‍ 18)
കാലിക്കറ്റ് എഫ്സി X തൃശൂര്‍ മാജിക്ക് എഫ്സി (സെപ്തംബര്‍ 24)
കാലിക്കറ്റ് എഫ്സി X കണ്ണൂര്‍ വാരിയേഴ്സ് എഫ്സി(സെപ്തംബര്‍ 28)
കാലിക്കറ്റ് എഫ്സി X മലപ്പുറം എഫ്സി(ഒക്ടോബര്‍ 12)

 സെപ്റ്റംബര്‍ ഒന്നാം തീയതി കോഴിക്കോട് ബീച്ചില്‍ ഇരുപത്തയ്യായിരത്തോളം വരുന്ന ആരാധക വൃന്ദത്തെ സാക്ഷിയാക്കി കാലിക്കറ്റ് എഫ്സിയുടെ 25 അംഗ ടീമിന്‍റെ പ്രഖ്യാപനം നടത്തിയിരുന്നു.  അന്താരാഷ്ട്ര പ്രശസ്തനായ ഇയാന്‍ ആന്‍ഡ്രൂ ഗിലിയനാണ് കാലിക്കറ്റ് എഫ് സി യുടെ കോച്ച്. സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിന്‍റെ  കോച്ചായി തിരഞ്ഞെടുത്ത ബിബി തോമസ് മുട്ടത്താണ് കാലിക്കറ്റ് എഫ്സിയുടെ അസിസ്റ്റന്‍റ് കോച്ച്.

ആഗോള സോഫ്റ്റ് വെയര്‍ വ്യവസായത്തിലെ പ്രമുഖ കമ്പനിയായ ഐബിഎസ് ഗ്രൂപ്പാണ് കാലിക്കറ്റ് എഫ്സിയുടെ പ്രൊമോട്ടര്‍. ഐബിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ വി കെ മാത്യൂസ് ആണ് ടീം ഉടമ. ഒരു വ്യക്തിയുടെ മാത്രം ഉടമസ്ഥതയിലുള്ള ഏക എസ് എല്‍ കെ ടീമാണ് കാലിക്കറ്റ് എഫ് സി.

സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന മത്സരം ഇന്ന് (07.09.2024) കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും. കൊച്ചി കോഴിക്കോട് തിരുവനന്തപുരം മഞ്ചേരി എന്നിവിടങ്ങളിലായാണ് രണ്ടുമാസം നീണ്ടുനില്‍ക്കുന്ന ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുന്നത്.

കോഴിക്കോട്ടെ ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് ഏറ്റവുമധികം മത്സരങ്ങള്‍ നടക്കുന്നത്.  നവംബര്‍ അഞ്ചിന് നടക്കുന്ന ആദ്യ സെമി ഫൈനല്‍ ഉള്‍പ്പെടെ ആകെയുള്ള 33 മത്സരങ്ങളില്‍ 11  എണ്ണത്തിന് കോഴിക്കോട് സാക്ഷ്യം വഹിക്കും. നവംബര്‍ 10ന് കൊച്ചിയിലാണ് ഫൈനല്‍.  സ്റ്റാര്‍ പ്ലസിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും തത്സമയ സംപ്രേഷണം ഉണ്ടാകും.

 

 

Photo Gallery