കെഎസ്യുഎം ഐഡിയ ഫെസ്റ്റ് ജേതാക്കളെ മന്ത്രി ബിന്ദു ആദരിക്കും

കെഎസ്യുഎം ഐഡിയ ഫെസ്റ്റ് ജേതാക്കളെ മന്ത്രി ബിന്ദു ആദരിക്കും
Trivandrum / June 18, 2022

തിരുവനന്തപുരം: ക്യാംപസുകളിലെ നൂതനാശയമുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം) സംഘടിപ്പിച്ച  ഐഡിയ ഫെസ്റ്റ് 2021 ലെ ജേതാക്കളെ ആദരിക്കുന്നു. കെഎസ്യുഎമ്മിന്‍റെ ഇന്നൊവേഷന്‍ ആന്‍ഡ് എന്‍റര്‍പ്രൊണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍  (ഐഇഡിസി) പദ്ധതിയുടെ ഭാഗമായാണ്  ഐഡിയ ഫെസ്റ്റ് നടത്തിത്.

ടെക്നോപാര്‍ക്ക് ക്യാംപസിലെ ട്രാവന്‍കൂര്‍ ഹാളില്‍ ജൂണ്‍ 20 തിങ്കളാഴ്ച 3.30 ന് നടക്കുന്ന പരിപാടിയില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു മുഖ്യാതിഥിയായിരിക്കും. 681 ആശയങ്ങള്‍ ലഭിച്ചതില്‍ നിന്നും വിദഗ്ധ സമിതി തെരഞ്ഞെടുത്ത 68 ആശയങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ഗ്രാന്‍റ് ലഭിക്കും. ഇന്നൊവേറ്റേഴ്സ്  പ്രിമിയര്‍ ലീഗ്, ഐഡിയ ഡേ എന്നിവക്കുള്ള അപേക്ഷകളാണ് ഗ്രാന്‍റിനായി പരിഗണിച്ചത്.

സംസ്ഥാനത്താകമാനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും അക്കാദമിക സമൂഹത്തിലും നൂതനത്വവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഐഇഡിസിയിലൂടെ കെഎസ്യുഎം ഊന്നല്‍ നല്‍കുന്നത്. സംരംഭകത്വ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതിക സംരംഭകരെ വാര്‍ത്തെടുക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സജ്ജമാക്കുന്നതിനുമായി ഐഇഡിസി എന്നറിയപ്പെടുന്ന 341 മിനി ഇന്‍കുബേറ്ററുകളുടെ ശൃംഖല കെഎസ്യുഎമ്മിനു കീഴില്‍ ക്യാപസുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഏപ്രില്‍ 1, 2019 മുതല്‍ മാര്‍ച്ച് 31, 2021 വരെയുള്ള പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി ഐഇഡിസികള്‍ക്ക് അംഗീകാരം  നല്‍കിയിരുന്നു. എട്ട് കോളേജുകള്‍ക്ക്  അംഗീകാരം ലഭിച്ചു. അംഗീകാരം ലഭിച്ച ഐഇഡിസികളും ഐഡിയ ഫെസ്റ്റില്‍ പങ്കെടുത്തിരുന്നു.

പ്രായോഗിക പ്രതിവിധികളായി മാറ്റാവുന്ന ആശയങ്ങളും കോളേജ് പ്രോജക്ടുകളും വിദഗ്ധ സമിതിക്കു മുന്‍പില്‍ അവതരിപ്പിക്കാന്‍ ഐഡിയ ഫെസ്റ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കാറുണ്ട്. ചുരുക്കപ്പട്ടികയില്‍ ഇടം നേടുന്ന ടീമിന് ആശയങ്ങളുടെ വളര്‍ച്ചാഘട്ടങ്ങളും നൂതനത്വ മൂല്യവും അടിസ്ഥാനമാക്കിയാണ് ഗ്രാന്‍റ് ലഭ്യമാക്കുന്നത്.

അക്കാദമിക സ്ഥാപനങ്ങളില്‍ നൂതനത്വ സംസ്കാരം പരിപോഷിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഐഇഡിസി വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭകത്വത്തിലേക്കുള്ള യാത്രയില്‍ പ്രഥമ ലോഞ്ച് പാഡായാണ് ക്യാംപസുകളില്‍ പ്രവര്‍ത്തിക്കുന്നത്. ലോകോത്തര സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തി വിദഗ്ധരുടെ  മാര്‍ഗനിര്‍ദേശവും  ലഭ്യമാക്കി  അറിവുനേടുന്നതിനും നൂതനത്വത്തിനുമുള്ള ഹബ്ബാകാനാണ് ഇത്തരം കേന്ദ്രങ്ങളിലൂടെ കെഎസ്യുഎം ലക്ഷ്യമിടുന്നത്. വിദ്യാര്‍ത്ഥികള്‍ക്കായി നൈപുണ്യ വികസന പരിശീലന പരിപാടികള്‍ സംഘടിപ്പിച്ച്  അക്കാദമിക് സമൂഹവും അനുബന്ധ മേഖലയുമായുള്ള വിടവ് നികത്തുന്നതിന് മുതല്‍ക്കൂട്ടാകും. നൂതനത്വത്തിനും സാങ്കേതികവിദ്യയ്ക്കും സംരംഭകത്വത്തിനും പ്രാമുഖ്യം നല്‍കി വളര്‍ച്ചയ്ക്കുള്ള ചാലകമാകുകയാണ് ഐഇഡിസികള്‍.
 

Photo Gallery