സൂപ്പര്‍ ലീഗ് കേരള: കാലിക്കറ്റ് എഫ്.സി മെഗാ ടീം ലോഞ്ച് സെപ്തംബര്‍ ഒന്നിന്

Calicut / August 30, 2024


കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയിലെ കോഴിക്കോടിന്‍റെ ഫുട്ബോള്‍ ടീമായ കാലിക്കറ്റ് എഫ്സിയുടെ 25 അംഗ ടീമിന്‍റ പ്രഖ്യാപിക്കുന്ന മെഗാ ടീം ലോഞ്ച് സെപ്തംബര്‍ ഒന്നിന് കോഴിക്കോട് നടക്കും. ആറ് വിദേശ താരങ്ങള്‍, ഒമ്പത് ദേശീയ താരങ്ങള്‍ എന്നിവര്‍ക്കൊപ്പം കേരളത്തില്‍  നിന്നുള്ള കളിക്കാരും കാലിക്കറ്റ് എഫ്സി ടീമിലുണ്ടാകും. രാജ്യാന്തര തലത്തില്‍ പ്രശസ്തനായ ഇയാന്‍ ഗിലിയനാണ് കാലിക്കറ്റ് എഫ്സിയുടെ മുഖ്യ പരിശീലകന്‍. ബിബി തോമസ് മുട്ടത്താണ് അസി. കോച്ച്. 2024-25 ലേക്കുള്ള സന്തോഷ്ട്രോഫി മത്സരങ്ങള്‍ക്കുള്ള കേരള ടീമിന്‍റെ പരിശീലകനായി ബിബി തോമസിനെ കേരള ഫുട്ബോള്‍ അസോസിയേഷന്‍ ടെക്നിക്കല്‍ കമ്മിറ്റി തെരഞ്ഞെടുത്തിരുന്നു.

ആഗസ്റ്റ് പത്തിന് കാലിക്കറ്റ് എഫ്സി ജേഴ്സികള്‍ പ്രകാശനം ചെയ്തു. ഹോം മത്സരങ്ങള്‍ക്ക് ടീല്‍, നീല, എവേ മത്സരങ്ങള്‍ക്ക് മഞ്ഞ, പരിശീലനത്തിന് പിങ്ക്, ലാവെന്‍ഡര്‍ എന്നിങ്ങനെയാണ് ജേഴ്സിയുടെ നിറങ്ങള്‍. കോച്ച് ഇയാന്‍ ഗിലിയന്‍, അസി. കോച്ച് ബിബി തോമസ് മുട്ടത്ത്, ടീം ഫ്രാഞ്ചൈസി സെക്രട്ടറി ബിനോ ജോസ് ഈപ്പന്‍, അഞ്ച് ടീമംഗങ്ങള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വന്‍ ആരാധകവൃന്ദത്തിനു മുന്നിലാണ് ജേഴ്സികള്‍ അവതരിപ്പിച്ചത്. ആഗസ്റ്റ് ആദ്യവാരം മുതല്‍ മുക്കത്തെ എംഎഎംഒ സ്റ്റേഡിയത്തില്‍ ടീമിന്‍റെ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.
ടീമംഗങ്ങളുടെ പ്രഖ്യാപനവും പരിചയപ്പെടുത്തലും സെപ്തംബര്‍ ഒന്നിന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് ബീച്ചില്‍ നടക്കും. സംഗീതബാന്‍ഡുകള്‍, പ്രദര്‍ശനമത്സരം, ആഘോഷപരിപാടികള്‍ എന്നിവ കൊണ്ട് സമ്പന്നമാകുന്ന നാല് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചടങ്ങാണ് സംഘടിപ്പിച്ചിട്ടുള്ളത്.

എല്ലാ ഫുട്ബോള്‍ ആരാധകരെയും കോഴിക്കോട് ബീച്ചിലെ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ടീം ഫ്രാഞ്ചൈസി ഉടമ വി കെ മാത്യൂസ് പറഞ്ഞു. മികച്ച ടീമും സപ്പോര്‍ട്ട് സ്റ്റാഫുമാണ് കാലിക്കറ്റ് എഫ്സിയ്ക്കുള്ളത്. കേരളത്തിലെ ഫുട്ബോള്‍ പ്രതിഭകള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനവും മത്സരപരിചയവും നല്‍കി പ്രൊഫഷണല്‍ കളിക്കാരായി വളര്‍ത്തിക്കൊണ്ടു വരാനാണ് കാലിക്കറ്റ് എഫ്സി ലക്ഷ്യമിടുന്നത്. ഫുട്ബോളിന് പറ്റിയ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിലൂടെ യുവജനതയെ പ്രചോദിപ്പിക്കാനും അതിലൂടെ കായികരംഗത്ത് സംസ്ഥാനത്തിന് ശോഭനമായ ഭാവിയുണ്ടാക്കാനും സാധിക്കും. രാജ്യമെമ്പാടുമുള്ള ഫുട്ബോള്‍ കളിക്കാര്‍ക്കായി കോഴിക്കോട് രാജ്യാന്തരനിലവാരത്തിലുള്ള സൗകര്യങ്ങളടങ്ങിയ സമഗ്ര സംവിധാനം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കാലിക്കറ്റ് എഫ്സി ആരംഭിക്കും. ആരാധനാപാത്രങ്ങളായ ഫുട്ബോള്‍ താരങ്ങളെ തൊട്ടടുത്ത് കാണാനുള്ള അവസരമാണ് ഒന്നാം തിയതിയിലെ പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.

5000 ജീവനക്കാരുള്ള മുന്‍നിര ആഗോള ഏവിയേഷന്‍ സോഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കളായ ഐബിഎസ് സോഫ്റ്റ്വെയറിന്‍റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമാണ് വി.കെ മാത്യൂസ്.

സെപ്റ്റംബര്‍ ഏഴിന് കൊച്ചി ജവഹര്‍ലാ  നെഹ്റു സ്റ്റേഡിയത്തില്‍  നടക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമെന്‍റ് ആരംഭിക്കുക. കൊച്ചി, കോഴിക്കോട്, മഞ്ചേരി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.  കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയമാണ് കാലിക്കറ്റ് എഫ്സിയുടെ ഹോം ഗ്രൗണ്ട്.  ഏറ്റവുമധികം മത്സരങ്ങള്‍ ഇവിടെയാണ് നടക്കുന്നത്. നവംബര്‍ അഞ്ചിന് ആദ്യ സെമിഫൈനല്‍ ഉള്‍പ്പെടെ ആകെയുള്ള 33 കളികളില്‍ 11 എണ്ണം ഇവിടെ നടക്കും. നവംബര്‍ പത്തിന് കൊച്ചിയിലാണ് ഫൈനല്‍. തത്സമയ കാണികളായ ഫുട്ബോള്‍ ആരാധകര്‍ക്കും ടിവി പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വാദ്യകരമാക്കുന്നതിനായി വൈകീട്ട് ഏഴരയ്ക്കാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുന്നത്. ടൂര്‍ണമെന്‍റ് ചാമ്പ്യന്‍മാര്‍ക്ക് ഒന്നരക്കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്.
 

Photo Gallery