വടക്കഞ്ചേരിയിലെ ശിവരാമ പാര്‍ക്ക് നവീകരണം- 99,50,000 രൂപയുടെ പദ്ധതിയ്ക്ക് ഭരണാനുമതി

Palakkad / August 27, 2024

പാലക്കാട്: വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ ശിവരാമ പാര്‍ക്ക് നവീകരണത്തിനായി 99,50,000 രൂപയുടെ പദ്ധതിയ്ക്ക് സംസ്ഥാന ടൂറിസം വകുപ്പ് ഭരണാനുമതി നല്‍കി. 19 ഇനങ്ങളില്‍ സമഗ്രമായ നവീകരണപരിപാടിയാണ് ഇതു വഴി നടപ്പാക്കാന്‍ പോകുന്നത്.

വടക്കഞ്ചേരിയുടെ സാംസ്ക്കാരികവും ടൂറിസം സംബന്ധിയുമായ പൂര്‍ണശേഷി ഉപയോഗപ്പെടുത്തുന്നതിനു വേണ്ടിയാണ് സുപ്രധാന നവീകരണ പ്രവര്‍ത്തനം നടത്തുന്നതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിലവിലെ പാര്‍ക്കിലുള്ള അപര്യാപ്തത പൂര്‍ണമായും പരിഹരിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.

ചുറ്റുമതില്‍, ചുവര്‍ച്ചിത്രങ്ങള്‍, മാളിക, ശുചിമുറികള്‍, സുരക്ഷാ ക്യാമറകള്‍, കലാ പ്രതിഷ്ഠാപനങ്ങള്‍, വെളിച്ചസംവിധാനങ്ങള്‍, ലാന്‍ഡ് സ്കേപ്പിംഗ് തുടങ്ങി 19 വിഭാഗങ്ങളിലാണ് നവീകരണം നടത്തുന്നത്. ജല-വൈദ്യുത സംവിധാനങ്ങള്‍ പൂര്‍ണമായും നവീകരിക്കും.

അനുവദിച്ച തുകയുടെ പകുതി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും 25 ശതമാനം വീതം ടൂറിസം വകുപ്പും ഗ്രാമപഞ്ചായത്തുമാണ് വഹിക്കുന്നത്. പാര്‍ക്കിന്‍റെ നടത്തിപ്പും പരിപാലനവും ഗ്രാമപഞ്ചായത്തും ഡിടിപിസിയും സംയുക്തമായാണ് നടത്തുന്നത്.

Photo Gallery