നൈപുണ്യ ശേഷി തിരിച്ചറിയുന്നതും ബോധവത്കരിക്കുന്നതും റോബോട്ടിക് സ്റ്റാര്‍ട്ടപ് മേഖല നേരിടുന്ന വെല്ലുവിളികളെന്ന് വിദഗ്ധര്‍

Kochi / August 23, 2024

കൊച്ചി: മികച്ച നൈപുണ്യ ശേഷിയുള്ളവരെ തിരിച്ചറിയുന്നതും ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതുമാണ് റോബോട്ടിക് സ്റ്റാര്‍ട്ടപ് മേഖല പ്രാഥമിക ഘട്ടത്തിൽ  നേരിടുന്ന വെല്ലുവിളികളെന്ന് വിദഗ്ധര്‍. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയൽ  ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) ബോള്‍ഗാട്ടി ഗ്രാന്‍റ് ഹയാത്തിൽ  സംഘടിപ്പിച്ച റോബോട്ടിക്സ് റൗണ്ട് ടേബിള്‍ സമ്മേളനത്തിലെ 'ഇന്നൊവേറ്റിങ് ഫ്യുച്ചര്‍-കേരളത്തിലെ റോബോട്ടിക്സ് മേഖലയിലെ മാര്‍ഗദര്‍ശികളും മുന്നോട്ടുവയ്ക്കുന്ന അത്യാധുനിക പരിഹാരങ്ങളും' എന്ന സെഷനിലാണ് ഈ അഭിപ്രായമുയര്‍ന്നത്.

ഉത്പന്നത്തെക്കുറിച്ച് ഉപഭോക്താവിന് കൃത്യമായ അവബോധം നൽകുന്നതും റോബോട്ടിക് സ്റ്റാര്‍ട്ടപ് മേഖലയിൽ പുതുതായി വരുന്നവര്‍ക്ക് സാങ്കേതിക പ്രവര്‍ത്തനങ്ങളെ മികവുറ്റ രീതിയിൽ  പരിചയപ്പെടുത്തുന്നതും പ്രധാനമാണെന്ന് അസിമോവ് റോബോട്ടിക്സ് സിഇഒ ജയകൃഷ്ണന്‍ ടി പറഞ്ഞു. റോബോട്ടിക് മേഖലയിൽ  അഭിരുചിയുള്ള ചെറുപ്പക്കാരെ കണ്ടെത്തുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുന്നത് സംസ്ഥാനത്തിന്‍റെ റോബോട്ടിക് ആവാസവ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


റോബോട്ടിക് സ്റ്റാര്‍ട്ടപ്പുകളുടെ രൂപകൽപ്പന മുതൽ  ഉപഭോക്താക്കളിൽ  എത്തിക്കുന്നതു വരെ നിരവധി ഘട്ടങ്ങളിലെ പ്രതിബന്ധങ്ങളുണ്ടെന്ന് ശാസ്ത്ര റോബോട്ടിക്സ് സഹ സ്ഥാപകന്‍ അഖിൽ  അശോകന്‍ അഭിപ്രായപ്പെട്ടു.

ഗ്രിഡ്ബോട്ട് ടെക്നോളജീസ് സിടിഒ പു കിത് ഗൗര്‍, ഐ റൗവ് സിഇഒയും സ്ഥാപകനുമായ ജോണ്‍സ് ടി മത്തായി എന്നിവരും വിഷയത്തെക്കുറിച്ച് സംസാരിച്ചു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ അനൂപ് അംബിക സെഷനിൽ  മോഡറേറ്ററായിരുന്നു.
എല്ലാ മേഖലകളിലെയും യന്ത്രവത്കരണത്തിനും അപ്പുറത്തേക്ക് വ്യാപിച്ച് ദൈനംദിന ജീവിതത്തിൽ  റോബോട്ടുകള്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് റോബോട്ടിക് സമ്മേളനത്തിൽ  മുഖ്യപ്രഭാഷണം നടത്തിയ അര്‍മഡ എഐ വൈസ് പ്രസിഡന്‍റ് പ്രാഗ് മിശ്ര പറഞ്ഞു. ദൈനംദിന ജീവിതത്തിലെ വിവിധ സേവനങ്ങള്‍ ന കുന്ന റോബോട്ടുകളുടെ നിര്‍മ്മാണവും അവയുടെ പ്രവര്‍ത്തനസ്വാതന്ത്ര്യവും വിശ്വാസ്യതയ്ക്കും ഫലപ്രാപ്തിക്കും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റോബോട്ടുകളുടെ അഞ്ച് ബിസിനസ് മോഡലുകള്‍ റാസ് (റോബോട്ട് ആസ് സര്‍വീസ്), റയാസ് (റോബോട്ടിക് ഇന്‍സൈറ്റ്സ് ആസ് എ സര്‍വീസ്), ആര്‍ടിആസ് (റോബോട്ടിക് ടാസ്ക് ട്രെയിനിംഗ് ആസ് എ സര്‍വീസ്), മാസ് (റോബോട്ടിക് കണ്ടീഷന്‍ മോണിറ്ററിംഗ് ആസ് എ സര്‍വീസ്), എച്ച്ആര്‍ആസ് (ഹ്യുമന്‍ റെസ്കില്ലിംഗ് ആസ് എ സര്‍വീസ്) എന്നിവയാണെന്ന് ആക്സെഞ്ച്വര്‍ ഇന്‍ഡസ്ട്രിയ  എഐ എംഡി ഡെറിക് ജോസ് പറഞ്ഞു. വാഹന സെന്‍സര്‍ ഡാറ്റ വിശകലനം ചെയ്യുന്നതിനും റൂട്ടുകള്‍ തിരിച്ചറിയുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനും വാഹന കമ്പനികള്‍ റയാസ് ഉപയോഗിക്കുന്നുണ്ട്. വെയര്‍ഹൗസ്, ഹെൽത്ത് കെയര്‍, കാര്‍ഷിക മേഖലകളിലും റയാസ് പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2025 ജനുവരിയിൽ  നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിക്കു മുന്നോടിയായി വ്യത്യസ്ത മേഖലകള്‍ പ്രത്യേകമെടുത്ത് നടത്തുന്ന സമ്മേളനങ്ങളിൽ  രണ്ടാമത്തേതാണ് റോബോട്ടിക്സ് സമ്മേളനം. 195 സ്റ്റാര്‍ട്ടപ്പുകളും 400 ലേറെ പ്രതിനിധികളുമാണ് സമ്മേളനത്തിൽ  പങ്കെടുക്കുത്തത്. എഐ ഉള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളാനും അതിന്‍റെ ഡെസ്റ്റിനേഷനായി മാറാനുമുള്ള കേരളത്തിന്‍റെ പരിശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് ഈ സമ്മേളനം.

Photo Gallery

+
Content