കേരളത്തിലെ റോബോട്ടിക് മേഖല തൊഴില്‍ദാതാക്കളായി- പി രാജീവ്

ഭാവിയിലേക്കുള്ള സൂചകമായി റോബോട്ടിക് റൗണ്ട് ടേബിള്‍
Kochi / August 23, 2024

കൊച്ചി: ലോകമെമ്പാടും റോബോട്ടിക്സിന്‍റെ കടന്നു കയറ്റത്തോടെ തൊഴില്‍നഷ്ടത്തെക്കുറിച്ച് ആവലാതിപ്പെടുമ്പോള്‍ കേരളത്തിലെ റോബോട്ടിക് മേഖല തൊഴില്‍ദാതാക്കളാവുകയാണെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. കൊച്ചിയില്‍ കെഎസ്ഐഡിസി സംഘടിപ്പിക്കുന്ന റോബോട്ടിക്സ് റൗണ്ട് ടേബിള്‍ ഏകദിനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്കാണ് പുതിയ വ്യവസായനയം പ്രാധാന്യം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ മേഖലയിലേക്കുള്ള നിക്ഷേപസാധ്യത കൂട്ടുകയെന്നതാണ് ഉദ്ദേശ്യം. നൂതനസാങ്കേതികവിദ്യയില്‍ പ്രോത്സാഹനം നല്‍കാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങളുടെ ഫലമാണ് മികച്ച വിജയം നേടിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍.

ലോകത്തെമ്പാടും നിര്‍മ്മിത ബുദ്ധി, റോബോട്ടിക്സ് എന്നിവയിലൂടെ തൊഴില്‍ നഷ്ടപ്പെടുമോയെന്ന ആശങ്ക നിലനില്‍ക്കുകയാണ്. എന്നാല്‍ കേരളത്തിലെ റോബോട്ടിക് സംരംഭങ്ങള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ തന്നെ അതിന്‍റെ തണലില്‍ തൊഴിലവസരങ്ങളും ഉണ്ടാകുന്നു.

സാമൂഹ്യപ്രശ്നങ്ങള്‍ക്ക് പരിഹാരമാര്‍ഗമാണ് കേരളത്തിലെ റോബോട്ടിക് മേഖലയുടെ ഉത്പന്നങ്ങളിലധികവും. അതിനാല്‍ തന്നെ ഇതിന്‍റെ സാധ്യതകള്‍ക്ക് വ്യാപ്തിയേറെയാണെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ മേഖലയില്‍ കേരളത്തിന് മേല്‍ക്കൈ ഉണ്ട്. ഇ-ഗവേണന്‍സ്, ഡിജിറ്റല്‍ സാക്ഷരത, മൊബൈല്‍-ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി, ഡിജിറ്റല്‍ അന്തരം ഏറ്റവും കുറവ്, രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ എന്നിവ അതില്‍ ചിലതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എങ്ങിനെ പുതിയ സ്റ്റാര്‍ട്ടപ്പുകളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാമെന്നതാണ് സര്‍ക്കാരിന്‍റെ പ്രാഥമികമായ പരിഗണനയെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. ഐഇഡിസികളിലേക്കും ഗവേഷണങ്ങളുടെ വാണിജ്യ ഉപയോഗത്തിലേക്കും കൂടുതല്‍ ഫണ്ടെത്തണം. റോബോട്ടിക് സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കൊപ്പം സഞ്ചരിക്കാനുള്ള ശ്രമമാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നത്. റോബോട്ടിക് സാങ്കേതിക വിദ്യയെ പരമാവധി പ്രോത്സാഹിപ്പിക്കുകയെന്നതിനോടൊപ്പം ധനപരവും, സാമൂഹ്യപരവും, ഭരണപരവുമായ എല്ലാ സഹായസഹകരണങ്ങളും ഉറപ്പ് നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.

വ്യവസായനയത്തില്‍ മുന്‍ഗണന നല്‍കുന്ന 22 മേഖലകളില്‍ ഒന്നായാണ് റോബോട്ടിക്സിനെ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ചടങ്ങില്‍ സ്വാഗതം ആശംസിച്ച വ്യവസായ-വാണിജ്യവകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി എംഡിയുമായ എസ് ഹരികിഷോര്‍ പറഞ്ഞു. വ്യവസായവകുപ്പില്‍ നിന്ന് ഈ മേഖലയുടെ പ്രതീക്ഷ, സാധ്യതകള്‍, ഭാവിപരിപാടികള്‍ എന്നിവയുടെ സമഗ്രമായ ചര്‍ച്ചകളാണ് റൗണ്ട് ടേബിള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കൃഷ്ണന്‍ ആര്‍ നന്ദി അറിയിച്ചു.

കെഎസ്ഐഡിസി ചെയര്‍മാന്‍ പോള്‍ ആന്‍റണി, കേരള ടെക്നിക്കല്‍ സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവയുടെ വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, അര്‍മാഡ എഐ യുടെ വൈസ്പ്രസിഡന്‍റ് പ്രാഗ് മിശ്ര, ഇന്‍ഡസ്ട്രിയല്‍ എഐ അക്സഞ്ചര്‍ എം ഡി ഡെറിക് ജോസ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. പത്ത് കോളേജുകളുടേതടക്കം 31 കമ്പനികളുടെ റോബോട്ടിക് ഉത്പന്നങ്ങളുടെ പ്രദര്‍ശനവും സമ്മേളനത്തിലുണ്ടായിരുന്നു.

Photo Gallery

+
Content
+
Content