സംസ്ഥാനത്തെ വ്യവസായ സംരംഭങ്ങളെ കേരള ബ്രാന്‍ഡ് ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം: മന്ത്രി രാജീവ്

ആറ് വ്യവസായ സംരംഭങ്ങള്‍ക്ക് കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി
Trivandrum / August 21, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളെ കേരള ബ്രാന്‍ഡ് ലഭിക്കുന്ന ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്നതാണ് വ്യവസായ വകുപ്പ് ഏറ്റെടുക്കുന്ന ദൗത്യമെന്ന് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഗുണനിലവാരത്തിലും ധാര്‍മ്മികതയിലും വിട്ടുവീഴ്ചയില്ലാത്ത ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന സംരംഭങ്ങളാണ് നാടിന് ആവശ്യമെന്നും ഇത് സാധ്യമാകുന്നതോടെ കേരള ബ്രാന്‍ഡ് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തപ്പെടുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സംരംഭക ദിനത്തോടനുബന്ധിച്ച് വ്യവസായ സംരംഭങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളം ലോകമറിയുന്ന ഒരു ബ്രാന്‍ഡാണ്. ഇത് ലോകത്തിനു മുന്നില്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങിലും പ്രയോജനപ്പെടുത്താനാകുമെന്നതാണ് കേരള ബ്രാന്‍ഡിലൂടെ സാധ്യമാകുന്നത്. ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിന് ഇപ്പോള്‍ ആളുകള്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ ഗുണനിലവാരവും ധാര്‍മ്മികതയും പുലര്‍ത്തുന്ന കേരള ബ്രാന്‍ഡിന് വലിയ സാധ്യതയാണ് വിപണിയിലുള്ളത്. കോവിഡിനു ശേഷം ആരോഗ്യകാര്യങ്ങളിലും ജീവിതശൈലിയിലും വലിയ ഉത്കണ്ഠ സമൂഹത്തിനുണ്ട്. അവര്‍ വന്‍കിട ബ്രാന്‍ഡുള്‍ക്ക് പിറകെ പോകാതെ മായം ചേര്‍ക്കാത്തതും ഗുണനിലവാരം പുലര്‍ത്തുന്നതുമായ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. പ്രാദേശികമായി മികച്ച നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ ഉത്പാദകര്‍ക്ക് കേരള ബ്രാന്‍ഡ് ലഭിക്കാന്‍ സാധ്യത ഏറെയാണ്. വ്യവസായ വകുപ്പിന്‍റെ ഇടപെടലോടെ ഇത്തരം സംരംഭങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും ഉയര്‍ന്നുവരാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. സംരംഭകരെ സഹായിക്കാനും അവരുടെ ആത്മവിശ്വാസം വളര്‍ത്താനുമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒക്ടോബറില്‍ സംരംഭക സഭ ചേരും. കേരള ബ്രാന്‍ഡിന്‍റെ ആദ്യഘട്ടത്തില്‍ വെളിച്ചെണ്ണയ്ക്കും തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 14 ഉത്പന്നങ്ങള്‍ക്കുമാണ് ബ്രാന്‍ഡ് നല്‍കുക. കൂടുതല്‍ ഉത്പന്നങ്ങള്‍ അടുത്ത ഘട്ടത്തില്‍ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ക്കും നല്‍കുന്ന സേവനങ്ങള്‍ക്കും ആഗോള ഗുണനിലവാരം കൊണ്ടുവരികയും അന്താരാഷ്ട്ര വിപണിയിലെ വിപണനസാധ്യത കൂട്ടുകയും പൊതുവായ ഒരു ബ്രാന്‍ഡ് സൃഷ്ടിച്ചെടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് 'കേരള ബ്രാന്‍ഡ്'. വ്യവസായ വാണിജ്യ വകുപ്പ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുകയും താലൂക്ക് തല സെലക്ഷന്‍ കമ്മിറ്റി അംഗീകരിക്കുകയും ചെയ്ത ആറ് വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ കേരള ബ്രാന്‍ഡ് രജിസ്ട്രേഷന്‍ നല്‍കിയത്. എംആര്‍എല്‍ കുട്ടനാടന്‍ കോക്കനട്ട് ഓയില്‍ (ആലപ്പുഴ), കെഡിസണ്‍ എക്സ്പെല്ലേഴ്സ് (കോട്ടയം) വരാപ്പെട്ടി കോക്കനട്ട് ഓയില്‍ (എറണാകുളം), കെഎം ഓയില്‍ ഇന്‍ഡസ്ട്രീസ്, അഞ്ചരക്കണ്ടി എഫ്എസ് സി ബാങ്ക് ലിമിറ്റഡിന്‍റെ സഹകാരി ഇന്‍റഗ്രേറ്റഡ് കോക്കനട്ട് പ്രൊസസിങ് പ്ലാന്‍റ് (കണ്ണൂര്‍), കളത്ര ഓയില്‍ മില്‍സ് (കാസര്‍കോട്) എന്നിവയാണ് ഈ സ്ഥാപനങ്ങള്‍.  

സാധാരണക്കാരായ സംരംഭകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുമാണ്  സര്‍ക്കാര്‍  ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. വ്യവസായ സംരംഭങ്ങളിലൂടെ സംസ്ഥാനത്തെ തൊഴിലവസരങ്ങളും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുകയെന്നതും ലക്ഷ്യമിടുന്നു. കേരള ബ്രാന്‍ഡ് നല്‍കുന്നതിലൂടെ കമ്പോളത്തിലെ അധാര്‍മ്മികത ഒഴിവാക്കാന്‍ സാധിക്കും. തെരഞ്ഞെടുത്ത 14 ഓളം ഉത്പന്നങ്ങള്‍ എത്രയും വേഗം വിപണിയിലേക്ക് കൊണ്ടുവരാനും കേരള ബ്രാന്‍ഡ് നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗുണനിലവാരത്തിനും ധാര്‍മ്മികതയിലും വിട്ടുവീഴ്ച ചെയ്യാതെ ഒരു സംസ്ഥാനം ഉത്പന്നങ്ങള്‍ക്ക് ബ്രാന്‍ഡ് നല്‍കുന്ന പദ്ധതി രാജ്യത്തിനു തന്നെ മാതൃകയാണെന്ന് സ്വാഗതം ആശംസിച്ച വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി എംഡിയുമായ എസ്. ഹരികിഷോര്‍ പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടമായി കേരളത്തിന്‍റെ തനത് ഉത്പന്നം എന്ന നിലയിലാണ് ബ്രാന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിനായി വെളിച്ചെണ്ണ പരിഗണിച്ചത്. വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് വേണ്ടിയുള്ള കേരള ബ്രാന്‍ഡ് തിരഞ്ഞെടുപ്പ് മാനദണ്ഡം, സംസ്ഥാനതല സമിതിയുടെ പരിഗണനയ്ക്കായി തയ്യാറാക്കുകയും അത് കമ്മിറ്റി അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. 25 പേര്‍ അപേക്ഷിക്കുകയും അതില്‍നിന്ന് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ച ആറു യുണിറ്റുകളെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെഎസ്ഐഡിസി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍, പബ്ലിക്ക് സെക്ടര്‍ ട്രാന്‍സ്ഫര്‍മേഷന്‍ ബോര്‍ഡ് എക്സിക്യുട്ടീവ് ചെയര്‍മാന്‍ അജിത് കുമാര്‍ കെ, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്‍റ് എ നിസാറുദ്ദീന്‍, ഫോറിന്‍ ട്രേഡ് അസി. ഡയറക്ടര്‍ ജനറല്‍ ഹസന്‍ ഉസൈദ് എന്‍.എ, കെ-ബിപ് സിഇഒ സൂരജ് എസ്, നാളികേര വികസന ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ രശ്മി ഡി.എസ്, ബിഐഎസ് ജോയിന്‍റ് ഡയറക്ടര്‍ സന്ദീപ് എസ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വ്യവസായ വാണിജ്യ വകുപ്പ് അഡീ. ഡയറക്ടര്‍ രാജീവ് ജി. ചടങ്ങിന് നന്ദി പറഞ്ഞു.

പൂര്‍ണമായും കേരളത്തില്‍ നിന്നും സംഭരിക്കുന്ന നാളികേരവും കൊപ്രയും ഉപയോഗിച്ച് സംസ്ഥാനത്തു തന്നെ നിര്‍മ്മിക്കുന്ന വെളിച്ചെണ്ണയ്ക്കാണ് ആദ്യഘട്ടത്തില്‍ കേരള ബ്രാന്‍ഡ് നല്‍കിയത്. അംഗീകൃത അഗ്മാര്‍ക്ക്, ബിഐഎസ് 542:2018, സര്‍ട്ടിഫിക്കേഷനുകളും ഉദ്യം രജിസ്ട്രേഷനുമുള്ള വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളെയാണ് സര്‍ട്ടിഫിക്കേഷനായി പരിഗണിക്കുന്നത്. കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നേടുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ആഭ്യന്തര, അന്തര്‍ദേശീയ തലങ്ങളില്‍ 'മെയ്ഡ് ഇന്‍ കേരള' എന്ന തനതായ ബ്രാന്‍ഡ് നാമത്തില്‍ വിപണനം ചെയ്യാനാകും. https://www.keralabrand.industry.kerala.gov.in/ എന്ന പോര്‍ട്ടലില്‍ സംരംഭങ്ങള്‍ക്ക് കേരള ബ്രാന്‍ഡിനായി അപേക്ഷിക്കാം.

Photo Gallery

+
Content