ക്ഷീരകര്‍ഷകര്‍ക്ക് കുറഞ്ഞ ചെലവില്‍ ഗുണമേന്‍മയുള്ള തീറ്റപ്പുല്ല് ലഭ്യമാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

Kollam / August 19, 2024

കൊല്ലം: വര്‍ഷം മുഴുവനും കുറഞ്ഞ ചെലവില്‍ ക്ഷീരകര്‍ഷകര്‍ക്ക് ഗുണമേന്‍മയുള്ള തീറ്റപ്പുല്ല് ലഭ്യമാക്കുന്നതിനുള്ള നൂതന കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കി വരികയാണെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ക്ഷീരകര്‍ഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് തിരുവനന്തപുരം മേഖലാ യൂണിയന്‍ നടപ്പാക്കി വരുന്ന കന്നുകാലികള്‍ക്കുള്ള വേനല്‍ക്കാല ഇന്‍ഷുറന്‍സ് പദ്ധതിയടക്കമുള്ള വിവിധ പദ്ധതികളുടെ കൊല്ലം ജില്ലയിലെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.

ക്ഷീരസംഘങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുകയുടെയും ക്ഷീരകര്‍ഷകരുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായ പദ്ധതിയായ ''ക്ഷീരസുമംഗലി'' പദ്ധതിയുടെയും ജില്ലാതല വിതരണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം തിരുവനന്തപുരം മേഖലാ യൂണിയന്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളാണ് 'ക്ഷീരസുമംഗലി', 'ക്ഷീരസൗഭാഗ്യ', 'സാന്ത്വന സ്പര്‍ശം' എന്നിവ.

പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ മണിവിശ്വനാഥ്, ഡയറക്ടര്‍മാരായ വാസുദേവന്‍ ഉണ്ണി പി.ജി, കെ. ആര്‍ മോഹനന്‍പിള്ള, ടി. ഗോപാലകൃഷ്ണ പിള്ള, ജെ. മെഹര്‍, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആനന്ദവല്ലി. എ, തിരുവനന്തപുരം മേഖലാ യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.പി. മുരളി, കൊല്ലം ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മഹേഷ് നാരായണന്‍, കൊല്ലം ഡയറി മാനേജര്‍ ഡോ. ജീ ജോര്‍ജ് പുത്തന്‍വീട്ടില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

Photo Gallery

+
Content