ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ഐ സി ആര്‍ ടി ഗോള്‍ഡ് പുരസ്ക്കാരം

Calicut / August 18, 2024

കോഴിക്കോട്:  ടൂറിസം വകുപ്പ് കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റിയിലൂടെ നടപ്പാക്കുന്ന ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ഐ സി ആര്‍ ടി(ഇന്‍റര്‍നാഷണൽ  സെന്‍റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസം) ഇന്ത്യ ചാപ്റ്ററിന്‍റെ 2024 ലെ ഉത്തരവാദിത്ത ടൂറിസം പുരസക്ക്കാരം. എംപ്ലോയിങ്ങ് ആന്‍റ് അപ് സ്കില്ലിങ് ലോക്കൽ  കമ്യൂണിറ്റി എന്ന വിഭാഗത്തിലാണ് ഈ വര്‍ഷത്തെ ഗോള്‍ഡ് പുരസ്ക്കാരം പ്രഖ്യാപിച്ചത്.
തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന് ഐസിആര്‍ ടി ഗോള്‍ഡ് പുരസ്ക്കാരം ലഭിക്കുന്നത്. 2022 -   നാല് ഗോള്‍ഡ് പുരസ്ക്കാരങ്ങളും 2023   ഒരു ഗോള്‍ഡ് പുരസ്ക്കാരവും ഉത്തരവാദിത്ത ടൂറിസം മിഷന്‍  നേടിയിരുന്നു. ഇതോടെ തുടര്‍ച്ചയായി മൂന്ന് വര്‍ഷം വിവിധ കാറ്റഗറികളിൽ  ഗോള്‍ഡ് പുരസ്ക്കാരം നേടിയ രാജ്യത്തെ  ഏക  സര്‍ക്കാര്‍ ഏജന്‍സിയായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ മാറി. ഗോള്‍ഡ് പുരസ്ക്കാരത്തിൽ  അപൂര്‍വ ഡബിള്‍ ഹാട്രിക്കും മിഷന്‍ നേടി.


എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിര ടൂറിസം വികസന മാതൃകയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയിലൂടെ കേരളം മുന്നോട്ടു വയ്ക്കുന്നതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസത്തിന്‍റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തി പ്രാദേശിക ജനതയുടെ സാമൂഹ്യവും സാമ്പത്തികവുമായ ശാക്തീകരണമാണ് ഇതിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള ടൂറിസത്തിന് പുതിയ ഡെസ്റ്റിനേഷനുകള്‍ ലഭിക്കാന്‍ ആര്‍ മിഷന്‍ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു പറഞ്ഞു. പ്രാദേശിക ജനതയുടെ സക്രിയമായ പങ്കാളിത്തവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


സാമൂഹ്യ ഉന്നമനത്തിനും വനിതാ-യുവത്വ ശാക്തീകരണത്തിനും ടൂറിസത്തെ ഉപയോഗിക്കാമെന്നതിന്‍റെ വിജയകരമായ മാതൃകയാണ് ആര്‍ടി പദ്ധതിയെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. പ്രകൃതിയിയെയും സാംസ്ക്കാരിക പാരമ്പര്യത്തെയും കാത്തു സൂക്ഷിക്കുന്നതു വഴി കേരളത്തിലേക്കെത്തുന്ന സന്ദര്‍ശകര്‍ക്ക് സമഗ്രമായ ടൂറിസം അനുഭവമാണ് ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു.
പങ്കാളിത്ത വികസനപദ്ധതിയുടെ മാതൃകയിൽ  ബേപ്പൂരിനെ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ  എത്തിക്കാനുള്ള സ്വപ്നപദ്ധതിയുടെ ഭാഗമാണ് ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയെന്ന് ആര്‍ടി മിഷന്‍ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാര്‍ പറഞ്ഞു. പദ്ധതിയുടെ ആദ്യ നാല് ഘട്ടങ്ങള്‍ നവംബറോടെ പൂര്‍ത്തിയാകും. മൊത്തം 112 ആര്‍ടി യൂണിറ്റുകളാണ് ഈ മേഖലയിൽ  ആരംഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗസ്റ്റ് 30 - 31 തീയതികളി  ഡൽഹിയിൽ   നടക്കുന്ന സമ്മേളനത്തിൽ  വച്ച്  പുരസ്ക്കാരം കൈമാറും.
 

 

Photo Gallery