ഐടി തൊഴിൽ മേള 'റിബൂട്ട് 24'ഇന്ന്(ശനിയാഴ്ച)

Calicut / August 16, 2024

കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ ഐടി തൊഴിൽ മേളയായ 'റിബൂട്ട് 24' ഇന്ന്(17.08.2024) രാവിലെ ഒമ്പത് മുതൽ  രാത്രി ഒമ്പത് വരെ കാലിക്കറ്റ് ട്രേഡ് സെന്‍ററിൽ  നടക്കും. ഗവ. സൈബര്‍പാര്‍ക്കും കാലിക്കറ്റ് ഫോറം ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി(കാഫിറ്റ്)യും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.

100 ലേറെ കമ്പനികള്‍ ഈ മെഗാമേളയിൽ  പങ്കെടുക്കുന്നുണ്ട്. 1500 ലധികം തൊഴിലവസരങ്ങളാണ് ഉണ്ടാകുന്നത്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് രാവിലെ എട്ടര മുതൽ  സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനു പുറമെ കോയമ്പത്തൂര്‍, ചെന്നൈ, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളിൽ  നിന്നും രജിസ്ട്രേഷനുണ്ട്.
ഗവ. സൈബര്‍ പാര്‍ക്കിനെ കൂടാതെ യുഎ  സൈബര്‍പാര്‍ക്ക്, കിന്‍ഫ്ര ഐടി പാര്‍ക്ക്, ഹൈലൈറ്റ് ബിസിനസ് പാര്‍ക്ക് തുടങ്ങി വിവിധ പാര്‍ക്കുകളിൽ  നിന്നുള്ള കമ്പനികള്‍ മേളയിൽ  പങ്കെടുക്കും.

ഫ്യൂച്ചറൽ ലാബ്, കേരള നോളഡ്ജ് ഇക്കോണമി മിഷന്‍, ഇ-സ്റ്റോര്‍, ടിക്കറ്റ് ഫോര്‍ ഇവന്‍റ്സ് എന്നിവരും പരിപാടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
 

Photo Gallery