വിമാന യാത്രാനുഭവം നവീകരിക്കുന്നതിന് ഐബിഎസുമായുള്ള പങ്കാളിത്തം വിപുലപ്പെടുത്തി എച്ച്ഐഎസ്
Trivandrum / August 7, 2024
തിരുവനന്തപുരം: ചെലവ് കുറഞ്ഞ പാക്കേജുകളിലൂടെ വിമാന യാത്രക്കാര്‍ക്ക് സുപരിചിതമായ മുന്‍നിര ജാപ്പനീസ് ട്രാവല്‍ ഏജന്‍സി എച്ച്ഐഎസ്, ഐബിഎസ് സോഫ്റ്റ് വെയറുമായി പങ്കാളിത്തം വിപുലപ്പെടുത്തുന്നു. ഐബിഎസിന്‍റെ നൂതന സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തി ഉപഭോക്താക്കളുടെ യാത്രാനുഭവം നവീകരിക്കുന്നതിനാണ് പങ്കാളിത്തം.
ഐബിഎസിന്‍റെ അത്യാധുനിക ഡിജിറ്റല്‍ സൊല്യൂഷനുകള്‍ പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട യാത്രാനുഭവം സാധ്യമാക്കാന്‍ എച്ച്ഐഎസിന് സാധിക്കും. വിമാനങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും യാത്രാസമയം ഉറപ്പുവരുത്തുന്നതിലും ഇത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ഉറപ്പാക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മെഷീന്‍ ലേണിംഗില്‍ അധിഷ്ഠിതമായ ഓട്ടോമേഷന്‍ എന്നിവയിലേക്കുള്ള ഈ മാറ്റം എച്ച്ഐഎസിന്‍റെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട അനുഭവം നല്‍കും. ഐബിഎസിന്‍റെ നൂതന സാങ്കേതിക പരിഹാരങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ ഉപഭോക്താവിന്‍റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റാനും മെച്ചപ്പെട്ട ഡിജിറ്റല്‍ സേവനം നല്‍കാനും എച്ച്ഐഎസിന് സാധിക്കും.
ഹോട്ടല്‍, ബസ്, ഇന്‍ഷുറന്‍സ് ഉള്‍പ്പെടുന്ന 100-ലധികം കമ്പനികളുടെ കൂട്ടായ്മയാണ് എച്ച്ഐഎസ്. 1980 ല്‍ ട്രാവല്‍ ഏജന്‍സിയായി ആരംഭിച്ച എച്ച്ഐഎസ് ജപ്പാനിലും മറ്റ് 58-ലധികം രാജ്യങ്ങളിലുമായി 289 ലധികം ശാഖകളില്‍ പ്രവര്‍ത്തിക്കുന്നു. ഏകദേശം 2 ബില്യണ്‍ യുഎസ് ഡോളര്‍ ആണ് വരുമാനം.
കസ്റ്റമര്‍ ലൈഫ്ടൈം വാല്യൂ (സിഎല്‍വി) മനസ്സിലാക്കുന്നത് ബിസിനസിലെ സുസ്ഥിര വളര്‍ച്ചയിലും ഉപഭോക്താക്കളുമായി ശാശ്വത ബന്ധം കെട്ടിപ്പടുക്കുന്നതിലും നിര്‍ണായകമാണെന്ന് എച്ച്ഐഎസ് ഐടി ആന്‍ഡ് ഡിഎക്സ് വിഭാഗം എക്സിക്യൂട്ടീവ് ഓഫീസര്‍ കിയോഷി തകാനോ പറഞ്ഞു. ഐബിഎസുമായുള്ള പങ്കാളിത്തം വിപുലപ്പെടുത്തുന്നതിലൂടെ നൂതന സാങ്കേതിക മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും ഉപഭോക്തൃ സംതൃപ്തിയും വിശ്വസ്തതയും വര്‍ധിപ്പിക്കാനും എച്ച്ഐഎസിന് കഴിയും. സാങ്കേതിക പരിവര്‍ത്തനം എച്ച്ഐഎസിന്‍റെ പ്രവര്‍ത്തനത്തിലെ പ്രധാന മുന്‍ഗണനയാണെന്നും ഐബിഎസിന്‍റെ വൈദഗ്ദ്ധ്യം എച്ച്ഐഎസിന്‍റെ പ്രവര്‍ത്തന കാര്യക്ഷമതയ്ക്കാകെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എച്ച്ഐഎസിന്‍റെ ഉപഭോക്തൃ സേവനത്തെ പരിവര്‍ത്തനം ചെയ്യുന്നതില്‍ നൂതന സാങ്കേതിക പരിഹാരങ്ങളുടെ പങ്ക് നിര്‍ണായകമാണെന്ന് തിരിച്ചറിയുന്നുവെന്ന് ഐബിഎസ് കണ്‍സള്‍ട്ടിംഗ് ആന്‍ഡ് ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഗ്ലോബല്‍ ഹെഡ് മൊയ്സുര്‍ റഹ്മാന്‍ പറഞ്ഞു. ഐബിഎസിന്‍റെ സംയോജിത വൈദഗ്ധ്യവും നവീകരണ കാഴ്ചപ്പാടും എച്ച്ഐഎസിന്‍റെ ഉപഭോക്താക്കള്‍ക്ക് കരുത്തുറ്റതും അത്യാധുനികവുമായ പരിഹാരങ്ങള്‍ നല്‍കും. ഈ പങ്കാളിത്തം നവീകരണം, മികവ്, ഉപഭോക്തൃ കേന്ദ്രീകൃത പരിഹാരങ്ങള്‍ എന്നിവയ്ക്കുള്ള പരസ്പര പ്രതിബദ്ധത അടിവരയിടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Photo Gallery
