പ്രമുഖ ഫിന്‍ടെക് കമ്പനി ഇസിഎസ് ഫിന്‍ ടെക്നോപാര്‍ക്കില്‍ ഓഫീസ് തുറന്നു

Trivandrum / August 5, 2024

തിരുവനന്തപുരം: ആഗോളതലത്തില്‍ വിവിധ തരത്തിലുള്ള ധനഇടപാടുകള്‍ക്കാവശ്യമായ പരിഹാരങ്ങള്‍ ലഭ്യമാക്കുന്ന ഇസിഎസ് ഫിന്നിന് ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ്. ഇസിഎസ് ഫിന്നിന്‍റെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ആവശ്യകത വര്‍ധിച്ചതോടെയാണ് യുഎസ് ആസ്ഥാനമായ ഇസിഎസ് ഫിന്‍ ടെക്നോപാര്‍ക്കില്‍ ഓഫീസ് തുറന്നത്.


'ഇസിഎസ് ഫിന്‍' ന്‍റെ പുതിയ ഓഫീസ് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ ഉദ്ഘാടനം ചെയ്തു. ടെക്നോപാര്‍ക്ക് ഫേസ്-1 ല്‍ നിള ബില്‍ഡിംഗിന്‍റെ നാലാം നിലയിലാണ് കമ്പനിയുടെ പുതിയ ഓഫീസ്.

ധനകാര്യ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കുമുള്ള സമ്പൂര്‍ണ പരിഹാരം വാഗ്ദാനം ചെയ്യുന്ന ഇസിഎസ് ഫിന്‍ 1999 ലാണ് ആരംഭിച്ചത്. ആദ്യ സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ 2009 ല്‍ പുറത്തിറക്കിയ ഇസിഎസ് ഫിന്നിലൂടെ പേയ്മെന്‍റുകള്‍, ട്രേഡ് പ്രോസ്സസിംഗ്, ട്രഷറി സൊലൂഷനുകള്‍ തുടങ്ങിയവ ലഭ്യമാകും.

ജീവനക്കാര്‍ക്ക് അര്‍ഹമായ ബ്രാന്‍ഡിംഗ് നല്കാന്‍ ടെക്നോപാര്‍ക്കിന് കഴിയുമെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് പുതിയ ഓഫീസ് ഇവിടെ തുറന്നതെന്ന് ഇസിഎസ് ഫിന്‍ സിഇഒ ജേക്കബ് അരുള്‍ദാസ് പറഞ്ഞു. കേരളത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള ജീവനക്കാര്‍ക്ക് എത്തിച്ചേരാനും ടെക്നോപാര്‍ക്ക് സൗകര്യപ്രദമാണ്.

എഞ്ചിനീയറിംഗ് സ്ഥാപനമെന്ന നിലയില്‍ സംരംഭങ്ങളുടേയും സമൂഹങ്ങളുടേയും ഉന്നമനത്തില്‍ സജീവമായി ഇടപെടാന്‍ ഇസിഎസ് ഫിന്നിന് സാധിക്കും. സംരംഭങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതില്‍ ഞങ്ങളുടെ ആശയങ്ങളും കഴിവുകളും ഉപയോഗിക്കുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. മെച്ചപ്പെട്ട സമൂഹം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ സാമ്പത്തികം ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. കേവലം മത്സരങ്ങള്‍ക്കപ്പുറത്ത് ഫിന്‍ടെക് മേഖലയില്‍ അതുല്യ സേവനങ്ങള്‍ നല്കാന്‍ ഇസിഎസ് ഫിന്നിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെക്നോപാര്‍ക്കിലേക്ക് ഇസിഎസ് ഫിന്നിനെ സ്വാഗതം ചെയ്യുന്നതായി കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ പറഞ്ഞു. ടെക്നോപാര്‍ക്കില്‍ കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിക്കാനുള്ള ശരിയായ സമയമാണിത്. ദ്രുതഗതിയിലുള്ള വിപുലീകരണ പ്രവര്‍ത്തനങ്ങളാണ് ടെക്നോപാര്‍ക്കില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഐടി ഇക്കോസിസ്റ്റത്തിന്‍റെ അംബാസഡര്‍മാരാണ് ടെക്നോപാര്‍ക്കിലെ കമ്പനികള്‍. ടെക്നോപാര്‍ക്കിലെ മികച്ച സൗകര്യങ്ങളും ആവാസവ്യവസ്ഥയിലെ വിഭവശേഷിയും പ്രയോജനപ്പെടുത്തി പുരോഗതി കൈവരിക്കാന്‍ ആവശ്യമായ പിന്തുണ ഇസിഎസ് ഫിന്നിന് നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെക്നോപാര്‍ക്ക് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഡിജിഎം വസന്ത് വരദ,  സോഫ്റ്റ് വെയര്‍ ടെക്നോളജി പാര്‍ക്ക്സ് ഓഫ് ഇന്ത്യ ഡയറക്ടര്‍ ഗണേഷ് നായക്, സോഫ്റ്റ് വെയര്‍ ടെക്നോളജി പാര്‍ക്ക്സ് ഓഫ് ഇന്ത്യ അഡീഷണല്‍ ഡയറക്ടര്‍ സാംരാജ് ഡാനിയേല്‍, ഹൗസ് ഓഫ് പ്രയര്‍ സ്ഥാപകന്‍ പാസ്റ്റര്‍ സാം ടി വര്‍ഗീസ്, സെക്വാട്ടോ സിഇഒ റോബിന്‍ പണിക്കര്‍, സെക്വാട്ടോ സിഒഒ മാത്യു ചെറിയാന്‍, ഇക്കോവൈറ്റ് സിഇഒ രമേഷ് എസ് പിള്ള, ജെമിനി സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് ഫിനാന്‍സ് അഡ്മിന്‍ ഹെഡ് സാജിദ് എ സലാം എന്നിവര്‍ക്കൊപ്പം ഇസിഎസ് ഫിന്നിലെ ജീവനക്കാരും പങ്കെടുത്തു.

ആഗോളതലത്തില്‍ ഉപഭോക്താക്കളുള്ള ബാങ്കുകള്‍, മൂലധന വിപണികള്‍, കോര്‍പറേറ്റുകള്‍ എന്നിവയ്ക്കായുള്ള പ്രോസസ്സ് ഒപ്റ്റിമൈസേഷന്‍ ബില്‍ഡിംഗ് സൊല്യൂഷനുകളില്‍ വൈദഗ്ധ്യമുള്ള ഒരു എഞ്ചിനീയറിംഗ് സംരംഭമാണ് ഇസിഎസ് ഫിന്‍.
 

Photo Gallery

+
Content