പാക്കേജിംഗ് പരിസ്ഥിതി സൗഹൃദമാക്കാന്‍ ദേശീയ മിഷനുമായി സിഎസ്ഐആര്‍

സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. എന്‍ കലൈശെല്‍വി എന്‍ഐഐഎസ്ടി ക്യാമ്പസില്‍ പദ്ധതി പ്രഖ്യാപിച്ചു
Trivandrum / July 27, 2024

തിരുവനന്തപുരം: പാക്കേജിംഗ് വ്യവസായത്തിനാവശ്യമായ സുസ്ഥിരവും പൂര്‍ണമായും മലിനമുക്തവുമായ സാങ്കേതിക വിദ്യയും പരിഹാരവും വികസിപ്പിക്കുന്ന സമഗ്രമായ ദേശീയ മിഷന് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയില്‍ തുടക്കമായി.

പാപ്പനംകോടുള്ള ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ഡിപാര്‍ട്മെന്‍റ് ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (ഡിഎസ്ഐആര്‍) സെക്രട്ടറിയും സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറലുമായ ഡോ. എന്‍ കലൈശെല്‍വി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തി.

പാക്കേജിംഗ് വ്യവസായ മേഖലയിലുള്ളവരുടെ സഹകരണത്തോടെ സിഎസ്ഐആറിന്‍റെ കീഴിലുള്ള എട്ടോളം പരീക്ഷണശാലകളുടെ സംയുക്ത സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗിച്ചാണ് സമഗ്രമായ ഈ പദ്ധതി നടപ്പാക്കുന്നത്. സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഇതിന് നേതൃത്വം വഹിക്കും. ഡയറക്ടര്‍ ഡോ. സി അനന്തരാമകൃഷ്ണനാണ് പദ്ധതിയുടെ ഏകോപന ചുമതല.

പാക്കേജിംഗ് എന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ സുപ്രധാന സംഭാവന നല്‍കുന്ന അഞ്ചാമത്തെ വ്യവസായമാണ്. ഇതിന്‍റെ പ്രധാന്യമുള്‍ക്കൊണ്ട് ആവശ്യമായ സാങ്കേതിക വിദ്യയും പരിഹാരങ്ങളും  വികസിപ്പിക്കുന്നതിന് വേണ്ടത്ര പരിഗണന ഇതുവരെ നല്‍കിയിട്ടില്ല. അത് പരിഹരിക്കുന്നതിനാണ് ദേശീയ മിഷനിലൂടെ ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നതെന്ന് കലൈശെല്‍വി പറഞ്ഞു. തദ്ദേശീയമായ സാങ്കേതിക വിദ്യയും പരിഹാരവും വികസിപ്പിച്ചെടുത്ത് നെറ്റ് സീറോ എന്ന ലക്ഷ്യത്തിലേക്കെത്തുകയാണ് ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

അടുത്തവര്‍ഷം ആഘോഷിക്കുന്ന എന്‍ഐഐഎസ്ടിയുടെ സുവര്‍ണ ജൂബിലിയുടെ ലോഗോയും ചടങ്ങില്‍ ഡോ. കലൈശെല്‍വി പ്രകാശനം ചെയ്തു.

സിഎസ്ഐആര്‍ നു കീഴിലുള്ള വിവിധ ലാബുകളിലെ ശാസ്ത്രജ്ഞരുടെ ഒരു വിപുലസംഘം സമയബന്ധിതമായി പ്രവര്‍ത്തിച്ച് സാങ്കേതികവിദ്യയും പരിഹാരങ്ങളും ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് കൈമാറുന്ന ബൃഹത്തായ പദ്ധതിയാണിതെന്ന് ഏകോപന ചുമതലയുള്ള ഡോ. സി അനന്തരാമകൃഷ്ണന്‍ പറഞ്ഞു. നിലവിലെ പാക്കേജിംഗ് രീതികള്‍ തീര്‍ത്തും അപര്യാപ്തമാണെന്നും മൃദുപാനീയമടക്കമുള്ള ഭക്ഷ്യവ്യവസായത്തിലടക്കം പ്ലാസ്റ്റിക്ക് പോലുള്ള വസ്തുക്കളുടെ സാന്നിധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ പരിഹാരങ്ങള്‍ സാധ്യമാകുന്നതോടെ പ്രകൃതി സൗഹൃദ മാലിന്യമുക്ത സംവിധാനങ്ങള്‍ പൂര്‍ണമായും നടപ്പാക്കാന്‍ സാധിക്കും. രാജ്യത്ത് പ്രമുഖമായ ബയോഡീഗ്രേഡബിലിറ്റി ടെസ്റ്റിംഗ് ആന്‍ഡ് മോണിറ്ററിംഗ് സെന്‍റര്‍ സ്ഥാപിക്കുക എന്നതും പദ്ധതിയുടെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്പന്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും കൊണ്ടുപോകുമ്പോഴുമെല്ലാം സുരക്ഷ ഉറപ്പാക്കുന്നതില്‍ പാക്കേജിംഗ് പ്രധാന പങ്കാണ് വഹിക്കുന്നത്. ആഗോള രംഗത്ത് തന്നെ പാക്കേജിംഗ് മേഖലയില്‍ സ്വാശ്രയത്വം കൈവരിച്ച് മുന്‍പന്തിയില്‍ എത്താനുള്ള രാജ്യത്തിന്‍റെ പരിശ്രമങ്ങളുടെ ഭാഗമാണ് സുസ്ഥിര പാക്കേജിംഗ് പോലുള്ള പദ്ധതികള്‍. ഇത് ഫലപ്രദമായ മാലിന്യ സംസ്കരണ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനും പാരിസ്ഥിതിക ദോഷം കുറയ്ക്കുന്നതിനും സഹായകമാണ്. പാക്കേജിംഗ് മാലിന്യങ്ങളുടെ വിനിയോഗം, മൈക്രോപ്ലാസ്റ്റിക്സ് തുടങ്ങി ഈ രംഗത്തെ പല അടിസ്ഥാന പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ഈ പദ്ധതിയിലൂടെ സാധിക്കും. പാക്കേജിംഗ് വ്യവസായത്തില്‍ സുസ്ഥിരത കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള കാര്യക്ഷമമായ ഗവേഷണങ്ങള്‍ നിര്‍ണായകമാണ്. സസ്യാധിഷ്ഠിത തുകല്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് എന്‍ഐഐഎസ്ടി വികസിപ്പെച്ചെടുത്ത സാങ്കേതിക വിദ്യ ഈ പദ്ധതിയില്‍ വന്‍തോതില്‍ ഉപയോഗിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. ഹരീഷ്, ചീഫ് സയന്‍റിസ്റ്റ് ഡോ. കെ വി രാധാകൃഷ്ണന്‍, ബിസിനസ് ഡെവലപ്മെന്‍റ് മേധാവിയും ചീഫ് സയന്‍റിസ്റ്റുമായ ഡോ. പി നിഷി എന്നിവര്‍ സംസാരിച്ചു.

വിവിധങ്ങളായ ക്യാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലെ സഹകരണത്തിനായി ടാറ്റാ എല്‍എക്സ്ഐ, അഡയാര്‍ ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഒലൂസിയം ടെക്നോളജീസ് ഇന്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ധാരണാപത്രം കൈമാറി.

Photo Gallery

+
Content
+
Content