വിഴിഞ്ഞം തുറമുഖത്തിന്‍റെ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ അവസാന ഘട്ടത്തില്‍: മന്ത്രി പി രാജീവ്
നിക്ഷേപക കോണ്‍ക്ലേവില്‍ വ്യവസായ മന്ത്രി നിക്ഷേപകരുമായി സംവദിച്ചു
Kochi / July 29, 2024
കൊച്ചി: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്‍റെ സാധ്യതകള്‍ വിവിധ മേഖലകള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വരികയാണെന്ന് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് അറിയിച്ചു. നിര്‍മ്മാണ മേഖല, മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളില്‍ വിഴിഞ്ഞത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചുള്ള മാസ്റ്റര്‍ പ്ലാന്‍ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷനും (കെഎസ്ഐഡിസി) സംയുക്തമായി സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ നിക്ഷേപകരുമായി സംവദിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് അഞ്ച് കോടിയിലിധികം രൂപ നിക്ഷേപിച്ച 282 നിക്ഷേപകര്‍ക്കായാണ് കോണ്‍ക്ലേവ് നടത്തിയത്.
സോളാര്‍ മേഖലയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള തുകയുടെ 25 ശതമാനം സര്‍ക്കാര്‍ തിരികെ നല്‍കുന്നുണ്ടെന്നും 2023 ലെ വ്യാവസായിക നയത്തില്‍ കണ്ടെത്തിയ മുന്‍ഗണനാ മേഖലകള്‍ക്ക് പരമാവധി 25 ലക്ഷം രൂപ ഇന്‍സെന്‍റീവ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. 12 മുന്‍ഗണനാ മേഖലകളെ കേന്ദ്രീകരിച്ച് റൗണ്ട് ടേബിള്‍ പരമ്പരകള്‍ നടത്തുമെന്ന് ഓരോ മേഖലയിലേയും പ്രശ്നങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് മന്ത്രി ചൂണ്ടിക്കാട്ടി. റോബോട്ടിക്സ് പരമ്പരയിലെ ആദ്യത്തേത് ഓഗസ്റ്റ് 24 ന് കൊച്ചിയില്‍ നടക്കും. നിക്ഷേപകരും ഗവേഷകരും സ്റ്റാര്‍ട്ടപ്പുകളും ഇന്‍റര്‍നാഷണല്‍ റോബോട്ടിക്സ് റൗണ്ട് ടേബിളില്‍ ഇടംപിടിക്കും.
വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന നിക്ഷേപകര്‍ കെഎസ്ഐഡിസി സംരംഭങ്ങളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുകയും സംരംഭങ്ങള്‍ തുടങ്ങുന്നതില്‍ സര്‍ക്കാരിന്‍റെ പിന്തുണയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
തുടര്‍ന്ന് നടന്ന സെഷനില്‍ കേരളത്തില്‍ നിന്നുള്ള മുന്‍നിര സംരംഭങ്ങളെ പ്രതിനിധീകരിച്ച് വ്യവസായ പ്രമുഖര്‍ അനുഭവങ്ങള്‍ പങ്കിടുകയും നിക്ഷേപകരുമായി സംവദിക്കുകയും ചെയ്തു.
സംരംഭങ്ങളില്‍ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുകയും അതിന്‍റെ നൂതന സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് സിന്തൈറ്റ് ഡയറക്ടര്‍ അജു ജേക്കബ്ബ് പറഞ്ഞു. വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് മുന്നേറുന്ന കേരളത്തില്‍ അതിനോടു ചേര്‍ന്നു നില്‍ക്കുന്ന നിക്ഷേപങ്ങള്‍ക്കാണ് സാധ്യത. ഉത്പന്നങ്ങള്‍ക്ക് ആഗോള നിലവാരം ഉറപ്പാക്കുകയും നിരന്തരം ഗുണനിലവാരം മെച്ചപ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സബ്സിഡിയെ മാത്രം പ്രതീക്ഷിച്ച് സംരംഭങ്ങള്‍ ആരംഭിക്കരുതെന്നും സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന സബ്സിഡിയെ സംരംഭത്തിനുള്ള അധിക സഹായമെന്ന നിലയിലാണ് കാണേണ്ടതെന്നും കെഎസ്ഐഡിസി ഡയറക്ടറും വികെസി ഗ്രൂപ്പ് എംഡിയുമായ വികെസി റസാക്ക് പറഞ്ഞു. വികെസി ഗ്രൂപ്പ് രാജ്യത്ത് എട്ട് സംസ്ഥാനങ്ങളില്‍ ബിസിനസ് ചെയ്യുന്നുണ്ട്. എന്നാല്‍ ബിസിനസിന് ഏറ്റവും മാന്യതയും അര്‍ഹിക്കുന്ന പിന്തുണയും നല്‍കുന്ന സംസ്ഥാനം കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്പന്നങ്ങള്‍ ഫലപ്രദമായി ഉപഭോക്താക്കളിലേക്ക് എത്തിക്കുകയെന്നതാണ് ഒരു സംരംഭത്തില്‍ ഏറ്റവും പ്രാഥമികമായി ശ്രദ്ധിക്കേണ്ട കാര്യമെന്ന് വിഎന്‍ജി ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ശ്രീനാഥ് വിഷ്ണു അഭിപ്രായപ്പെട്ടു. ഒരു സംരംഭകന്‍ ഏറ്റവും ചെറിയ രീതിയിലുള്ള സംരംഭങ്ങള്‍ക്ക് മാത്രമേ ആദ്യം തുടക്കമിടാവൂ. പിന്നീട് വിപണിയില്‍ നിന്നുള്ള പിന്തുണയ്ക്കനുസരിച്ച് നിക്ഷേപവും സംരംഭത്തിന്‍റെ വലുപ്പവും കൂട്ടാം. ഒരു സംരംഭത്തെ മുന്നോട്ടു നയിക്കുന്നത് തന്ത്രപരമായ സമീപനങ്ങളും തീരുമാനങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു.
വെല്ലുവിളികള്‍ അവസരങ്ങളാക്കി മാറ്റുകയെന്നതാണ് ഒരു സംരംഭകനെ സംബന്ധിച്ച് ഏറ്റവും പ്രധാനമെന്ന് ബൈഫ ഡ്രഗ് ലബോറട്ടറീസ് സിഇഒയും എംഡിയുമായ അജയ് ജോര്‍ജ് വര്‍ഗീസ് ചൂണ്ടിക്കാട്ടി. സംരംഭം മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ നേരിടുന്ന പല പ്രശ്നങ്ങളും പുതിയ ആശയങ്ങളിലേക്കും സമ്പ്രദായങ്ങളിലേക്കും വഴിതിരിച്ചു വിട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.
Photo Gallery
