പത്തനംതിട്ട ജില്ലയിലെ സംരംഭക വികസനം ലക്ഷ്യമിട്ട് കെഎസ് യുഎം ക്ലസ്റ്റര്‍ മീറ്റിംഗുകള്‍ക്ക് തുടക്കം

Pathanamthitta / July 29, 2024

പത്തനംതിട്ട: സംസ്ഥാനത്തെ പതിന്നാല് ജില്ലകളെയും നൂതനത്വത്തിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റി അതു വഴി സംരംഭകത്വവും സാങ്കേതികവിദ്യാധിഷ്ഠിതമായ സാമൂഹ്യമാറ്റവും ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഐഇഡിസി 2.0 (ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മന്‍റ് സെന്‍റര്‍) ന്‍റെ ജില്ലാതല ക്ലസ്റ്റര്‍ മീറ്റിംഗിന് പത്തനംതിട്ടയില്‍ തുടക്കം.

പത്തനംതിട്ട ജില്ലയിലെ ഐഇഡിസി കളിലൂടെ സംരംഭക മേഖലയില്‍ വികസനം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു പരിപാടി. ഐഇഡിസി 2.0 യുടെ ഭാഗമായി എല്ലാ ജില്ലകളിലും കെഎസ് യുഎം ഇത്തരം ജില്ലാതല ക്ലസ്റ്റര്‍ മീറ്റിംഗുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

പത്തനംതിട്ട റാന്നി സെന്‍റ് തോമസ് കോളേജില്‍ നടന്ന ആദ്യ ഐഇഡിസി 2.0 ജില്ലാതല ക്ലസ്റ്റര്‍ മീറ്റിംഗ് കോളേജ് മാനേജര്‍ പ്രൊഫ. സന്തോഷ് കെ.തോമസ് ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട ജില്ലയുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്കും സംരംഭക മേഖലയുടെ വളര്‍ച്ചയ്ക്കും ആക്കം കൂട്ടാന്‍ ഐഇഡിസി 2.0 ലൂടെ സാധിച്ചു.

സംസ്ഥാനം നേരിടുന്ന പൊതുവായ സാമൂഹ്യ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തുന്നതില്‍ വിദ്യാര്‍ഥികളുടെ സക്രിയമായ പങ്കാളിത്തം ഉറപ്പാക്കാന്‍ ഐഇഡിസി 2.0 ലക്ഷ്യമിടുന്നു.

വിദ്യാര്‍ഥി-ഗവേഷക സമൂഹത്തില്‍ നിന്നും കൂടുതല്‍ സംരംഭകരെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലേക്ക് എത്തിക്കുക. അതിലൂടെ സംസ്ഥാനത്തെ സാങ്കേതിക-സാമ്പത്തിക നിക്ഷേപത്തില്‍ ഗണ്യമായ മാറ്റം വരുത്തുക തുടങ്ങിയവയാണ് ഐഇഡിസി 2.0 യുടെ മറ്റ് ലക്ഷ്യങ്ങള്‍.

വിദ്യാര്‍ഥികളെ സാമൂഹ്യമാറ്റത്തിന്‍റെ ഏജന്‍സികളാക്കി മാറ്റുക, അധ്യാപക-ഗവേഷക സമൂഹത്തിന്‍റെയും വിദ്യാര്‍ഥികളുടെയും പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുക, വ്യവസായ സഹകരണം ഉറപ്പു വരുത്തുക എന്നിവയും ഐഇഡിസി 2.0 ലൂടെ ലക്ഷ്യം വയ്ക്കുന്നുണ്ട്.

സെന്‍റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സ്നേഹ എല്‍സി ജേക്കബ് അധ്യക്ഷയായി. കെഎസ് യുഎം സീനിയര്‍ മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍ മുഖ്യപ്രഭാഷണം നടത്തി. കെഎസ് യുഎം പ്രതിനിധികളായ ബെര്‍ജിന്‍ റസ്സല്‍, ആദര്‍ശ് വി എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്കി. സെന്‍റ് തോമസ് കോളേജ് നോഡല്‍ ഓഫീസര്‍ ശ്വേത സി, ജിക്കു ജെയിംസ് എന്നിവരും സംസാരിച്ചു.

പത്തനംതിട്ട ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള നോഡല്‍ ഓഫീസര്‍മാര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ഐഇഡിസി 2.0 യുടെ ഭാഗമായി എല്ലാ ജില്ലകളിലും കെഎസ് യുഎം ഇത്തരം ജില്ലാതല ക്ലസ്റ്റര്‍ മീറ്റിംഗുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

Photo Gallery

+
Content