തിരക്കഥാ രചനയില്‍ കെഎസ്എഫ്ഡിസി ശില്‍പശാല

തിരക്കഥാ രചനയില്‍ കെഎസ്എഫ്ഡിസി ശില്‍പശാല
Trivandrum / June 16, 2022

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ്ഡിസി) വനിതകള്‍ക്കും എസ്സി/ എസ്ടി വിഭാഗത്തിലുള്ളവര്‍ക്കുമായി തിരക്കഥാ രചനയില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ആരംഭിച്ച ശില്‍പശാല ശനിയാഴ്ച സമാപിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ സ്ത്രീശാക്തീകരണ പദ്ധതിയായ വനിതാ സംവിധായകരുടെ സിനിമ, എസ്സി/ എസ്ടി വിഭാഗത്തിലുള്ള സംവിധായകരുടെ സിനിമ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചിരിക്കുന്നത്.
ജൂണ്‍ 14 ന് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ആരംഭിച്ച ശില്‍പശാലയ്ക്ക്  പ്രശസ്ത ചലച്ചിത്രകാരനും ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മുന്‍ ഡീനുമായ അമിത് ത്യാഗി, സിനിമാ സംവിധായിക പ്രിയ കൃഷ്ണസ്വാമി, സിനിമാ സംവിധായകന്‍ അതുല്‍ തായ്ഷേതെ എന്നീ വിദഗ്ധരാണ്  മേല്‍നോട്ടം വഹിക്കുന്നത്.
വനിതാ സംവിധായകരുടെ സിനിമ, എസ്സി/ എസ്ടി വിഭാഗത്തിലുള്ള സംവിധായകരുടെ സിനിമ  വിഭാഗങ്ങളിലേക്കായി 27 പേരാണ് പരിശീലനം നേടുന്നത്. വിദഗ്ധര്‍ക്കും മാര്‍ഗനിര്‍ദേശകര്‍ക്കും മുന്‍പില്‍ വ്യക്തിഗതമായി കഥകളും ആശയങ്ങളും അവതരിപ്പിച്ച് അഭിപ്രായം തേടുന്നതിന്  അവസരം നല്‍കുന്നുണ്ട്. മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഭാവിയില്‍  സിനിമകളായി രൂപപ്പെടുത്താവുന്ന ആശയങ്ങളെ  തരംതിരിച്ച് വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ജൂണ്‍ 1-13 വരെ നടന്ന ഓണ്‍ലൈന്‍ സെഷനുകളിലൂടേയും മാര്‍ഗനിര്‍ദേശങ്ങളുടേയും അടിസ്ഥാനത്തിലാണ് നേരിട്ടുള്ള ശില്‍പശാല നടക്കുന്നത്.
സംവിധായകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരാനും അവരുടെ വിസ്മയിപ്പിക്കുന്ന കഴിവുകള്‍ പുറത്തുകൊണ്ടുവരാനും വഴിയൊരുക്കുന്ന ശില്‍പശാലയിലൂടെ അതുല്യമായ ദൃശ്യഭാഷയും ആഖ്യാന വൈദഗ്ധ്യവുമുള്ള ചലച്ചിത്രപ്രവര്‍ത്തകരെ വാര്‍ത്തെടുക്കാനാണ്  കെഎസ്എഫ്ഡിസി ഊന്നല്‍നല്‍കുന്നത്. 
വനിതകളുടെ സംവിധാനത്തിലുള്ള സിനിമ പദ്ധതിയുടെയുടെ ഭാഗമായി കെഎസ്എഫ്ഡിസി നിര്‍മ്മിച്ച ആദ്യ സിനിമ 'നിഷിദ്ധോ' 52-ാമത് സംസ്ഥാന ചലച്ചിത്ര പുരസകാരത്തില്‍ മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുത്തിരുന്നു. നവാഗതയായ താര രാമാനുജന്‍ ആണ് ചിത്രത്തിന്‍റെ സംവിധായിക.

    
 

Photo Gallery

+
Content
+
Content