മീമി ഫിഷ് 14 കേന്ദ്രങ്ങളിലേക്ക് കൂടി; കോഴിയിറച്ചിയും പച്ചക്കറിയും ലഭിക്കും

മീമി ഫിഷ് 14 കേന്ദ്രങ്ങളിലേക്ക് കൂടി; കോഴിയിറച്ചിയും പച്ചക്കറിയും ലഭിക്കും
Pathanamthitta / June 15, 2022

പത്തനംതിട്ട: കറിവയ്ക്കാന്‍ പാകത്തിന് വൃത്തിയാക്കിയ മത്സ്യം വീട്ടുപടിക്കലെത്തിക്കാനുള്ള മീമി ആപ്പിന്‍റെ സേവനം അഞ്ച് ജില്ലകളിലെ പതിന്നാല് കേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. അടൂരിലെ മീമി ഫിഷ് സ്റ്റോര്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍റെയും ഐസിഎആര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെയും സഹകരണത്തോടെ കേരള സര്‍ക്കാരിനു വേണ്ടി തയ്യാറാക്കിയിട്ടുള്ള പദ്ധതിയായ 'പരിവര്‍ത്തന'ത്തിന്‍റെ ഭാഗമായാണ് മീമി ആപ്പ് സേവനം തുടങ്ങിയത്. 
ഏറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ് ചാത്തന്നാപ്പുഴ അധ്യക്ഷനായിരുന്ന ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് ശ്രീജ കുമാരി, പഞ്ചായത്തംഗങ്ങളായ മറിയാമ്മ തരകന്‍, രാജേഷ് അമ്പാടി, എല്‍സി ബെന്നി, തുടങ്ങിയവരും പരിവര്‍ത്തനം പദ്ധതി ഉദ്യോഗസ്ഥരും പങ്കെടുത്തു.
അടൂര്‍ കൂടാതെ റാന്നി, കൊട്ടാരക്കര, അഞ്ചല്‍, കടുത്തുരുത്തി, കുറവിലങ്ങാട്, കുമരകം, മാടപ്പള്ളി, ചങ്ങനാശ്ശേരി, കിടങ്ങറ, തൃക്കൊടിത്താനം, കോട്ടയം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് മീമി ഫിഷ് സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ഈ സ്ഥലങ്ങളിലെല്ലാം പ്രാദേശിക ഉത്പാദകരുടെ കൂട്ടായ്മകളുമായി സഹകരിച്ച് കോഴിയിറച്ചിയും പച്ചക്കറിയും മീമി സ്റ്റോര്‍ വഴി വീട്ടിലെത്തിക്കാനും പദ്ധതിയുണ്ട്.
മുഖ്യമായും പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്നും ശേഖരിക്കുന്ന മീന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച മാനദണ്ഡങ്ങളിലൂടെ സംസ്കരിച്ചു വൃത്തിയാക്കി കഷണങ്ങളായി അരകിലോ പായ്ക്കുകളില്‍ ഫ്രീസ് ചെയ്യാതെ വീട്ടമ്മമാരുടെ അരികിലെത്തിക്കുകയാണ് മീമി ആപ്പ് ചെയ്യുന്നത്. മത്സ്യം പിടിച്ച് 12 മണിക്കൂറിനുള്ളില്‍ വീടുകളില്‍ എത്തിക്കുന്ന ഇവയുടെ ഗുണനിലവാരം സിഐഎഫ്ടിയും കെഎസ് സിഎഡിസിയും ഉറപ്പുവരുത്തുന്നു. ഇഷ്ടപ്പെടുന്ന മീന്‍ മീമി സ്റ്റോറില്‍ നിന്നും മീമി ഫിഷ് ആപ്പിലൂടെ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. രാത്രി ഒമ്പത് വരെ ബുക്കിംഗ് സ്വീകരിക്കുന്ന മീന്‍ പിറ്റേന്ന് രാവിലെ ഒമ്പത് മണിക്ക് മുന്‍പായി വീട്ടുപടിക്കല്‍ ഏജന്‍റുമാര്‍  വഴി എത്തിക്കും. 
പച്ചമീന്‍ കൂടാതെ മീന്‍ അച്ചാറുകള്‍ ചമ്മന്തിപ്പൊടി,മീന്‍ കറി (36 മാസം വരെ ഫ്രിഡ്ജില്‍ വെക്കാതെ തന്നെ ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യ) ഉണക്കമീന്‍ എന്നിവയും മീന്‍ കൊണ്ടുള്ള, കട്ട്ലറ്റ്, സമൂസ ,റോള്‍, എന്നിവയും ലഭ്യമാകും. 
മീമി സ്റ്റോര്‍ തുറക്കാന്‍ താല്പര്യമുള്ളവര്‍ www.parivarthanam.org എന്ന വെബ്സൈറ്റിലോ അല്ലെങ്കില്‍  +91 9383454647 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. https://play.google.com/store/apps/detailsഐന്ന ലിങ്കിലൂടെയോ അല്ലെങ്കില്‍ ഫോണിലുള്ള പ്ലേ സ്റ്റോര്‍ ആപ്പിലൂടെയോ മീമി ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. മീമി സ്റ്റോറുകളുടെ പൂര്‍ണമായ പ്രയോജനം ലഭ്യമാകാന്‍ ഉപഭോക്താക്കള്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. മീമി സ്റ്റാളുകള്‍ സ്ഥാപിച്ച് പൂര്‍ണ സജ്ജമാകുന്നത് വരെ വിതരണം പൂര്‍ണമായും മീമി ആപ്പ് വഴിയാകും.
ഏത് മത്സ്യബന്ധന രീതിയിലൂടെ, എവിടെനിന്ന്, എപ്പോള്‍, സംഭരിച്ച മീന്‍ ആണെന്ന് ഉപഭോക്താവിന് ആപ്പിലൂടെ മനസിലാക്കാം. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് സംസ്ക്കരണ രീതി മനസ്സിലാക്കുന്നതിലൂടെ ഉപഭോക്താവിന് കോഴിയിറച്ചിയുടെയും പച്ചക്കറിയുടെയും ഉറവിടവും സംസ്കരണരീതിയും വിഷപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നുണ്ടോ എന്നും അറിയാന്‍ കഴിയും. വിഷരഹിതമായ പച്ചക്കറികളും മാംസവും മറ്റ് ആഹാരപദാര്‍ത്ഥങ്ങളും മീമി ആപ്പ് വഴി വൈകാതെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതി കൂടിയാണ് പരിവര്‍ത്തനം. 
ഗ്രീന്‍ എനര്‍ജി പദ്ധതികളായ റൂഫ് ടോപ്പ് സോളാര്‍ പവര്‍ പദ്ധതികളും എന്‍ജിനുകളുടെ ഇലക്ട്രിഫിക്കേഷന്‍/ സിഎന്‍ജി കണ്‍വെര്‍ഷനും പരിവര്‍ത്തനത്തിന്‍റെ മറ്റു പദ്ധതികളാണ്.
    

Photo Gallery

+
Content