ക്രൈസ്റ്റ് നഗര്‍ സ്കൂളില്‍ സെറന്‍ ഒറാന്‍റെ ജര്‍മ്മന്‍ നൃത്ത-നാടകശില്പം അരങ്ങേറി

Trivandrum / July 20, 2024

തിരുവനന്തപുരം: ക്രൈസ്റ്റ് നഗര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിസ്മയക്കാഴ്ചകളുമായി ജര്‍മ്മന്‍ കലാകാരന്മാരുടെ വേറിട്ട കലാപ്രകടനം. സെറന്‍ ഒറാന്‍ & മൂവിംഗ് ബോര്‍ഡേഴ്സിന്‍റെ രംഗ വിസ്മയമായ സ്പീല്‍ ഇം സ്പീല്‍ (ഗെയിം ഇന്‍ടു ഗെയിം) എന്ന ജര്‍മ്മന്‍ നൃത്ത-നാടകശില്പത്തിന്‍റെ അവതരണത്തിനാണ് ക്രൈസ്റ്റ് നഗര്‍ സ്കൂള്‍ വേദിയായത്. ഗൊയ്ഥേ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിലായിരുന്നു പരിപാടി.

മൂന്ന് വയസു മുതലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാവുന്ന നന്മയുടെ സന്ദേശം പകരുന്ന ഈ നൃത്തരൂപത്തില്‍ നിറഞ്ഞത് ഹൃദയസ്പര്‍ശിയായ രംഗങ്ങളും കളിയും ചിരിയുമാണ്. 40 മിനിട്ട് ദൈര്‍ഘ്യമുള്ള നൃത്തശില്പം കാഴ്ചക്കാരായ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സമ്മാനിച്ചത് പുത്തന്‍ അനുഭവം.

മൂന്ന് നര്‍ത്തകരാണ് ഗെയിം ഇന്‍ടു ഗെയിമിലെ പ്രധാന കഥാപാത്രങ്ങള്‍. മ്യൂണിക് സ്വദേശിനിയായ സെറന്‍ ഒറാനാണ് നൃത്തശില്പത്തിന് പിന്നില്‍.

ഗെയിം ഇന്‍ടു ഗെയിം നൃത്തശില്പത്തിന്‍റെ അവതരണത്തിലെ വൈവിധ്യത്തിന് പുറമെ വേദിയും വ്യത്യസ്തമാണ്. കാഴ്ചക്കാരെ വിസ്മയിക്കുന്ന തറയിലൂടെയാണ് നര്‍ത്തകര്‍ നിറഞ്ഞാടുന്നത്. നൃത്തശില്പാവതരണത്തിനിടയില്‍ വിവിധ വസ്തുക്കള്‍ വായുവിലൂടെ പറന്നു നടക്കുമെന്നതും ശ്രദ്ധേയമാണ്.

മൂന്ന് നര്‍ത്തകര്‍ക്കൊപ്പം ഒരു ടെക്നീഷ്യന്‍, നൃത്ത സംവിധായകന്‍ എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ സംഘം സ്പീല്‍ ഇം സ്പീലില്‍ വേദി പങ്കിട്ടു.

സ്പീല്‍ ഇം സ്പീലിന്‍റെ കലാസംവിധാനവും നൃത്തസംവിധാനവും സെറന്‍ ഒറാനാണ് നിര്‍വഹിക്കുന്നത്. ജിന്‍ ലീ, ജിഹുന്‍ ചോയി, മേറ്റ് അസ്ബോത്ത്, സോഫിയ കാസ്പ്രിനി, റോണി സാഗി എന്നിവര്‍ വേദിയില്‍ മാറ്റുരയ്ക്കും.

കഴിഞ്ഞ വര്‍ഷം ഹോച്ക്സ് തിയേറ്ററിലും ലൈവ് ആര്‍ട്ട് മ്യൂണിക്കിലും സ്പീല്‍ ഇം സ്പീല്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

മനുഷ്യ വികാരങ്ങളേയും പെരുമാറ്റ രീതികളേയും ആഴത്തില്‍ ഉള്‍ക്കൊണ്ടു കൊണ്ട് വേദിയിലെത്താന്‍ ഇതിലെ പ്രൊഫഷണല്‍ നര്‍ത്തകര്‍ക്ക് സാധിക്കുന്നുണ്ട്. ഇതിലൂടെ കാണികളെ കൈയിലെടുക്കാനും കഴിഞ്ഞു.

ഒരു ഗെയിം മറ്റൊന്നിലേക്ക് നയിക്കപ്പെടുന്നതിലൂടെ നൃത്ത-നാടകം വികസിക്കുന്നു. വികാരങ്ങളെയും ബന്ധങ്ങളെയും അത്രത്തോളം ശക്തമായാണ് ഇതില്‍  ചിത്രീകരിച്ചിരിക്കുന്നത്.

ആളുകള്‍ പരസ്പരം സമീപിക്കുന്നു, സ്വയം രൂപാന്തരപ്പെടുന്നു, സഹായിക്കുകയോ പരസ്പരം വാദിക്കുകയോ ചെയ്യുന്നു, ഒരുമിച്ച് മുന്നിലെ ലോകത്തിലേക്ക് ഇറങ്ങുന്നു, ഇടയ്ക്കിടെ പരസ്പരം മറികടക്കുന്നു. ഇത്തരം രംഗങ്ങളിലൂടെയാണ് നൃത്ത-നാടകം കടന്നു പോകുന്നത്.

മ്യൂണിക്ക് സാംസ്കാരിക വകുപ്പിന്‍റെയും ബവേറിയന്‍ സ്റ്റേറ്റ് അസോസിയേഷന്‍ ഫോര്‍ കണ്ടംപററി ഡാന്‍സിന്‍റെയും പിന്തുണയോടെ ബവേറിയന്‍ സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ആര്‍ട്സ് മന്ത്രാലയത്തില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് സ്പീല്‍ ഇം സ്പീല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

 

Photo Gallery

+
Content
+
Content
+
Content
+
Content
+
Content