രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി മികവിന്‍റെ കേന്ദ്രം:കേന്ദ്രമന്ത്രി സുരേഷ് ഗോപി

Trivandrum / July 19, 2024

തിരുവനന്തപുരം: ജീവന്‍ രക്ഷിക്കുന്ന യഥാര്‍ത്ഥ ചികിത്സാ രീതികള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന മികവിന്‍റെ കേന്ദ്രമാണ് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയെന്ന് (ആര്‍ജിസിബി) കേന്ദ്രമന്ത്രി സുരേഷ് ഗോപി. മെഡിക്കല്‍ രംഗത്തെ സംബന്ധിക്കുന്ന ശാസ്ത്രീയമായ വിപുല സാധ്യതകള്‍ ഇവിടെയുണ്ടെന്ന വസ്തുത പലര്‍ക്കും അറിയില്ല. കാര്യക്ഷമമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഇവിടെ നിന്നുള്ള നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പിലെ കേന്ദ്ര മന്ത്രിയെ അറിയിക്കും. ശാസ്ത്രസംബന്ധിയായ നവീന കണ്ടുപിടുത്തങ്ങള്‍ ഫലപ്രദമാക്കുന്നതിന് തനിക്ക് സാധ്യമായ എല്ലാ കാര്യങ്ങളും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.  

തലസ്ഥാനത്തെ ആക്കുളത്ത് ആര്‍ജിസിബി പുതിയതായി നിര്‍മ്മിച്ച ക്യാമ്പസ് സന്ദര്‍ശിച്ച അദ്ദേഹം ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണയുമായി കൂടിക്കാഴ്ച്ച നടത്തി. രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി 100 മുതല്‍ 150 വരെ കിടക്കകളുള്ള റഫറല്‍ ആശുപത്രി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്നത് സംബന്ധിച്ചും അതിനായി 500 കോടിയുടെ പദ്ധതിയാണ് ആലോചിക്കുന്നതെന്നും പ്രൊഫ. ചന്ദ്രഭാസ് കേന്ദ്രമന്ത്രിയെ അറിയിച്ചു. നീണ്ടസമയം കാത്തുനില്‍ക്കാതെ വേഗത്തില്‍ ചികിത്സ ലഭ്യമാക്കുന്ന ഈ പദ്ധതിക്കായി കേന്ദ്ര ധനവകുപ്പിന്‍റെ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി ഡയറക്ടര്‍ പറഞ്ഞു.

ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന ജനിതക രോഗങ്ങളെ പറ്റിയും വിവിധങ്ങളായ അസുഖങ്ങളെയും പറ്റി അന്വേഷിച്ച സുരേഷ് ഗോപി ഗോത്രവിഭാഗങ്ങള്‍ നേരിടുന്ന പൊതുവായ ആരോഗ്യപ്രശ്നങ്ങളുടെ സമഗ്ര വിവരങ്ങള്‍ ലഭ്യമാക്കാനും നിര്‍ദേശിച്ചു. മെഡിക്കല്‍ ടൂറിസം, നവീകരണ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടങ്ങള്‍ എന്നിവയെ പറ്റി സംസാരിച്ച അദ്ദേഹം ആര്‍ജിസിബിയിലെ ലാബുകളില്‍ സന്ദര്‍ശനം നടത്തി. ക്യാമ്പസ് പരിസരം ഹരിതാഭമാക്കണം എന്നാവശ്യപ്പെട്ട കേന്ദ്രമന്ത്രി കസ്തൂര്‍ബാ എന്ന പേരില്‍ ഒരു വ്യക്ഷത്തൈ നട്ട് പ്രാരംഭ നടപടികള്‍ക്ക് തുടക്കം കുറിച്ചു. അര മണിക്കൂറുള്ള സന്ദര്‍ശനമാണ് താന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും ഇവിടെയുള്ള മെഡിക്കല്‍ ശാസ്ത്ര സംബന്ധിയായ വിശദാംശങ്ങള്‍ കേട്ട് രണ്ട് മണിക്കൂറോളം ഇരുന്നതായും അദ്ദേഹം പറഞ്ഞു.

ആര്‍ജിസിബി കേന്ദ്രീകരിച്ച് ദക്ഷിണേന്ത്യയില്‍ ബയോടെക്നോളജി ഹബ്ബ് തുടങ്ങുന്നതിനെ പറ്റി കേന്ദ്രമന്ത്രിയെ അറിയിച്ചതായി പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. കേരള സമൂഹത്തിന് നിസ്തുല സേവനമാണ് തങ്ങള്‍ നടത്തുന്നത്. പരിശോധനയ്ക്ക് എത്തുന്ന സ്രവങ്ങളുടെ ഫലങ്ങള്‍ നാല് മണിക്കൂറിനകം എസ്എംഎസ് ആയും മെയില്‍ വഴിയും തങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. സസ്യങ്ങളില്‍ നിന്നും മൃഗങ്ങളില്‍ നിന്നും ഭക്ഷണം പോലുള്ള മറ്റ് വസ്തുക്കളില്‍ നിന്നുമെല്ലാം മനുഷ്യശരീരത്തിലെത്തുന്ന രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിനും പകര്‍ച്ചവ്യാധികളുടെ വകഭേദങ്ങള്‍ നിര്‍ണയിക്കുന്നതിനുമെല്ലാമുള്ള സംവിധാനങ്ങള്‍ തങ്ങള്‍ക്കുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Photo Gallery

+
Content