വ്യാപാര്‍ 2022 ന് ഇന്ന് തുടക്കം

ഇ- കൊമേഴ്സ് മാര്‍ഗനിര്‍ദേശങ്ങളുമായി ആമസോണും ഫ്ളിപ്പ്കാര്‍ട്ടും ډ പ്രതിരോധ-റെയില്‍വേ ഉദ്യോഗസ്ഥര്‍ വാങ്ങല്‍ നടപടിക്രമങ്ങള്‍ വിശദമാക്കും
Kochi / June 15, 2022

കൊച്ചി: സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എസ്ഇ) ദേശവ്യാപക വിപണി ഉറപ്പാക്കാന്‍ സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന പ്രദര്‍ശനമേളയായ വ്യാപാര്‍ 2022 ന് ഇന്ന് (16.06.2022) തുടക്കമാകും.  ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള ആഗോള വാണിജ്യ സ്ഥാപന പ്രതിനിധികളും റെയില്‍വേ-പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ ബിസിനസ് ടു ബിസിനസ് (ബിടുബി) മീറ്റില്‍ പങ്കെടുക്കുന്നുണ്ട്. 
കൊച്ചി  ജവഹര്‍ലാര്‍ നെഹ്രു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ത്രിദിന ബിടുബിയില്‍ പതിനായിരത്തോളം ബിസിനസ് കൂടിക്കാഴ്ചകള്‍ നടക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം  ബയര്‍മാരും  മൂന്നൂറിലധികം  എംഎസ്എംഇ പ്രമോട്ടര്‍മാരും പങ്കെടുക്കും. രാവിലെ 9 ന് നിയമ-വ്യവസായ- കയര്‍ മന്ത്രി പി രാജീവ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. 
ഇ-കൊമേഴ്സ് വിപണിയിലേക്ക് സ്വന്തം ഉത്പന്നത്തെ ക്രിയാത്മകമായി അവതരിപ്പിക്കുന്നതു വഴി എങ്ങിനെ മികച്ച വരുമാനം നേടിയെടുക്കാമെന്നതിന്‍റെ സാധ്യതകള്‍ എംഎസ്എംഇ മേഖലയെ ബോധ്യപ്പെടുത്തുകയാണ് ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ എന്നിവയുടെ പ്രതിനിധികള്‍ ഈ മേളയിലൂടെ ചെയ്യുന്നത്. 
അതേസമയം പ്രതിരോധ-റെയില്‍വേ മേഖലകളില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങള്‍, നടപടിക്രമങ്ങള്‍, നിശ്ചിത ഗുണമേന്മ തുടങ്ങിയവയെക്കുറിച്ച് അതത് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ സംസാരിക്കും. സര്‍ക്കാര്‍ മേഖലയില്‍ എംഎസ്എംഇ ഉത്പന്നങ്ങള്‍ കൂടുതലായി വില്‍ക്കാനുള്ള അവസരവും സാഹചര്യവും ഉണ്ടാക്കുകയെന്നതാണ് ഇതിന്‍റെ ലക്ഷ്യം.
കേരളത്തിലെ എംഎസ്എംഇ ഉത്പന്നങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തും നിരവധി ആവശ്യക്കാരുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വൈവിദ്ധ്യവും മികച്ച ഗുണമേന്മയുമാണ് ഇവിടുത്തെ ഉത്പന്നങ്ങളുടെ മുഖമുദ്ര. ഇ-കൊമേഴ്സ് കമ്പനികളും രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി വാണിജ്യബന്ധമുണ്ടാക്കാന്‍ സംസ്ഥാനത്തെ എംഎസ്എംഇ മേഖലയെ പ്രാപ്തമാക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    വ്യാപാര്‍ 2022 മേളയുടെ ഉദ്ഘാടന ചടങ്ങില്‍ കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. എം.പി ശ്രീ ഹൈബി ഈഡന്‍, വ്യവസായ, നോര്‍ക്ക വകുപ്പ്  പ്രിന്‍സിപ്പല്‍ സെക്രട്ടറി  ശ്രീ. സുമന്‍ ബില്ല, വ്യവസായവകുപ്പ്  പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. എ.പി.എം. മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ ശ്രീ. എസ്. ഹരികിഷോര്‍,  കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ ശ്രീ. എം. ജി. രാജമാണിക്കം, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ ശ്രീ. സന്തോഷ് കോശി തോമസ്, കെബിപ്പ് സി.ഇ.ഒ ശ്രീ. സൂരജ് എസ്, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്‍റ് എം ഖാലിദ്, ഫിക്കി ചെയര്‍മാന്‍ ശ്രീ. ദീപക് എല്‍ അസ്വാനി തുടങ്ങിയവര്‍ പങ്കെടുക്കും.
എംഎസ്എംഇ കളുടെ വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ദേശീയ വിപണി നേടിയെടുക്കുന്നതിന് ഊന്നല്‍. കൊവിഡിനാല്‍ ഉണ്ടായ പ്രതിസന്ധി തരണം ചെയ്യുന്നതില്‍ മുതല്‍ക്കൂട്ടാകുന്ന മേളയില്‍ രാജ്യത്താകമാനമുള്ള വ്യവസായ സമൂഹത്തിനു മുന്നില്‍ സംസ്ഥാനത്തെ സംരംഭകര്‍ക്ക് മികവ് തെളിയിക്കാനാകും.
ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ സെയില്‍സ് - മാര്‍ക്കറ്റിംഗ്, ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കോമേഴ്സ് (ഒഎന്‍ഡിസി), ആമസോണ്‍ ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഫുഡ് പ്രൊക്യുര്‍മെന്‍റ് ഡിവിഷന്‍, ഫ്ളിപ്പ്കാര്‍ട്ട് പ്രൊക്യുര്‍മെന്‍റ് ഡിവിഷന്‍ പ്രതിനിധികള്‍ വിവിധ സെഷനുകളില്‍ അവതരണങ്ങള്‍ നടത്തുന്നുണ്ട്. 
വാണിജ്യ സ്ഥാപനങ്ങളിലെ ബയേഴ്സ്, ഓള്‍ ഇന്ത്യ ട്രേഡ് - കൊമേഷ്യല്‍ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍,  വാണിജ്യ സംഘങ്ങള്‍, കയറ്റുമതിക്കാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ പങ്കെടുക്കും. മേളയുടെ ഭാഗമാകാനായി സംസ്ഥാനത്തെ എംഎസ്എംഇ സംരംഭകര്‍ക്ക് സെല്ലര്‍ രജിസ്ട്രേഷനും ഇതര സംസ്ഥാന ബയര്‍മാര്‍ക്ക് ബയര്‍ രജിസ്ട്രേഷനും പ്രത്യേക വെബ്സൈറ്റായ   www.keralabusinessmeet.org ല്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ വ്യവസായ കേന്ദ്രങ്ങളും വ്യവസായ വാണിജ്യ ഡയറക്ടര്‍ അധ്യക്ഷനായ സമിതിയുമാണ് മേളയില്‍ പങ്കെടുക്കാനായി എംഎസ്എംഇ യൂണിറ്റുകളെ തെരഞ്ഞെടുത്തത്. 


 

Photo Gallery