ടെക്നോപാര്‍ക്ക് കമ്പനിയായ എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഗ്രേറ്റ് മിഡ്-സൈസ് വര്‍ക്ക്പ്ലേസസ് പട്ടികയില്‍ ഇന്ത്യയില്‍ ഒന്നാമത്
ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) സ്ഥാപനത്തെ ആദരിച്ചു
Trivandrum / July 18, 2024
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് കമ്പനിയായ എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഗ്രേറ്റ് മിഡ്-സൈസ് വര്‍ക്ക്പ്ലേസസ് 2024 വിഭാഗത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം. തൊഴിലിട സംസ്കാരത്തെക്കുറിച്ചുള്ള ആഗോള സംഘടനയായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അംഗീകാരമാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ഉപഭോക്തൃ നികുതി സേവന കമ്പനിയായ എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ലഭിച്ചത്.
ക്രിയാത്മകത, ഉള്‍ക്കൊള്ളല്‍, വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ള തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധത, സിഎസ്ആര്‍ പ്രവര്‍ത്തന മികവ് തുടങ്ങിയവ കണക്കിലെടുത്താണ് ബഹുമതി. ഇന്ത്യക്കു പുറമേ അയര്‍ലന്‍ഡ്, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓഫീസുകളുണ്ട്.
നേട്ടത്തില്‍ സ്ഥാപനത്തെ അഭിനന്ദിച്ചുകൊണ്ട്, ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.), മറ്റ് ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കമ്പനി സന്ദര്‍ശിച്ചു. എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിലെ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയ അദ്ദേഹം ഉപഹാരവും സമ്മാനിച്ചു. കമ്പനിയിലെ ഓരോ ജീവനക്കാരനെയും വിലമതിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നതിനൊപ്പം മികവിന്‍റെയും നവീകരണത്തിന്‍റെയും സംസ്കാരം വളര്‍ത്തിയതിന് എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിനെ സിഇഒ അഭിനന്ദിച്ചു.
എല്ലാവര്‍ക്കും മൂല്യവും ബഹുമാനവും സ്വാതന്ത്ര്യവും അനുഭവപ്പെടുന്ന തൊഴിലിടം ഒരുക്കാനാകുന്നതില്‍ സ്ഥാപനത്തിന് അഭിമാനമുണ്ടെന്ന് എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഇന്ത്യയുടെ വൈസ് പ്രസിഡന്‍റും മാനേജിംഗ് ഡയറക്ടറുമായ ഹരിപ്രസാദ് കെ പി പറഞ്ഞു. ഇന്ത്യയിലെ മികച്ച തൊഴിലിട പട്ടികയില്‍ മുന്‍പന്തിയിലെത്തിയത് വലിയ അംഗീകാരമാണ്. ജീവനക്കാരുടെ ഒത്തൊരുമയുടെയും അര്‍പ്പണബോധത്തിന്‍റെയും സാക്ഷ്യമാണ് ഈ അംഗീകാരം. സഹകരണവും നൂതനത്വവും പ്രോത്സാഹിപ്പിക്കുന്നതും എല്ലാത്തിനെയും ഉള്‍ക്കൊള്ളുന്നതുമായ സംസ്കാരം വളര്‍ത്തിയതിന് ജീവനക്കാര്‍ക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊഴിലിനൊപ്പം ചുറ്റുപാടിന്‍റെ വികസനത്തിനും സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കുമായി എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും മികവുറ്റ ഫലങ്ങള്‍ പുറത്തു കൊണ്ടുവരുന്നതിനുമുള്ള സ്ഥാപനത്തിന്‍റെ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണിത്. ഇത് മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ഐടി സംവിധാനങ്ങളുടെ മൊത്തത്തിലുള്ള വികസനത്തിലേക്ക് നയിക്കുന്ന മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടെക്നോപാര്‍ക്ക് കസ്റ്റമര്‍ റിലേഷന്‍ഷിപ്സ് എജിഎം വസന്ത് വരദ ചടങ്ങില്‍ പങ്കെടുത്തു.
ചില്ലറ നികുതി സേവനങ്ങളും ഓണ്‍ലൈന്‍ നികുതി സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന്‍റെ ടെക്നോപാര്‍ക്കിലെ ഗ്ലോബല്‍ ടെക്നോളജി സെന്‍റര്‍ (ജിടിസി) ഐടി, ഐടി ഇതര സേവനങ്ങള്‍ നല്‍കുന്നു. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതിനകം പത്ത് വീടുകള്‍ എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യാന്തര പ്രശസ്തമായ സ്ഥാപനമാണ്. ഇത് നിശ്ചിത മാനദണ്ഡങ്ങളിലുള്ള മൂല്യനിര്‍ണയ പ്രക്രിയയിലൂടെ മികച്ച തൊഴില്‍ അന്തരീക്ഷമുള്ള സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നു.
Photo Gallery
