പ്രൊഫ. എം എസ് വല്യത്താന്‍ ശാസ്ത്രസമൂഹത്തിന് മാതൃകാ വ്യക്തിത്വം- ആര്‍ജിസിബി ഡയറക്ടര്‍

Trivandrum / July 18, 2024

തിരുവനന്തപുരം: പ്രശസ്ത കാര്‍ഡിയാക് സര്‍ജനും ആരോഗ്യമേഖലയിലെ കുലപതിയുമായിരുന്ന പ്രൊഫ. എം എസ് വല്യത്താന്‍റെ നിര്യാണത്തില്‍ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി അഗാധദു:ഖം രേഖപ്പെടുത്തി.

കാര്‍ഡിയാക് ശസ്ത്രക്രിയാവിഭാഗത്തിലും ആരോഗ്യ സാങ്കേതികവിദ്യയിലും പ്രൊഫ വല്യത്താന്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രമുഖ ആരോഗ്യസ്ഥാപനങ്ങളുടെ രൂപീകരണത്തോടൊപ്പം അത്യാധുനിക ആരോഗ്യ സാങ്കേതികവിദ്യയില്‍ അതിനൂതന ഗവേഷണങ്ങളും വികസനങ്ങളും അദ്ദേഹം നടത്തി. രാജ്യത്തിന് അസംഖ്യം സംഭാവനകളാണ് പ്രൊഫ. വല്യത്താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഹൃദയ വാല്‍വ്, ഒറ്റത്തവണ ഉപയോഗിക്കാവുന്ന രക്തബാഗ് എന്നിവ പോലുള്ള ഉത്പന്നങ്ങള്‍ രാജ്യത്തെ ആരോഗ്യ-സാങ്കേതികവിദ്യയില്‍ നാഴികക്കല്ലുകളാണ്. ഇതിനു പുറമെയാണ് ആരോഗ്യ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായത്തിന് രാജ്യത്ത് തുടക്കം കുറിച്ചതുമെന്നും പ്രൊഫ. നാരായണ പറഞ്ഞു.

സമ്പൂര്‍ണ സമര്‍പ്പണം, പ്രായോഗിക ചിന്ത, കഠിനാധ്വാനം എന്നിവയ്ക്ക് പ്രസിദ്ധനായിരുന്ന പ്രൊഫ. വല്യത്താന്‍ രാജ്യത്തെ ശാസ്ത്രസമൂഹത്തിന് എന്നും പ്രചോദനം നല്‍കി. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ എന്നിവയുടെ സ്ഥാപകനും അദ്ദേഹമായിരുന്നു. ആര്‍ജിസിബിയുമായി വളരെയടുത്ത ബന്ധമാണ് ഡോ. വല്യത്താനുണ്ടായിരുന്നതെന്നും ഡയറക്ടര്‍ അനുസ്മരിച്ചു.

പദ്മവിഭൂഷണ്‍, ഡോ. ബി സി റോയി ദേശീയ പുരസ്ക്കാരം എന്നിവ അദ്ദേഹത്തിന് രാഷ്ട്രം സമര്‍പ്പിച്ചിരുന്നു. ശാസ്ത്ര സമൂഹത്തെ, വിശേഷിച്ച് ഡോക്ടര്‍മാര്‍, ഗവേഷകര്‍ എന്നിവര്‍ക്ക് അദ്ദേഹം എന്നും മാതൃകാ വ്യക്തിത്വമായിരിക്കും.

ആര്‍ജിസിബിയിലെ ശാസ്ത്രജ്ഞര്‍, ഗവേഷകര്‍ ജീവനക്കാര്‍ എന്നിവര്‍ ഇന്ത്യന്‍ മെഡിക്കല്‍ രംഗത്തെ കുലപതിയുടെ നിര്യാണത്തില്‍ അഗാധ ദു:ഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്‍റെ സന്തപ്ത കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അനുശോചനം അറിയിക്കുന്നതായും പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു.
 

Photo Gallery