എഐ കമ്പനി നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ അടുത്ത വര്‍ഷം ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്‍റ് മീറ്റ് സംഘടിപ്പിക്കും: മന്ത്രി പി രാജീവ്

ദ്വിദിന രാജ്യാന്തര ജെനറേറ്റീവ് എഐ കോണ്‍ക്ലേവ് സമാപിച്ചു
Kochi / July 10, 2024

കൊച്ചി: എഐ മേഖലയിലെ കമ്പനികളില്‍ നിന്നുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ 2025 ജനുവരിയില്‍ കൊച്ചിയില്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്‍റ് മീറ്റ് സംഘടിപ്പിക്കുമെന്ന് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സി (എഐ)ന്‍റെ പരിവര്‍ത്തന സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതിന്‍റെ സ്വാധീനവും ചര്‍ച്ചചെയ്ത ദ്വിദിന രാജ്യാന്തര ജെനറേറ്റീവ് എഐ കോണ്‍ക്ലേവിന്‍റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കേരളത്തിലെ എഐ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള വ്യവസായ വകുപ്പിന്‍റെ ഭാവിപദ്ധതികള്‍ ചടങ്ങില്‍ മന്ത്രി പ്രഖ്യാപിച്ചു. അഞ്ച് മാസത്തെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം അടുത്ത വര്‍ഷം ജനുവരി 14,15 തിയതികളില്‍ ആയിരിക്കും ഗ്ലോബല്‍ ഇന്‍വസ്റ്റേഴ്സ് മീറ്റ് നടത്തുക.

 പ്രഥമ രാജ്യാന്തര ജനറേറ്റീവ് എഐ കോണ്‍ക്ലേവിന്‍റെ തുടര്‍ച്ചയായി നടക്കാന്‍ പോകുന്നത് ചെറുതും വലുതുമായ ആറ് യോഗങ്ങളാണെന്ന് മന്ത്രി പറഞ്ഞു. ജെന്‍ എഐയുടെ തുടര്‍ച്ചയായി പന്ത്രണ്ട് മേഖലകളിലായി റൗണ്ട് ടേബിള്‍ യോഗങ്ങള്‍ നടത്തും. ഇതില്‍ അന്താരാഷ്ട്ര റോബോട്ടിക് റൗണ്ട് ടേബിള്‍ ആഗസ്റ്റ് 24 ന് കൊച്ചിയില്‍ നടക്കും. ഈ രംഗത്തെ നിക്ഷേപകര്‍, വിദഗ്ധര്‍ എന്നിവര്‍ക്കു പുറമെ റോബോട്ടിക് മേഖലയില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സംരംഭകര്‍ എന്നിവരെയും സമ്മേളനത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്.

നിക്ഷേപസാധ്യത പരിശോധിക്കുന്നതിനു വേണ്ടി ബഹുരാഷ്ട്ര കമ്പനികളുടെ പ്രതിനിധികളുമായി ആഗസ്റ്റ് അഞ്ചിന് യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് കോടി രൂപ വരെയെങ്കിലും നിക്ഷേപം നടത്തിയ 200 പേരുടെ യോഗം ജൂലായ് 29 വിളിച്ചു ചേര്‍ക്കും. ഇവരുടെ നിക്ഷേപ സാധ്യതകള്‍ ഉയര്‍ത്തുന്നത് പരിശോധിക്കുന്നതിനു വേണ്ടിയാണ് യോഗം. നിക്ഷേപ സമാഹരണത്തിനായി ചെന്നൈ, മുംബൈ, ഡല്‍ഹി  എന്നിവിടങ്ങളില്‍ റോഡ് ഷോ നടത്തും. സെപ്തംബര്‍ അവസാനം ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ബയോകണക്ട് സംഘടിപ്പിക്കും. ഇതിലൂടെ 500 കോടി രൂപയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, ഐബിഎം സോഫ്റ്റ് വെയര്‍ പ്രൊഡക്ട്സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ദിനേശ് നിര്‍മ്മല്‍ എന്നിവരും സമാപന സമ്മേളത്തില്‍ പങ്കെടുത്തു.

കോണ്‍ക്ലേവിനു മുന്നോടിയായി പ്രാദേശിക സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വാട്സണ്‍-എക്സ് പ്ലാറ്റ് ഫോമുകളില്‍ സംഘടിപ്പിച്ച ഹാക്കത്തണില്‍ എഐവിസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് വിജയികളായി. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഹാക്കത്തണില്‍ കോട്ടയം അമല്‍ ജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ്, തൃശ്ശൂര്‍ സഹൃദയ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, പാലക്കാട് എന്‍എസ്എസ് കോളേജ് ഓഫ് എന്‍ജിനീയറിങ് എന്നിവ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.

ഡെവലപ്പര്‍മാര്‍, ബിസിനസ് പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഐബിഎം ക്ലയന്‍റുകള്‍, പങ്കാളികള്‍ എന്നിവരുള്‍പ്പെടെ എഐ മേഖലയില്‍ നിന്നുള്ള രണ്ടായിരത്തോളം പേരാണ് കൊച്ചിയിലെ ലുലു ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന എഐ കോണ്‍ക്ലേവില്‍ പങ്കെടുത്തത്. ഐബിഎം അംഗങ്ങള്‍, വ്യവസായ-ടെക്നോളജി വിദഗ്ധര്‍ തുടങ്ങിയവര്‍ എഐയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കിട്ടു. ഡെമോകള്‍, ആക്ടിവേഷനുകള്‍, വ്യവസായ വിദഗ്ധരുമായുള്ള കൂടിക്കാഴ്ച എന്നിവയും കോണ്‍ക്ലേവില്‍ നടന്നു. എഐ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ സാധിക്കുന്ന സംവിധാനങ്ങളും ഒരുക്കിയിരുന്നു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) ഐബിഎമ്മുമായി ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിച്ചത്.

Photo Gallery