ജീവിതം ലളിതമാക്കുകയും കഴിവുകള്‍ വികസിപ്പിക്കുകയും ചെയ്യുക: ബഹിരാകാശ സഞ്ചാരി സ്റ്റീവ് സ്മിത്ത്
Kochi / July 12, 2024
കൊച്ചി: ബഹിരാകാശ യാത്രികരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശ്രദ്ധയും സ്ഥിരോത്സാഹവും ആര്‍ജിക്കാന്‍ ലളിതജീവിതം അത്യാവശ്യമാണെന്ന് മുതിര്‍ന്ന അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി സ്റ്റീവ് സ്മിത്ത് പറഞ്ഞു. കേരളത്തിലെ സ്കൂള്‍ സിലബസില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ഉള്‍പ്പെടുത്തിയ നടപടിയെ അദ്ദേഹം അഭിനന്ദിച്ചു.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) ഐബിഎമ്മുമായി സഹകരിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച ദ്വിദിന ജെന്‍ എഐ അന്താരാഷ്ട്ര കോണ്‍ക്ലേവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ബഹിരാകാശ യാത്രികനാകാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ശാസ്ത്രീയ മനോഭാവവും എഞ്ചിനീയറിംഗ് പരിജ്ഞാനവും അത്യന്താപേക്ഷിതമാണ്. അതിനൊപ്പം ആശയവിനിമയവും വ്യക്തിഗത ബന്ധങ്ങളും ഫലപ്രദമാക്കാനുള്ള കഴിവ് വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാര്‍ എഐയെ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസത്തില്‍ എഐ ഉപകരണങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനായി എല്ലാ അധ്യാപകര്‍ക്കും കൈറ്റ് പരിശീലനം നല്‍കുന്നുണ്ടെന്നും ജെന്‍ എഐ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം അനുസ്മരിച്ചുകൊണ്ടാണ് സ്റ്റീവ് സ്മിത്ത് മാധ്യപ്രവര്‍ത്തകരോട് സംസാരിച്ചത്.
ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ 10,000 റോക്കറ്റുകള്‍ കഴിഞ്ഞ ദശകത്തില്‍ വിക്ഷേപിച്ചിട്ടുണ്ട്. ബഹിരാകാശ ശാസ്ത്രത്തില്‍ രാജ്യങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യത്തിന് തെളിവാണിത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 1,800 പുതിയ കമ്പനികളാണ് ഈ മേഖലയിലേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂമി മനുഷ്യരാശിക്ക് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ ഗ്രഹമായി തുടരുകയാണ് ഇപ്പോഴും. ഭൂമിയില്‍ ജനസംഖ്യ വര്‍ധിക്കുമ്പോള്‍ ചൊവ്വയില്‍ ആളുകളെ പുനരധിവസിപ്പിക്കാനുള്ള വഴികള്‍ കണ്ടെത്തിയ സമയമാണിതെന്ന് ചിലര്‍ പറഞ്ഞേക്കാം. എന്നാല്‍ ഭൂമി ഇപ്പോഴും മനുഷ്യര്‍ക്ക് ജീവിക്കാന്‍ പറ്റിയ സ്ഥലമാണ്. ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്കുള്ള യാത്രയ്ക്ക് ഒമ്പത് മാസമാണ് കാലയളവ്. എന്നാല്‍ ചന്ദ്രനിലേക്ക് മൂന്നു ദിവസത്തിനുള്ളില്‍ എത്തിച്ചേരാനാകും. ഇത്തരം കുടിയേറ്റങ്ങള്‍ സംഭവിക്കാം. എന്നാലത് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമായിരിക്കും. അടുത്ത രണ്ട് നൂറ്റാണ്ടുകളില്‍ അങ്ങനെ സംഭവിക്കണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഫ്ഒ സംബന്ധിച്ചുള്ള നിഗൂഡതകളെ വെളിപ്പെടുത്താന്‍ എഐ യ്ക്ക് സാധിക്കുമെന്ന് കരുതുന്നില്ലെന്നും സ്മിത്ത് പറഞ്ഞു. ബഹിരാകാശ യാത്രകളുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന അവശിഷ്ടങ്ങള്‍ ആശങ്കാജനകമാണ്. നമ്മുടെ സമുദ്രങ്ങളിലേക്ക് ഇത്തരം അവശിഷ്ടങ്ങള്‍ മുങ്ങുന്നത് മുങ്ങുന്നത് ഉറപ്പാക്കുന്ന സാങ്കേതികവിദ്യകള്‍ നമുക്കുണ്ട്. ഭൂമിയുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ അവയുടെ വ്യതിചലനം സാധ്യമാക്കുന്നതിനുള്ള പഠനങ്ങള്‍ നാസയില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Photo Gallery
