നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗപ്പെടുത്തണം: ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്‍റ് ദിനേശ് നിര്‍മ്മല്‍

Kochi / July 11, 2024

കൊച്ചി: നിര്‍മ്മിതബുദ്ധിയുടെ വലിയ സാധ്യതകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗപ്പെടുത്താന്‍ കമ്പനികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്‍റ് (സോഫ്റ്റ് വെയര്‍ ഡെവലപ്മെന്‍റ് ) ദിനേശ് നിര്‍മ്മല്‍ പറഞ്ഞു. കൊച്ചിയില്‍ ആരംഭിച്ച ദ്വിദിന ജെന്‍ എഐ അന്താരാഷ്ട്ര കോണ്‍ക്ലേവില്‍ 'ജെന്‍ എഐ ന്യൂ ടെക്നോളജി നോര്‍ത്ത് സ്റ്റാര്‍ ആന്‍ഡ് ഡ്രൈവിംഗ് ഇന്നൊവേഷന്‍ വിത്ത് വാട്സണ്‍എക്സ്' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 രാജ്യത്തെ 50 ശതമാനത്തോളം കമ്പനികള്‍ നിര്‍മ്മിത ബുദ്ധി ഉപയോഗപ്പെടുത്താന്‍ തയ്യാറെടുക്കുകയാണ്. ഈ സാങ്കേതികവിദ്യയെപ്പറ്റി കമ്പനി അധികൃതര്‍ സാമാന്യബോധം ആര്‍ജിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അപകടങ്ങളില്‍ ചെന്നുചാടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) ഐബിഎമ്മുമായി സഹകരിച്ച് ബോള്‍ഗാട്ടി ലുലു ഗ്രാന്‍ഡ് ഹയാറ്റ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

ഐബിഎം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബിസിനസ് വാല്യുവും ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് ചേര്‍ന്ന് അടുത്തിടെ നടത്തിയ പഠന പ്രകാരം 49 ശതമാനം ഇന്ത്യന്‍ സിഇഒമാരും തങ്ങളുടെ നേതൃത്വത്തിലുള്ള കമ്പനികളില്‍ നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള ചിന്തയിലാണെന്നും ദിനേശ് നിര്‍മ്മല്‍ പറഞ്ഞു.

നിര്‍മ്മിതബുദ്ധി സാങ്കേതികവിദ്യ 2035 ഓടെ ഒരു ട്രില്യണ്‍ ഡോളറോളം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മിതബുദ്ധിയുടെ വികാസത്തിലും ഉപയോഗത്തിലും വിന്യാസത്തിലും ഡേറ്റാ ശേഖരണത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 അത്യാധുനിക സോഫ്റ്റ് വെയര്‍ സാങ്കേതികവിദ്യയില്‍ യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്താനാകും. എന്നാല്‍ നിര്‍മ്മിതബുദ്ധി ഉപയോഗപ്പെടുത്തുന്നതിലൂടെ വ്യവസായ ബിസിനസ് മേഖലയില്‍ ഉല്‍പ്പാദനക്ഷമതയും പ്രവര്‍ത്തനശേഷിയും പതിന്‍മടങ്ങ് വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ജെന്‍ എഐ യ്ക്ക് ഇപ്പോള്‍ തന്നെ 694,000 മാതൃകകളുണ്ട്. പക്ഷെ ലോകമെമ്പാടുമുള്ള കമ്പനികളില്‍ പത്തു ശതമാനം മാത്രമാണ് നിര്‍മ്മിതബുദ്ധി ഉപയോഗപ്പെടുത്തുന്നത്. ഭൂരിപക്ഷം ബിസിനസ് സംരംഭങ്ങളും ജെന്‍ എഐ ഉപയോഗപ്പെടുത്താന്‍ ഇരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രഭാഷണത്തെ തുടര്‍ന്ന് ജെന്‍ എഐ പ്ലാറ്റ് ഫോമായ 'വാട്സണ്‍എക്സ്'  ഉപയോഗിക്കേണ്ട വിധത്തെക്കുറിച്ച് എഞ്ചിനീയര്‍മാരായ സുധീഷ് കൈരളും റിനു തങ്കച്ചനും പരിചയപ്പെടുത്തി. ശേഷം നടന്ന ചര്‍ച്ചയില്‍ കംപാറസ് സിഇഒ ദിമിത്രി ഗാമര്‍നിക്, എസ് ആന്‍ഡ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്‍റലിജന്‍സ് ചീഫ് ഡാറ്റ ഓഫീസര്‍ അഭിഷേക് തോമര്‍, സെവിയ ഫുട്ബോള്‍ ക്ലബ് സിടിഒ ഏലിയാസ് സമോറ, ബോസ്റ്റണ്‍ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പ് എംഡി അമിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 2000 ത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന രണ്ട് ദിവസത്തെ ചര്‍ച്ചയില്‍ 17 സെഷനുകളാണ് ഉള്ളത്.

Photo Gallery

+
Content