നിര്‍മ്മിതബുദ്ധി (എഐ) കേന്ദ്രം; എഡിന്‍ബറോ സര്‍വകലാശാലയും കേരള ഡിജിറ്റല്‍ സര്‍വകലാശാലയും കരാറൊപ്പിട്ടു
Kochi / July 11, 2024
കൊച്ചി: കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ നിര്‍മ്മിത ബുദ്ധി കേന്ദ്രം സ്ഥാപിക്കാന്‍ യു കെയിലെ എഡിന്‍ബറോ സര്‍വകലാശാലയിലെ അലന്‍ ടൂറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടും കേരള ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും തമ്മില്‍ കരാറൊപ്പിട്ടു. നിര്‍മ്മിതബുദ്ധി, ഹാര്‍ഡ് വെയര്‍, റോബോട്ടിക്സ്, ജെന്‍ എഐ എന്നീ മേഖലയില്‍ ഗവേഷണങ്ങള്‍ക്ക് അതീവ പ്രാധാന്യമാണ് ഇതോടെ കൈവരുന്നത്.
കൊച്ചിയില്‍ കെഎസ്ഐഡിസി സംഘടിപ്പിക്കുന്ന ജെന്‍ എഐ കോണ്‍ക്ലേവില്‍ വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവിന്‍റെ സാന്നിദ്ധ്യത്തിലാണ് ഡിജിറ്റല്‍ സര്‍വകലാശാല ഡീന്‍ അലക്സ് ജെയിംസ്, ദി അലന്‍ ടൂറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ ഫോര്‍ റോബോട്ടിക്സ് ആന്‍ഡ് എഐ പ്രൊഫ. സേതു വിജയകുമാര്‍ എന്നിവര്‍ ധാരണാപത്രം കൈമാറിയത്.
വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, എഡിന്‍ബറോ സര്‍വകലാശാല റീജ്യണല്‍ ഡയറക്ടര്‍ ഡോ. അതുല്യ അരവിന്ദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
എഐ ചിപ്പുകള്‍, ഹാര്‍ഡ് വെയര്‍ എന്നിവയുടെ വികസനത്തില്‍ ഡിജിറ്റല്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണം ശക്തിപകരും. നിര്‍മ്മിതബുദ്ധി, റോബോട്ടിക്സ് എന്നീ മേഖലയിലെ എല്ലാ പുത്തന്‍ പ്രവണതകളും ഉടന്‍ തന്നെ ഡിജിറ്റല്‍ സര്‍വകലാശാലയിലും എത്താന്‍ ഇതുപകരിക്കും.
ഭാവിയില്‍ വരാന്‍ പോകുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ജെനറേറ്റീവ് എഐയും റോബോട്ടിക്സും പരിഹാരമാകുമെന്ന പൊതുധാരണ ശരിയല്ലെന്ന് പ്രൊഫ. സേതു വിജയകുമാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഭാവിയുടെ സാങ്കേതികവിദ്യയെ നിസ്സാരമായി കാണാനുമാവില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമൂഹ-സാമ്പത്തികവ്യവസ്ഥ സൃഷ്ടിക്കാന്‍ റോബോട്ടിക്സിന് ഏറെ സംഭാവനകള്‍ നല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ജെന്‍ എഐ കോണ്‍ക്ലേവില്‍ എഐ റോബോട്ടിക്സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ ജപ്പാനില്‍ റോബോട്ടുകള്‍ മാത്രം ജോലി ചെയ്യുന്ന റസ്റ്ററന്‍റ് അദ്ദേഹം ഉദാഹരണമായി എടുത്തു പറഞ്ഞു. അവിടെ സേവനങ്ങള്‍ മാത്രമാണ് റോബോട്ടുകള്‍ ചെയ്യുന്നത്. പക്ഷെ സേവനങ്ങള്‍ക്കായി റോബോട്ടുകളെ നിയന്ത്രിക്കുന്നത് ജപ്പാനിലെ വിവിധ നഗരങ്ങളില്‍ താമസിക്കുന്ന ശയ്യാവലംബിതരായ വ്യക്തികളാണ്. സമൂഹത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്നവരെക്കൂടി മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റോബോട്ടിക്സ് എല്ലാം തികഞ്ഞതാണെന്ന ധാരണയും ശരിയല്ല. അതിനുള്ള ന്യൂനതകളെക്കുറിച്ച് ഉപഭോക്താക്കള്‍ക്കും പൊതുസമൂഹത്തിനും വേണ്ട അവബോധം നല്‍കാനാകണം. ആണവ സ്ഥാപനങ്ങളുടെ ഡികമ്മീഷനിംഗ്, ദുരന്തമേഖലകള്‍, ബഹിരാകാശ യാത്രകള്‍, വ്യോമയാനം, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ രംഗങ്ങളില്‍ റോബോട്ടിക്സിനുള്ള സാധ്യതകള്‍ കഴിയുന്നതും ഉപയോഗപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. വിവിധ ലോകോത്തര സ്ഥാപനങ്ങളില്‍ ഇതിനായുള്ള ഗവേഷണങ്ങളും പരിശ്രമങ്ങളും നടന്നു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ സാങ്കേതിക മേഖലകളിലെ വിദഗ്ധരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 4500 പ്രതിനിധികളാണ് രജിസ്റ്റര്‍ ചെയ്ത് നേരിട്ടും ഓണ്‍ലൈനായും സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ദ്വിദിന ജെന്‍ എഐ കോണ്‍ക്ലേവ് വെള്ളിയാഴ്ച സമാപിക്കും.
Photo Gallery
