വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ വളര്‍ച്ചയ്ക്ക് രാജ്യാന്തര ജെന്‍ എ ഐ കോണ്‍ക്ലേവ് ഊര്‍ജ്ജമേകും

സമ്മേളനം നാളെ (ജൂലൈ 11) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
Kochi / July 10, 2024

കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി(എ ഐ)ന്റെ പരിവര്‍ത്തന സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതിന്റെ സ്വാധീനവും ചര്‍ച്ചചെയ്യുന്ന ദ്വിദിന ജെനറേറ്റീവ് എ ഐ കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) ഐബിഎമ്മുമായി ചേര്‍ന്നാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.


കൊച്ചിയിലെ ലുലു ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂലായ് 11 ന് രാവിലെ 10.15 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ വ്യവസായ-കയര്‍-നിയമ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ഡോ. വി വേണു, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് എംഡിയും ചെയര്‍മാനുമായ എം എ യൂസഫലി തുടങ്ങിയവര്‍ പങ്കെടുക്കും.


കേരളത്തിലും രാജ്യത്തും നിര്‍മ്മിത ബുദ്ധി വ്യവസായങ്ങളില്‍ ഉണ്ടാകാന്‍ പോകുന്ന മുന്നേറ്റത്തിലെ സുപ്രധാന നാഴികക്കല്ലായി സമ്മേളനം മാറും. നിര്‍മ്മിതബുദ്ധി വിവിധ മേഖലകളില്‍ ഉപയോഗിക്കുന്നതില്‍ കേരളം മികവ് തെളിയിക്കുന്ന ഘട്ടത്തിലാണ് രാജ്യത്തെ ആദ്യത്തെ ജെന്‍ എ ഐ കോണ്‍ക്ലേവ് കൊച്ചിയില്‍ നടക്കുന്നത്. കേരളത്തെ എ.ഐ ഡെസ്റ്റിനേഷനായി മാറ്റാനും ഇന്‍ഡസ്ട്രി 4.0 നുള്ള സംസ്ഥാനത്തിന്റെ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കാനും സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും സമ്മേളനം ലക്ഷ്യമിടുന്നു.


ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, സംവേദനാത്മക സെഷനുകള്‍ എന്നിവയാണ് പ്രധാന അജണ്ട. എ.ഐ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ സാധിക്കുന്ന സംവിധാനങ്ങളും ഒരുക്കും. മന്ത്രിമാര്‍, ഐബിഎം അംഗങ്ങള്‍, വ്യവസായ-ടെക്‌നോളജി പ്രമുഖര്‍ തുടങ്ങിയവര്‍ എ.ഐയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കിടും. ഡെവലപ്പര്‍മാര്‍, വ്യവസായ പ്രമുഖര്‍, സര്‍വകലാശാലകള്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമങ്ങള്‍, അനലിസ്റ്റുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഐബിഎമ്മിന്റെ പങ്കാളികള്‍ തുടങ്ങിയവര്‍ കോണ്‍ക്ലേവിന്റെ ഭാഗമാകും. ഡെമോകള്‍, ആക്ടിവേഷനുകള്‍, വ്യവസായ വിദഗ്ധരുമായുള്ള കൂടിക്കാഴ്ച എന്നിവയും കോണ്‍ക്ലേവില്‍ ഉണ്ടായിരിക്കും.
രണ്ടു ദിവസങ്ങളിലായി 17 സെഷനുകളാണ് സമ്മേളനത്തിലുള്ളത്. ഇതില്‍ പത്തെണ്ണം രണ്ടാം ദിവസം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്:  https://www.ibm.com/in-en/events/gen-ai-conclave.

ജെന്‍ എ ഐ ഈസ് ദ ന്യൂ ടെക്നോളജി നോര്‍ത്ത് സ്റ്റാര്‍, ഡ്രൈവിംഗ് ഇന്നൊവേഷന്‍ വിത്ത് വാട്‌സണ്‍എക്‌സ്, ജെന്‍ എ ഐ ഇന്‍ റൈസിംഗ് ഭാരത്, ഓപ്പണ്‍ സോഴ്സ് എ ഐയുടെ ശക്തി പ്രയോജനപ്പെടുത്തി ബിസിനസ് നവീകരണം ത്വരിതപ്പെടുത്തല്‍, റോബോട്ടിക്സിലും ആപ്ലിക്കേഷനിലെയും എ ഐ, നാസയിലെ ബഹിരാകാശ സഞ്ചാരി സ്റ്റീവ് സ്മിത്ത് നയിക്കുന്ന 'ബഹിരാകാശ സഞ്ചാരിയായുള്ള അനുഭവപാഠങ്ങള്‍' എന്നിവയാണ് ആദ്യ ദിവസത്തെ സെഷനുകള്‍. തുടര്‍ന്ന് നെറ്റ്വര്‍ക്കിംഗും ഡെമോകളും പ്ലേഗ്രൗണ്ടിലെ ആക്ടിവേഷനുകളും നടക്കും.
രണ്ടാം ദിവസം എ ഐ മേഖലയുടെ പ്രോത്സാഹനത്തിനായുള്ള സര്‍ക്കാര്‍ ഉദ്യമങ്ങളെ കുറിച്ച് മന്ത്രി പി രാജീവ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, ഇലക്ട്രോണിക്‌സ് ഐടി സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ തുടങ്ങിയവര്‍ സംസാരിക്കും.
തുടര്‍ന്ന് കേരളത്തിലെ ജെന്‍ എ ഐ പിന്തുണാ ആവാസവ്യവസ്ഥ, ജെന്‍ എ ഐ മേഖലയില്‍ സ്ത്രീ സംരംഭകര്‍ക്കായുള്ള സാധ്യതകള്‍, ഇന്നൊവേഷന്‍ സാധ്യതകള്‍ എന്നിവയെ കുറിച്ച് പാനല്‍ ചര്‍ച്ചകള്‍ നടക്കും. 'നാവിഗേറ്റിംഗ് ദി ജെന്‍ എ ഐ ലാന്‍ഡ്സ്‌കേപ്പ്: എ ഡെവലപ്പേഴ്സ് റോഡ്മാപ്പ്' എന്ന വിഷയത്തില്‍ പ്രഭാഷണവും നടക്കും.


ഉച്ചഭക്ഷണത്തിന് ശേഷം വിദ്യാര്‍ത്ഥികളുടെയും സ്റ്റാര്‍ട്ട്-അപ്പുകളുടെയും വാട്സണ്‍എക്സ് ഹാക്കത്തോണ്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും അവതരണവും നടക്കും. തുടര്‍ന്ന് 'എഐ അഡോപ്ഷന്‍ ഇന്‍ ഇന്ത്യ- ദ ഇംപാക്റ്റ് ഓണ്‍ ഇന്ത്യന്‍ എക്കണോമി ആന്‍ഡ് ബിസ്നസ്', ബിസിനസ് ആപ്ലിക്കേഷനുകള്‍ക്കായുള്ള എ ഐ വിന്യാസം ത്വരിതപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണം നടക്കും. തുടര്‍ന്ന് പ്ലേഗ്രൗണ്ടിലെ ഡെമോകളും ജെന്‍ എ ഐ ആപ്ലിക്കേഷനുകളിലെ വിശ്വാസ്യത സൃഷ്ടിക്കലും നൈതിക വെല്ലുവിളികളും സെഷനും അരങ്ങേറും.


സമാപന സമ്മേളനത്തില്‍ ഐബിഎം സോഫ്റ്റ് വെയര്‍ പ്രൊഡക്ട്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മ്മല്‍, ഐ ആന്‍ഡ് പിആര്‍ഡി സെക്രട്ടറിയും കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടറും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോര്‍ എന്നിവര്‍ സമ്മേളനത്തെ കുറിച്ച് അവലോകനം നടത്തും.


ഐവിസ് സൊല്യൂഷന്‍സ്, അമ്രാസ് സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ്, അത്താച്ചി, ബില്യണ്‍ലൈവ്‌സ് ബിസിനസ് ഇനിഷ്യേറ്റീവ്‌സ്, ബില്‍ഡ്‌നെക്സ്റ്റ് കണ്‍സ്ട്രക്ഷന്‍സ് സൊല്യൂഷന്‍സ്, കോഡിയോഫ്ഡ്യൂട്ടി ഇനോവേഷന്‍സ്, ഡോക്കര്‍ വിഷന്‍, ഗൗഡ് ബിസിനസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സൊല്യൂഷന്‍സ്, ഹയര്‍ഫ്‌ളെക്‌സ് ഗ്ലോബല്‍, ഐബിഎം, അയോനോട്ട് ടെക്‌നോളജീസ്, ലാര്‍സ്.എഐ, മന്ദാര. എഐ, പാരാഡിം. എഐ, പിക്കി അസിസ്റ്റ്, ടോഡോ സെയില്‍സ് ആപ്പ്, സ്‌കൈസ്‌മൈല്‍ ടെക്‌നോളജീസ്, തേര്‍ഡ് ഡേ അക്കാദമി, ടൂട്ടിഫ്രൂട്ടി ഇന്റെറാക്ടീവ്, ഉറവ് അഡ്വാന്‍സ്ഡ് ലേണിംഗ് സിസ്റ്റംസ്, എക്‌സ്‌പ്ലോര്‍ റൈഡ്‌സ്, സെഡിലാബ് സോഫ്റ്റ് വെയര്‍ സിസ്റ്റംസ് എന്നീ കമ്പനികളുടെ പ്രദര്‍ശനവും ജെന്‍ എഐ കോണ്‍ക്ലേവിലുണ്ടാകും.


കോണ്‍ക്ലേവിനു മുന്നോടിയായി ഐബിഎമ്മുമായി സഹകരിച്ച് തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ ടെക് ടോക്ക് സംഘടിപ്പിച്ചിരുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രാദേശിക സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി വാട്‌സണ്‍-എക്‌സ് പ്ലാറ്റ് ഫോമുകളില്‍ ഹാക്കത്തണും സംഘടിപ്പിച്ചു.

 

 

 

Photo Gallery