'കേരള സോപ്‌സിന്റെ ചന്ദന സുഗന്ധം ഇനി അറേബ്യന്‍ നാടുകളിലേക്കും'
ഒന്നിച്ച് വിപണിയിലിറക്കുന്നത് എട്ട് സോപ്പ് ഉത്പന്നങ്ങള്‍
Kochi / July 10, 2024
കൊച്ചി: സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ(കെഎസ്‌ഐഇ) യൂണിറ്റായ കേരളാ സോപ്പ്‌സ് നിര്‍മ്മിക്കുന്ന പ്രീമിയം ഉത്പന്നങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന കയറ്റുമതിയുടെ ഔദ്യോഗിക ഉദ്ഘാടനം സംസ്ഥാന വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് നിര്‍വഹിക്കും. ഇതിനു പുറമെ കേരള സോപ്‌സ് വിപണിയിലിറക്കുന്ന പുതിയ ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനവും മന്ത്രി നടത്തും. ജൂലൈ 13 ന് മൂന്ന് മണിക്ക് എറണാകുളത്തെ ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് ചടങ്ങ്.
കേരള സോപ്‌സിന്റെ പ്രീമിയം ഉത്പന്നങ്ങളുടെ സാന്നിധ്യം ആഗോള വിപണിയില്‍ ശക്തമാക്കുന്നതിനോടനുബന്ധിച്ചാണ് പുതിയ നീക്കമെന്ന് കെഎസ്‌ഐഇ ചെയര്‍മാന്‍ ശ്രീ. ചെയര്‍മാന്‍ പീലിപ്പോസ് തോമസ്, മാനേജിങ് ഡയറക്ടര്‍ ശ്രീ. ജി രാജീവ് എന്നിവര്‍ അറിയിച്ചു. പുതിയ ഉത്പന്നങ്ങളായ കേരള സാന്‍ഡല്‍ ശ്രേണിയില്‍ പെട്ട ലിക്വിഡ് ഹാന്‍ഡ് വാഷ്, ''വാഷ് വെല്‍ ഡിറ്റര്‍ജന്റ് , ''ക്ലീന്‍വെല്‍ ഫ്‌ളോര്‍ ക്ലീനര്‍'', ''ഷൈന്‍ വെല്‍ ഡിഷ് വാഷ്'' കൂടാതെ പുതിയ ടോയ്‌ലറ്റ് സോപ്പുകളായ ''കോഹിനൂര്‍ സാന്‍ഡല്‍ ടര്‍മെറിക് , ''ത്രില്‍ ലാവെന്‍ഡര്‍'', ''ത്രില്‍ റോസ്'', ''ത്രില്‍ വൈറ്റ്'' എന്നിവയുടെ വിതരണോദ്ഘാടനവുമാണ് നടത്തുന്നത്.
ഗുണനിലവാരത്തിലും നൂതനത്വത്തിലും പ്രതിബദ്ധതക്കും പേരുകേട്ട കേരള സോപ്‌സിന്റെ പുതിയ ഉല്‍പ്പന്നങ്ങളുടെ സമാരംഭവും ജിസിസി രാജ്യങ്ങളിലേക്കുള്ള കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതും പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് പീലിപ്പോസ് തോമസ് അറിയിച്ചു. ആഗോള വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിനുള്ള സംരംഭം കമ്പനിയെ സംബന്ധിച്ചിടത്തോളം സുപ്രധാന നാഴികക്കല്ലാണെന്ന് മാനേജിങ് ഡയറക്ടര്‍ ജി രാജീവ് പറഞ്ഞു.
1914 ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച കേരളാ സോപ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇന്നത്തെ കേരളാ സോപ്‌സിന്റെ മാതൃ സ്ഥാപനം. അന്ന് ഏഷ്യയിലെതന്നെ ഏറ്റവും വലിയ സോപ്പ് നിര്‍മ്മാണ പരിശീലന യൂണിറ്റായിരുന്നു ഇത്. ഇവിടെ നിര്‍മ്മിക്കുന്ന സോപ്പുകള്‍ ജനപ്രിയമാകുകയും രാജ്യത്തെ വൈസ്രോയി അടക്കമുള്ള പ്രമുഖര്‍ക്ക് വിതരണം നടത്തുകയും ചെയ്തിരുന്നു.
വിവിധ കാരണങ്ങളാല്‍ നിര്‍ജ്ജീവമായ കമ്പനി 2010 ലാണ് കെഎസ്‌ഐഇ യുടെ നേതൃത്വത്തില്‍ കോഴിക്കോട് വെള്ളയില്‍ അത്യാധുനിക യന്ത്രസജ്ജീകരണങ്ങളോടെ പുനരാരംഭിച്ചത്. ഇതിനായി പ്രതിവര്‍ഷം 12,000 മെട്രിക് ടണ്‍ ഉല്‍പാദന ശേഷിയുള്ള അത്യാധുനിക ഓട്ടോമാറ്റിക് യന്ത്രങ്ങളാണ് കമ്പനിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. പശ്ചിമ ഘട്ടത്തിലെ മറയൂര്‍ ചന്ദനക്കാടുകളില്‍ നിന്നുള്ള യഥാര്‍ത്ഥ ചന്ദന തൈലം ചേര്‍ത്താണ് കേരളാ സാന്‍ഡല്‍ സോപ്പുകള്‍ നിര്‍മ്മിക്കുന്നത്.
ഇതോടൊപ്പം, സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖലാ മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചുള്ള വൈവിധ്യവല്‍ക്കരണ പരിപാടികളുടെ ഭാഗമായി സെമി ഓട്ടോമാറ്റിക് ലിക്വിഡ് ഫില്ലിംഗ് മെഷീന്‍, സെമി ഓട്ടോമാറ്റിക് പൗച് സീലിംഗ് മെഷീന്‍, ഓട്ടോമാറ്റിക് സാമ്പിള്‍ സോപ്പ് സ്റ്റാമ്പിങ് മെഷീന്‍ എന്നിവ ഫാക്ടറിയില്‍ പുതുതായി സ്ഥാപിക്കുകയും വാണിജ്യ അടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിക്കുകയും ചെയ്തു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ 3000ത്തോളം വരുന്ന ഔട്ട്‌ലെറ്റുകള്‍ വഴി കേരള സോപ്‌സ് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നു. കേരളത്തിലെ 14 ജില്ലകളിലായി 85 ഓളം വരുന്ന വിതരണക്കാരിലൂടെയാണ് വിപണിയില്‍ കേരള സോപ്‌സിന്റെ വിപണന ശൃംഖല വ്യാപിപ്പിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടുകൂടി വിതരണക്കാരുടെ എണ്ണം 150 ലേക്ക് ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. വിപണിയില്‍ സ്വകാര്യ മേഖലയിലെ വന്‍കിട കമ്പനികളോടാണ് കേരള സോപ്‌സിന്റെ മത്സരം. ഏറ്റവും ഗുണമേ•യുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് മനുഷ്യ സ്പര്‍ശം ഏല്‍ക്കാതെയാണ് കേരള സോപ്‌സ് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും പ്രധാന സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കേരള സോപ്‌സ് ഉത്പന്നങ്ങള്‍ ലഭ്യമാണ്. കയറ്റുമതി മേഖലയിലും നിര്‍ണ്ണായകമായ ചുവടുവയ്പാണ് ഈ വര്‍ഷം കേരളാ സോപ്‌സ് നടത്തിയിരിക്കുന്നത്. ജനറല്‍ മാനേജര്‍ ശ്രീ സി.ബി. ബാബുവിന്റെ നേതൃത്വത്തില്‍ 2023-24 സാമ്പത്തിക വര്‍ഷം 803.25 മെട്രിക് ടണ്‍ സോപ്പ് ഉത്പന്നങ്ങള്‍ കേരളത്തിനകത്തും പുറത്തുമുള്ള വിപണികളില്‍ എത്തിക്കുകയും ഏറ്റവും മികച്ച വിറ്റുവരവ് കൈവരിക്കുകയും ചെയ്തു. 282.08 ലക്ഷം രൂപയുടെ അറ്റാദായമാണ് കമ്പനി കൈവരിച്ചത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി ഉത്പാദനം വര്‍ദ്ധിപ്പിച്ചു കൊണ്ട് വിപണിയില്‍ ശക്തമായ സാന്നിധ്യമറിയിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് കേരള സോപ്‌സ്. 2024-25 സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 300 ലക്ഷം രൂപയിലേക്ക് എത്തിക്കുകയാണ് കേരള സോപ്‌സിന്റെ ലക്ഷ്യം. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ രൂപീകരിച്ചതാണ് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്(കെഎസ്‌ഐഇ). ഇതിനോടകം എയര്‍ കാര്‍ഗോ , സീ കാര്‍ഗോ ഇറക്കുമതി-കയറ്റുമതി മേഖലയില്‍ മികച്ച പ്രവര്‍ത്തനം കെഎസ്‌ഐഇ കാഴ്ച വയ്ക്കുന്നുണ്ടെന്നും എംഡിയും ചെയര്‍മാനും അറിയിച്ചു.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് ഒരു ഹോള്‍ഡിംഗ് കമ്പനിയായി സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന് കീഴില്‍ 1973 ല്‍ രൂപം കൊണ്ടു. വ്യവസായ വകുപ്പിന് കീഴില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളുടെ പുനരുദ്ധാരണമായിരുന്നു കെഎസ്‌ഐഇ യുടെ രൂപീകരണോദ്ദേശ്യം. 1999 ല്‍ കെഎസ്‌ഐഇ യുടെ സബ്‌സിഡറി കമ്പനികളെല്ലാം ഡീ ലിങ്ക് ചെയ്ത് ഒരു സ്വതന്ത്ര സ്ഥാപനമായി പ്രവര്‍ത്തിച്ചുവരുന്നു.
കെഎസ്‌ഐഇയുടെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍:
1, കോഴിക്കോടും തിരുവനന്തപുരത്തും വിമാനത്താവളങ്ങളിലെ എയര്‍ കാര്‍ഗോ ഓപ്പറേഷന്‍
2, കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കേരളാ സോപ്‌സ് യൂണിറ്റ്
3, എറണാകുളം കളമശേരിയിലെ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍
4, ട്രിവാന്‍ഡ്രം, കോട്ടയം, കൊച്ചി, കാലിക്കറ്റ്, പാലക്കാട് ബിസിനസ് സെന്ററുകള്‍ മുഖേനയുള്ള മാര്‍ക്കറ്റിംഗ്
5, തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിവിഷന്‍
2023-24 സാമ്പത്തിക വര്‍ഷം കെഎസ്‌ഐഇ യുടെ വിവിധ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ആകെ 7309.06 ലക്ഷം കമ്പനി വിറ്റുവരവ് കൈവരിക്കുകയുണ്ടായി. ഈ വര്‍ഷം 500.05 ലക്ഷം രൂപയുടെ ലാഭം കൈവരിക്കാന്‍ കമ്പനിക്ക് സാധിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 450 ലക്ഷത്തിന്റെ വര്‍ദ്ധനവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലാഭം രേഖപ്പെടുത്തിയത്.