ഐടി ജീവനക്കാര്‍ക്കായുള്ള ബിസിനസ് ക്വിസ് ലീഗിന് ടെക്നോപാര്‍ക്ക് വേദിയാകും

ആറു മാസം നീളുന്ന ലീഗ് ആഗസ്റ്റില്‍ ആരംഭിക്കും
Trivandrum / July 3, 2024

തിരുവനന്തപുരം:  ഗെയിമിങ്ങിലൂടെ ബിസിനസ് വിജ്ഞാനവും നൈപുണ്യവും വളര്‍ത്തുന്നതിനായി ഐടി ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന പ്രഥമ ബിസിനസ് ക്വിസ് ലീഗിന് ടെക്നോപാര്‍ക്ക് വേദിയാകും. ആറു മാസം നീളുന്ന ലീഗ് ആഗസ്റ്റിലാണ് ആരംഭിക്കുക.

ടെക്നോപാര്‍ക്കിന്‍റെയും ജിടെക്കിന്‍റെയും സഹകരണത്തോടെ സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പ്, ഇന്‍റര്‍നാഷണല്‍ ക്വിസിങ് അസോസിയേഷന്‍ (ഏഷ്യ), ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയും ഇതിന്‍റെ ഓര്‍ഗനൈസിംഗ് പാര്‍ട്ണര്‍മാരായും സംസ്ഥാന ഐടി മിഷന്‍ ഏകോപന പങ്കാളിയുമാണ്.

ബിസിനസ് ക്വിസ് ലീഗിന്‍റെ ഡെമോണ്‍സ്ട്രേഷന്‍ സെഷന്‍ ടെക്നോപാര്‍ക്ക് ട്രാവന്‍കൂര്‍ ഹാളില്‍ നടന്നു. ഐടി മിഷന്‍ ഡയറക്ടര്‍ അനുകുമാരി, ജി ടെക് സിഇഒ ഈപ്പന്‍ ടോണി ജോണ്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിവിധ ഐടി കമ്പനികളെ പ്രതിനിധീകരിച്ച് ടീമുകള്‍ ക്വിസില്‍ പങ്കെടുത്തു. ആദിഷ് ജൂബില്‍ സി, വൈശാഖ് എസ് എന്നിവരടങ്ങിയ ജെന്‍ റോബോട്ടിക്സ് ടീം ജേതാക്കളായി. സ്നേഹജ് ശ്രീനിവാസ് ക്വിസ് സെഷന്‍ നയിച്ചു.

ഐടി ജീവനക്കാരുടെ നിരീക്ഷണം, വിശകലന വൈദഗ്ധ്യം, ലോജിക്കല്‍ റീസണിംഗ്, ലാറ്ററല്‍ തിങ്കിംഗ്, ടൈം മാനേജ്മെന്‍റ്, തീരുമാനങ്ങള്‍ എടുക്കല്‍, പ്രശ്നപരിഹാരം തുടങ്ങിയ കഴിവുകള്‍ വളര്‍ത്തുകയും അത് തൊഴില്‍ ഉല്‍പ്പാദനക്ഷമതയിലേക്ക് പ്രയോജനപ്പെടുത്താനുമാണ് ബിസിനസ് ക്വിസ് ലീഗ് ലക്ഷ്യമിടുന്നത്.

ആറു മാസം നീളുന്നതാണ് ലീഗ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളില്‍ 15 ഇനങ്ങളുള്ള മൂന്ന് ക്വിസ് ലീഗുകള്‍ നടക്കും. തിരുവനന്തപുരം മേഖലയിലെ മത്സരങ്ങള്‍ക്ക് ടെക്നോപാര്‍ക്ക് വേദിയാകും. ഓരോ ലീഗിലും 5 ഇവന്‍റുകളാണുള്ളത്. ലീഗില്‍ രജിസ്റ്റര്‍ ചെയ്ത ടീമുകള്‍ക്ക് പ്രമോഷണല്‍ ഇവന്‍റുകളായി നടത്തുന്ന 25 ഓണ്‍ലൈന്‍ ക്വിസുകളില്‍ പങ്കെടുക്കാം. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ ക്വിസിങ് സ്ഥാപനമായ ക്യു ഫാക്ടറി നോളജ് സര്‍വീസസാണ് ക്വിസ് അവതരിപ്പിക്കുന്നത്.

രജിസ്ട്രേഷന്: keralaquizleagues.com. കൂടുതല്‍ വിവരങ്ങള്‍ക്ക്: keralaquizleagues@gmail.com, 8848214565.


Photo Gallery