റെഡി ടു ഡ്രിങ്ക് പാലട പായസം പുറത്തിറക്കി മില്‍മ കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര ക്ഷീരസമ്മേളനത്തില്‍ മന്ത്രി ചിഞ്ചുറാണി ഉത്പന്നം പുറത്തിറക്കി

Kochi / June 26, 2024

കൊച്ചി: കേരളത്തിന്‍റെ തനത് വിഭവമായ പാലടപായസം മലയാളികളുള്ള ഏതു രാജ്യത്തും എത്തിക്കാന്‍ പാകത്തിന് റെഡി ടു ഡ്രിങ്ക് പാലടപായസം മില്‍മ വിപണിയില്‍ അവതരിപ്പിച്ചു. കൊച്ചിയില്‍ നടന്ന ഇന്‍റര്‍നാഷണല്‍ ഡയറി ഫെഡറേഷന്‍റെ ഏഷ്യ-പസഫിക് അന്താരാഷ്ട്ര സമ്മേളനത്തില്‍ വച്ച് മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പാലട പായസം പുറത്തിറക്കി.

എന്‍ഡിഡിബി ചെയര്‍മാന്‍ ഡോ. മീനേഷ് ഷാ, കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി അല്‍ക ഉപാദ്ധ്യായ, അഡി. സെക്രട്ടറി വര്‍ഷ ജോഷി, മില്‍മ ചെയര്‍മാന്‍ കെ എസ് മണി, എംഡി ആസിഫ് കെ യൂസഫ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് പുതിയ ഉത്പന്നം പുറത്തിറക്കിയത്.

പന്ത്രണ്ട് മാസം വരെ കേടുകൂടാതിരിക്കുന്ന പാലട പായസമാണ് മില്‍മ വിപണിയിലെത്തിക്കുന്നത്. പാലട പായസം വീട്ടിലുണ്ടാക്കുന്നതിന് വളരെ സമയം ആവശ്യമാണ്. മാത്രമല്ല, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയങ്കരമായ ഈ കേരള വിഭവം വിദേശങ്ങളിലെത്തിക്കാനും മില്‍മയുടെ ഈ സംരംഭത്തിലൂടെ സാധിക്കുമെന്ന് മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.

മൈക്രോവേവ് അസിസ്റ്റഡ് തെര്‍മല്‍ സ്റ്റെറിലൈസേഷന്‍(എംഎടിഎസ്) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അസെപ്റ്റിക് രീതിയിലാണ് പാലട പായസം തയ്യാറാക്കുന്നതും പായ്ക്ക് ചെയ്യുന്നതും. രുചി, മണം, ഗുണമേډ എന്നിവ ഒരു ശതമാനം പോലും ചോര്‍ന്നു പോകാതെ സംരക്ഷിക്കാനാവുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. യാതൊരു വിധത്തിലുള്ള രാസപദാര്‍ഥങ്ങളോ പ്രിസര്‍വേറ്റീവോ ചേര്‍ക്കാതെയാണ് ഇത് തയ്യാറാക്കുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിലുള്ള ടാറ്റയുടെ അത്യാധുനിക എംഎടിഎസ് സ്മാര്‍ട്സ് ഫുഡ് പ്ലാന്‍റിലാണ് ഇത് നിര്‍മ്മിക്കുന്നത്. നാല് പേര്‍ക്ക് വിളമ്പാനാകുന്ന 400 ഗ്രാമിന്‍റെ പാക്കറ്റിലായിരിക്കും ഇത് വിപണിയിലെത്തുക. 150 രൂപയാണ് പാക്കറ്റിന്‍റെ വില.

വിപണിയിലെ അഭിരുചിയ്ക്കനുസരിച്ച് ദീര്‍ഘകാലം കേടുകൂടാതെയിരിക്കുന്ന തനത് കേരളീയ വിഭവങ്ങള്‍ വിപണിയിലിറക്കാന്‍ മില്‍മ തയ്യാറെടുക്കുകയാണ്. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ മില്‍മയുടെ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

കൊച്ചയില്‍ നടക്കുന്ന ഐഡിഎഫ് ഏഷ്യ-പസഫിക് മേഖലാ സമ്മേളനത്തില്‍ മില്‍മ ഒരുക്കിയ പവലിയന്‍റെ ഉദ്ഘാടനവും മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു  25 രാജ്യങ്ങളില്‍ നിന്ന് ക്ഷീരവികസന മേഖലയിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. മില്‍മയുടെ ഉത്പന്നങ്ങള്‍ക്കൊപ്പം കേരളത്തിന്‍റെ തനത് പ്രകൃതി ഭംഗിയുടെയും പ്രാദേശിക ക്ഷീരമേഖലയുടെയും നേര്‍ക്കാഴ്ച കൂടിയാണ് ഈ പവലിയന്‍.

Photo Gallery

+
Content
+
Content