ടൂറിസം രംഗത്തെ ജനകീയമുന്നേറ്റമാണ് ഉത്തരവാദിത്ത ടൂറിസം ക്ലബുകള്‍: മന്ത്രി പി എ മുഹമ്മദ് റിയാസ്

ടൂറിസം രംഗത്തെ ജനകീയമുന്നേറ്റമാണ് ഉത്തരവാദിത്ത ടൂറിസം ക്ലബുകള്‍: മന്ത്രി പി എ മുഹമ്മദ് റിയാസ്
Calicut / June 13, 2022

കോഴിക്കോട്: ടൂറിസം രംഗത്തെ ജനകീയ മുന്നേറ്റമാണ് ഉത്തരവാദിത്ത ടൂറിസം ക്ലബുകളെന്ന് (ആര്‍ടി ക്ലബ്)സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രാദേശിക ടൂറിസം പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രാദേശിക ഉത്തരവാദിത്ത ടൂറിസം ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനം ബേപ്പൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
    പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകളുടെ നേതൃത്വത്തിലുള്ള ക്ലബുകളും പ്രാദേശിക ടൂറിസം കേന്ദ്രങ്ങളില്‍  ഉത്തരവാദിത്ത ടൂറിസം ക്ലബുകളുമായിരിക്കും പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ടൂറിസം  കേന്ദ്രങ്ങളുടെ ചുമതലയ്ക്ക് പുറമെ അതത് പ്രദേശത്തെ പ്രാദേശിക വികസനം, സ്വയംതൊഴില്‍ വികസനം, പുതിയ വാണിജ്യസാധ്യതകള്‍ എന്നിവയില്‍ ആര്‍ടി ക്ലബുകള്‍ക്ക് പ്രധാന പങ്ക് വഹിക്കാനാകും.
ഉത്തരവാദിത്ത ടൂറിസം മിഷനോടൊപ്പം ചേര്‍ന്ന് പ്രാദേശിക ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക, ഉത്തരവാദിത്ത ടൂറിസം അവബോധം സൃഷ്ടിക്കുക, പ്രദേശത്തിന്‍റെ കല, സംസ്കാരം എന്നിവയെല്ലാം തനത് രീതിയില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ടൂറിസം സംസ്കാരം വളര്‍ത്തിയെടുക്കുക , ടൂറിസം കേന്ദ്രങ്ങളെ മാലിന്യ വിമുക്തമാക്കുക, ഹരിത പെരുമാറ്റച്ചട്ടത്തിന് വിധേയമാക്കുക ഇവയെല്ലാം ആര്‍ടി ക്ലബ്ബുകള്‍ വഴി നടപ്പാക്കുവാനാണ് ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷം 100 ആര്‍ടി ക്ലബ്ബുകളുടെ രൂപീകരിക്കാനാണ് പദ്ധതി. ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനത്തിന് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് കലാലയ ടൂറിസം ക്ലബുകള്‍ക്കും ടൂറിസം വകുപ്പ് രൂപം നല്‍കിയിരുന്നു.
    കടലുണ്ടി പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി അനുഷ വി അധ്യക്ഷയായിരുന്ന ചടങ്ങില്‍ ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ശ്രീ കെ രൂപേഷ് കുമാര്‍ സ്വാഗതവും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി ശ്രീകലാലക്ഷ്മി നന്ദിയും രേഖപ്പെടുത്തി.
ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ആദ്യത്തെ ഉത്തരവാദിത്ത ടൂറിസം ക്ലബ്ബിന്‍റെയും പരിശീലനം ലഭിച്ച പുതിയ ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളുടെ സര്‍ട്ടിഫിക്കറ്റുകളും പ്രസ്തുത പരിപാടിയില്‍ വച്ച് പി എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു. 
    രാമനാട്ടുകര നഗരസഭാ അധ്യക്ഷ ശ്രീമതി ബുഷറ റഫീഖ്, ഫറോക്ക് നഗരസഭാധ്യക്ഷന്‍ ശ്രീ എന്‍ സി അബ്ദുല്‍ റസാഖ്, കോഴിക്കോട് നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ പി സി രാജന്‍, ടൗണ്‍ പ്ലാനിംഗ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീമതി കൃഷ്ണകുമാരി, ബേപ്പൂര്‍ മണ്ഡല വികസന മിഷന്‍ പ്രതിനിധി ശ്രീ എം ഗിരീഷ്, നമ്മള്‍ ബേപ്പൂര്‍ പ്രതിനിധി ശ്രീ ടി രാധാഗോപി, ടൂറിസം വകുപ്പ് ഡെ. ഡയറക്ടര്‍ ശ്രീ ടി നിഖില്‍ ദാസ്,  ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി ബിജി സേവ്യര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
    ഉത്തരവാദിത്ത ടൂറിസം ക്ലബ്ബുകള്‍ക്ക് ടൂറിസം മേഖലയിലെ വിവിധ സംരഭകത്വ വികസന സാദ്ധ്യതകളിലും ബിസിനസ് സംരംഭങ്ങളിലും  ഏര്‍പ്പെടാനുള്ള പരിശീലനവും ഉത്തരവാദിത്ത ടൂറിസം മിഷന്‍ ലഭ്യമാക്കും. ഉത്തരവാദിത്ത ടൂറിസം ക്ലബ്ബുകളുടെ ശൃംഖല രൂപീകരിച്ചുകൊണ്ട് സംസ്ഥാനത്തെ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുകയും  ചെയ്യുന്നു.
 

Photo Gallery

+
Content