സാധ്യതകള്‍ പോലെ തന്നെ അനന്തമാണ് ജെനറേറ്റീവ് എഐ വെല്ലുവിളികളും- ഐബിഎം വിദഗ്ധന്‍
Kochi / June 20, 2024
കൊച്ചി: ജനറേറ്റീവ് എഐയുടെ സാധ്യതകള്‍ പോലെ അനന്തമാണ് അത് അധിഷ്ഠിതമായ ടെക് ഉത്പന്നങ്ങളുടെ രൂപീകരണത്തിലെ വെല്ലുവിളികളുമെന്ന് ഐബിഎം ഇന്ത്യ സോഫ്റ്റ്വെയര്‍ ലാബിലെ സീനിയര്‍ ടെക്നിക്കല്‍ സ്റ്റാഫ് മെമ്പര്‍ ശ്രിനിവാസന്‍ മുത്തുസ്വാമി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എ.ഐ കോണ്‍ക്ലേവിനു മുന്നോടിയായി കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ കെഎസ്ഐഡിസി, ഐബിഎം എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച ടെക് ടോക് പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെന്‍ എഐ യുടെ സാധ്യതകള്‍ പോലെ തന്നെ അതിന്‍റെ രൂപീകരണത്തിലെ വെല്ലുവിളികള്‍ ഏറെയാണ്. വിശ്വാസ്യതയാണ് ജെന്‍ എഐ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അതിനാല്‍ തന്നെ ഡെവലപ്പര്‍മാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതു തന്നെയെന്ന് അദ്ദേഹം പറഞ്ഞു. ചെറിയ പിഴവ് പോലും വലിയ തോതില്‍ ദുരുപയോഗപ്പെടാനുള്ള സാധ്യതകളുണ്ട്. പ്രത്യേകിച്ചും ഓഹരി വിപണി പോലുള്ള മേഖലകളില്‍ ഇ്ന്ന് ജെന്‍എഐയുടെ കടന്നുകയറ്റം നടക്കുകയാണ്. പരമ്പരാഗത രീതിയില്‍ നിന്നും ഡെവലപ്പര്‍മാര്‍ മാറി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡാറ്റയിലെ തുറന്ന സമീപനം, പ്രത്യേക വിഭാഗത്തിനെ ലക്ഷ്യം വച്ചുള്ള മാതൃകകള്‍, വിശ്വസനീയമായ മാതൃകകള്‍, സമൂഹത്തെ ശാക്തീകരിക്കുന്ന മാതൃകകള്‍ എന്നിവയാണ് ജെന്‍ എഐ യിലൂടെ ഉപയോഗപ്പെടുത്തേണ്ടത്. ജനറേറ്റീവ് എ.ഐ എടുക്കുന്ന തീരുമാനങ്ങള്‍ ബിസിനസ് സമൂഹത്തിന് വേണ്ടത്ര വിശദീകരിക്കാനാവില്ലെന്നും വിശ്വാസത്തോടെ എ.ഐ അളക്കുന്നതില്‍ അവര്‍ വെല്ലുവിളി നേരിടുന്നുണ്ടെന്നും ശ്രിനിവാസന്‍ മുത്തുസ്വാമി ചൂണ്ടിക്കാട്ടി.
ജെന്‍ എഐയുടെ സുരക്ഷയും വിശ്വാസ്യതയും ധാര്‍മ്മിക വശങ്ങളും സംബന്ധിച്ച് ബിസിനസ് സമൂഹത്തിന് ആശങ്കയുണ്ട്. എ.ഐ ഗവേണന്‍സ്, ഡാറ്റ സങ്കീര്‍ണത, ഉയര്‍ന്ന വില, പരിമിതമായ വൈദഗ്ദ്ധ്യം, എഐ മോഡല്‍ വികസന ഉപകരണങ്ങളുടെ അഭാവം എന്നിവയാണ് എ.ഐ പ്രയോജനപ്പെടുത്തുന്നതില്‍ സ്ഥാപനങ്ങള്‍ക്കുള്ള തടസ്സങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് ജെന്‍ എഐയില്‍ വലിയ അവസരങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. നൂതനത്വം കൊണ്ട് ഇതില്‍ മുന്നിലെത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എഐ മേഖലയില്‍ ജോലി ചെയ്യുന്നവരെന്ന നിലയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വ്യത്യസ്തമായ സമീപനം പുലര്‍ത്താനാവുമെന്ന് ഈ പ്രഭാഷണത്തിലൂടെ മനസിലാക്കാന്‍ കഴിഞ്ഞതായി സെഷനില്‍ പങ്കെടുത്ത സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ശ്യാമള ചൂണ്ടിക്കാട്ടി. ജെന്‍ എഐയില്‍ ഐബിഎം എങ്ങിനെ ചിന്തിക്കുന്നുവെന്ന് ഈ സെഷനിലൂടെ അറിയാനായതായി എഎല്‍ബി ടെക്നോളജീസിലെ ഹരികൃഷ്ണന്‍ വി കെ പറഞ്ഞു. വിപുലമായ വിഷയമായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ജെന്‍ എഐയെക്കുറിച്ച് അറിയാനുണ്ടെന്ന് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അടുത്തമാസം നടക്കാനിരിക്കുന്ന ജെന്‍ എഐ കോണ്‍ക്ലേവിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ബോള്‍ഗാട്ടിയിലെ ലുലു ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ജൂലൈ 11, 12 തീയതികളിലാണ് അന്താരാഷ്ട്ര ജനറേറ്റീവ് എ.ഐ കോണ്‍ക്ലേവ് നടക്കുന്നത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, ഐബിഎം അംഗങ്ങള്‍, വ്യവസായ-ടെക്നോളജി പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍, ഇന്നൊവേറ്റര്‍മാര്‍ തുടങ്ങിയവര്‍ എ.ഐയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കിടും.
ജനറേറ്റീവ് എഐയുടെ ഭാവി രൂപപ്പെടുത്തുന്നതോടൊപ്പം നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനുമുള്ള കേരളത്തിന്‍റെ പ്രതിബദ്ധത പ്രകടമാക്കുന്നതായിരിക്കും ഈ സമ്മേളനം. ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവിലൂടെ കേരളത്തെ എ.ഐ ഡെസ്റ്റിനേഷനായി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും കോണ്‍ക്ലേവില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും https://www.ibm.com/in-en/events/gen-ai-conclave സന്ദര്‍ശിക്കുക.