ബിസിനസ് സമൂഹത്തിന്‍റെ വെല്ലുവിളികള്‍ പരിഹരിക്കുന്നതില്‍ എ.ഐ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വിദഗ്ധന്‍

അന്താരാഷ്ട്ര ജനറേറ്റീവ് എ.ഐ കോണ്‍ക്ലേവിനു മുന്നോടിയായുള്ള ടെക് ടോക്ക് തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നടന്നു
Trivandrum / June 18, 2024

തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എ.ഐ) മേഖലയില്‍ വൈദഗ്ധ്യമുള്ള കമ്പനികള്‍ ബിസിനസ് സമൂഹത്തിന്‍റെയും നേൃത്വത്തിന്‍റെയും വെല്ലുവിളികള്‍ അഭിസംബോധന ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഐബിഎം ഇന്ത്യ സോഫ്റ്റ് വെയര്‍ ലാബിലെ സീനിയര്‍ ടെക്നിക്കല്‍ സ്റ്റാഫ് മെമ്പര്‍ ശ്രിനിവാസന്‍ മുത്തുസ്വാമി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എ.ഐ കോണ്‍ക്ലേവിനു മുന്നോടിയായി തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച ടെക് ടോക്ക് പരമ്പരയിലെ ആദ്യ പ്രഭാഷണത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.


ജനറേറ്റീവ് എ.ഐ എടുക്കുന്ന തീരുമാനങ്ങള്‍ ബിസിനസ് സമൂഹത്തിന് വേണ്ടത്ര വിശദീകരിക്കാനാവില്ലെന്നും വിശ്വാസത്തോടെ എ.ഐ അളക്കുന്നതില്‍ അവര്‍ വെല്ലുവിളി നേരിടുന്നുണ്ടെന്നും ശ്രിനിവാസന്‍ മുത്തുസ്വാമി ചൂണ്ടിക്കാട്ടി. ജെന്‍ എ.ഐയുടെ സുരക്ഷയും വിശ്വാസ്യതയും ധാര്‍മ്മിക വശങ്ങളും സംബന്ധിച്ച് ബിസിനസ് സമൂഹത്തിന് ആശങ്കയുണ്ട്. ഇത് സ്ഥാപിത താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും ബിസിനസ് നേതൃത്വത്തിന് അഭിപ്രായമുണ്ട്. ധാരാളം അവസരങ്ങള്‍ ഉള്ളതിനാല്‍ നൂതനത കൊണ്ടുവന്ന് അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എ.ഐ സ്ഥാപനങ്ങള്‍ക്ക് സാധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ഐബിഎമ്മിലെ ജെന്‍ എ.ഐയുടെ നേട്ടങ്ങളെക്കുറിച്ച് ശ്രിനിവാസന്‍ മുത്തുസ്വാമി വിശദീകരിച്ചു. ജെന്‍ എ.ഐ ഉപയോഗിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ പ്രകടനം ഇത് ഏകദേശം 40 ശതമാനത്തോളം മെച്ചപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. ഉപഭോക്തൃ സേവനത്തിലും ഗുണം ചെയ്യും. എ.ഐ ഗവേണന്‍സ്, ഡാറ്റ സങ്കീര്‍ണത, ഉയര്‍ന്ന വില, പരിമിതമായ വൈദഗ്ദ്ധ്യം, എ.ഐ മോഡല്‍ വികസന ഉപകരണങ്ങളുടെ അഭാവം എന്നിവയാണ് എ.ഐ പ്രയോജനപ്പെടുത്തുന്നതില്‍ സ്ഥാപനങ്ങള്‍ക്കുള്ള തടസ്സങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് പ്രൊമോഷന്‍ അസിസ്റ്റന്‍റ് മാനേജര്‍ ശ്രീദേവി എസ്. പങ്കെടുത്തു.

കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ജൂണ്‍ 20 ന് വൈകിട്ട് 3 നും കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ ജൂണ്‍ 21 ന് രാവിലെ 11 നും ടെക് ടോക്ക് നടക്കും.

കൊച്ചി ബോള്‍ഗാട്ടിയിലെ ലുലു ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ജൂലൈ 11, 12 തീയതികളിലാണ് അന്താരാഷ്ട്ര ജനറേറ്റീവ് എ.ഐ കോണ്‍ക്ലേവ് നടക്കുന്നത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, ഐബിഎം അംഗങ്ങള്‍, വ്യവസായ-ടെക്നോളജി പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍, ഇന്നൊവേറ്റര്‍മാര്‍ തുടങ്ങിയവര്‍ എ.ഐയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കിടും.

ജനറേറ്റീവ് എഐയുടെ ഭാവി രൂപപ്പെടുത്തുന്നതോടൊപ്പം നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനുമുള്ള കേരളത്തിന്‍റെ പ്രതിബദ്ധത പ്രകടമാക്കുന്നതായിരിക്കും ഈ സമ്മേളനം. ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവിലൂടെ കേരളത്തെ എ.ഐ ഡെസ്റ്റിനേഷനായി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും കോണ്‍ക്ലേവില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും: https://www.ibm.com/in-en/events/gen-ai-conclave

Photo Gallery

+
Content
+
Content