ക്ഷീരകര്‍ഷകരെ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം; ജോര്‍ജ് കുര്യന് നിവേദനം നല്‍കി മില്‍മ എറണാകുളം യൂണിയന്‍
Kochi / June 12, 2024
കൊച്ചി: ക്ഷീരകര്‍ഷകരെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എംടി ജയന്‍ കേന്ദ്ര ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന് നിവേദനം നല്‍കി. വര്‍ദ്ധിച്ചുവരുന്ന ഉല്‍പാദന ചെലവ് കാരണം ക്ഷീരകര്‍ഷകര്‍ ഈ മേഖലയില്‍ നിന്നും കൊഴിഞ്ഞുപോകുന്നത് തടയാനാണ് നിവേദനം നല്‍കുന്നതെന്ന് എറണാകുളം മേഖലാ യൂണിയന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ക്ഷീരോല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഉല്‍പാദന ചെലവ് മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. ക്ഷീരമേഖല ലാഭകരമല്ലാത്തതിനാല്‍ പുതിയ കര്‍ഷകര്‍ ഇതിലേക്ക് വരുന്നില്ലെന്നും നിലവിലുള്ളവര്‍ തന്നെ ഈ മേഖല വിട്ടു പോവുകയാണെന്നും എം ടി ജയന്‍ പറഞ്ഞു. വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് 11 ലക്ഷത്തോളം വരുന്ന സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം നല്‍കണമെന്നും നിവേദനത്തില്‍ പറഞ്ഞു.
ക്ഷീരകര്‍ഷകരെ ഈ മേഖലയില്‍ തന്നെ പിടിച്ചുനിര്‍ത്തുന്നതിന് വേണ്ടി മില്‍മ നിരവധി സഹായ പദ്ധതികള്‍ നടത്തി വരുന്നുണ്ട്. ക്ഷീര കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് വഴി ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുമെന്ന് എംടി ജയന്‍ പറഞ്ഞു.