ബിഹാര്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ പ്രൊബേഷണര്‍മാര്‍ കൊല്ലം ഐടി പാര്‍ക്ക് സന്ദര്‍ശിച്ചു

Kollam / June 12, 2024

കൊല്ലം: സംസ്ഥാനത്തിന്‍റെ ഐടി ആവാസവ്യവസ്ഥയെ കുറിച്ച് അറിയുന്നതിനായി ബിഹാര്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ പ്രൊബേഷണര്‍മാര്‍ കൊല്ലം ഐടി പാര്‍ക്ക് സന്ദര്‍ശിച്ചു. ബിഹാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റിലെ (ബിപാര്‍ഡ്) രണ്ടാം ഫൗണ്ടേഷന്‍ കോഴ്സിലെ പ്രൊബേഷണര്‍മാരുടെ അഞ്ചാമത്തെ ബാച്ച് ആണ് പരിശീലനത്തിന്‍റെ ഭാഗമായി ഐടി പാര്‍ക്കില്‍ എത്തിയത്.

കഴിഞ്ഞ മാസം തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ 59 പ്രൊബേഷണര്‍മാരുടെ ആദ്യ ബാച്ചിന്‍റെ സന്ദര്‍ശനത്തോടെയാണ് പഠന പരിപാടിക്ക് തുടക്കമായത്. ഇതിന്‍റെ ഭാഗമായി ബിപാര്‍ഡിന്‍റെ ഏഴ് ബാച്ചുകള്‍ കേരളത്തിലെ വിവിധ ഐടി പാര്‍ക്കുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കും.

ബിപാര്‍ഡ് പ്രതിനിധി സംഘത്തെ ടെക്നോപാര്‍ക്ക് കൊല്ലം ജൂനിയര്‍ ഓഫീസര്‍ (ഫിനാന്‍സ് ആന്‍ഡ് അഡ്മിന്‍) ജയന്തി ആര്‍ സ്വീകരിച്ചു. കൊല്ലം ഐടി പാര്‍ക്കിന്‍റെ പ്രവര്‍ത്തനം നേരില്‍കണ്ട പ്രതിനിധി സംഘം, അഷ്ടമുടിക്കായലിന്‍റെ പ്രകൃതിഭംഗി നിറഞ്ഞ കാഞ്ഞിരോട് തീരത്ത് പ്രവര്‍ത്തിക്കുന്ന കാമ്പസിന്‍റെ സൗകര്യങ്ങളില്‍ മതിപ്പ് പ്രകടിപ്പിച്ചു.

ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെയും ബിഹാര്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെയും മറ്റ് അനുബന്ധ സേവനങ്ങളിലെയും പ്രൊബേഷണര്‍മാര്‍ക്കാണ് ബിപാര്‍ഡ് പരിശീലനം നല്‍കുന്നത്.

ടെക്നോപാര്‍ക്കിന്‍റെ ഫേസ്-അഞ്ച് ആയ കൊല്ലം ടെക്നോപാര്‍ക്ക് ലീഡ് ഗോള്‍ഡ് അംഗീകാരമുള്ള 'അഷ്ടമുടി' എന്ന കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണിത്. 17 ഐടി, ഐടി ഇതര കമ്പനികളിലായി ഏകദേശം 400 ജീവനക്കാരാണ് ഇവിടെയുള്ളത്.

 

Photo Gallery

+
Content