വൈദ്യുത ആഘാതമേറ്റ് കറവപ്പശുക്കള്‍ നഷ്ടമായ കര്‍ഷകന് മില്‍മ ധനസഹായം നല്‍കി
Thrissur / June 7, 2024
തൃശൂര്‍: മാര്‍ച്ച് 24 ന് വൈദ്യുതി ആഘാതമേറ്റ് തൊഴുത്തിലെ നാല് കറവപ്പശുക്കള്‍ നഷ്ടപ്പെട്ട തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴ ക്ഷീരസംഘത്തിലെ കര്‍ഷകനായ വി ആര്‍ തോമസിന് മില്‍മ എറണാകുളം മേഖലാ യൂണിയന്‍ 45,000 രൂപ ധനസഹായം നല്‍കി. മില്‍മയുടെ ഹെല്‍പ്പ് ടു ഫാര്‍മേഴസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കിയ ധനസഹായം ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി കര്‍ഷകന്‍റെ ചേര്‍പ്പിലുള്ള വീട്ടിലെത്തി നേരിട്ട് കൈമാറി.
നാട്ടിക എംഎല്‍എ സി സി മുകുന്ദന്‍, മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം ടി ജയന്‍, മില്‍മ ഭരണ സമിതി അംഗങ്ങളായ ഭാസ്കരന്‍ ആദംകാവില്‍, താര ഉണ്ണികൃഷ്ണന്‍, ടി എന്‍ സത്യന്‍, ഷാജു വെളിയന്‍ മാനേജിംഗ് ഡയറക്ടര്‍ വില്‍സണ്‍ ജെ പുറവക്കാട്ട്, ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്‍റ് സുജിഷ കളിയത്ത്, ഡെപ്യൂട്ടി ഡയറക്ടര്‍ വീണ എം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എറണാകുളം മേഖലാ യൂണിയന്‍റെ കീഴിലുള്ള ഇടുക്കി, കോട്ടയം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലായി ഹെല്‍പ്പ് ടു ഫാര്‍മേഴ്സ് പദ്ധതി പ്രകാരം സംഘങ്ങള്‍ക്കുള്ള ധനസഹായം, പാല്‍ വില ഇന്‍സന്‍റീവ് എന്നിവയിലായി മൊത്തം 21 കോടി രൂപ വിതരണം ചെയ്തതായി ചെയര്‍മാന്‍ എം ടി ജയന്‍ അറിയിച്ചു.
Photo Gallery
