ഇന്‍ഫോപാര്‍ക്ക് തൃശൂരില്‍ പുതുതായി ആറ് കമ്പനികള്‍; ആറ് കമ്പനികള്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു

Thrissur / June 6, 2024

തൃശൂര്‍: കൊരട്ടിയിലെ ഇന്‍ഫോപാര്‍ക്കിന്‍റെ തൃശൂര്‍ കാമ്പസില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ പുതുതായി ആറ് കമ്പനികള്‍ പ്രവര്‍ത്തമാരംഭിച്ചു. ഇതിനു പുറമെ ആറ് കമ്പനികള്‍ കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. പ്രത്യേകസാമ്പത്തിക മേഖലയായ ഇന്ദീവരത്തിന്‍റെ നാലാം നില കൂടി പ്രവര്‍ത്തന സജ്ജമാകുന്നതോടെ കൂടുതല്‍ കമ്പനികള്‍ക്ക് ഇവിടെ ഇടം ലഭിക്കും. ഇന്ദീവരം കെട്ടിടത്തിന്‍റെ നാലാം നിലയിലെ പ്ലഗ് ആന്‍ഡ് പ്ലേ ഓഫീസ് സ്പേസുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ കൂടുതല്‍ കമ്പനികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3.3 ലക്ഷം ചതുരശ്രയടി സ്ഥലമാണ് ഇന്‍ഫോപാര്‍ക്ക് തൃശൂരിലെ പ്രത്യേക സാമ്പത്തികമേഖലയായ ഇന്ദീവരത്തിലുള്ളത്. ഈ വര്‍ഷം ആരംഭിച്ച 12 കമ്പനികളില്‍ 11 ഉം ഇന്ദീവരത്തിലാണുള്ളത്. പ്രത്യേക സാമ്പത്തിക മേഖലയും പ്ലഗ് ആന്‍ഡ് പ്ലേ സംവിധാനവും ആയതിനാല്‍ തന്നെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്ന കമ്പനികളും ഇന്ദീവരം തന്നെയാണ് തെരഞ്ഞെടുക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനോട് അടുത്തു കിടക്കുന്നതും ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ കാമ്പസിന്‍റെ  മേന്മയാണ്.

ജെ കെ ലൂസന്‍റ് പ്രൈവറ്റ് ലിമിറ്റഡ്(ആപ്ലിക്കേഷന്‍ ഡെവലപ്മന്‍റ് ആന്‍ഡ് ടെസ്റ്റിംഗ്), എസ്ബീ ടെക്സ്ട്രാറ്റജീസ്(സാസ്-സാപ്) എന്‍ഡിയോണ്‍(ബിഐഎം), അപ്രോ ഐടി സൊല്യൂഷന്‍സ്(ഡിജിറ്റല്‍ ബ്രാന്‍ഡിംഗ്-ഇ കൊമേഴ്സ്), എന്‍സൈബ് സെക്യൂരിറ്റി സര്‍വീസസ്(സൈബര്‍ സെക്യൂരിറ്റി), ഗലാക്ടികോ എക്സ്പ്രസ് സൊല്യൂഷന്‍സ്(ലോജിസ്റ്റിക്സ്) എന്നിവയാണ് പുതുതായി ആരംഭിച്ച കമ്പനികള്‍.

ജിവാന്‍ ഇന്‍ഫോടെക്(ഡിജിറ്റല്‍ ട്രാന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്ലൗഡ് കമ്പ്യൂട്ടിംഗ്, 4680 ച. അടി), സാപെയര്‍ ടെക്നോളജീസ്(കസ്റ്റമര്‍ ഫോക്കസ്ഡ് സൊല്യൂഷന്‍സ്, 4044 ച. അടി), അവന്‍റസ് ഇന്‍ഫോര്‍മാറ്റിക്സ്(ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, 2561 ച. അടി), കെ എല്‍ കോണ്‍സെപ്റ്റ്സ് ലാബ്സ് (ഐടി പ്രൊഡക്ട്സ് ആന്‍ഡ് ബ്രാന്‍ഡിംഗ്, 1847 ച. അടി), ഗ്രേപ്സ് ഇനോവേറ്റീവ് സൊല്യൂഷന്‍സ്(ഹെല്‍ത്ത് കെയര്‍ മാനേജ്മന്‍റ്, 1259 ച. അടി) വോക്സ്റോ ടെക്നോളജി സൊല്യൂഷന്‍സ്(ഇ കൊമേഴ്സ്, മൊബൈല്‍ ആപ്, 868 ച. അടി) എന്നിവരാണ് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.

തൃശൂര്‍ കാമ്പസിന്‍റെ പ്രശാന്ത സുന്ദരവും അതേസമയം നാഗരികതയോട് അടുത്തു നില്‍ക്കുന്ന അന്തരീക്ഷവും ഐടി കമ്പനികളെ ആകര്‍ഷിക്കുന്ന ഘടകമാണെന്ന് ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. ദേശീയപാത 544 ഉം ഐടി ഇടനാഴിയുമായുള്ള അടുപ്പവുമെല്ലാം ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ കാമ്പസിന്‍റെ മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ കാമ്പസില്‍ സ്പേസ് ആവശ്യമുള്ള കമ്പനികള്‍ക്ക് marketing@infopark.in എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

 

Photo Gallery