കേരള ഫീഡ്സ് കാലിത്തീറ്റകള്‍ക്ക് 50 രൂപ വരെ പ്രത്യേക മണ്‍സൂണ്‍ വിലക്കിഴിവ്
കിടാരിക്കള്‍ക്ക് നല്‍കുവാനുള്ള പ്രത്യേക തീറ്റയും പുറത്തിറക്കും
Thrissur / June 5, 2024
തൃശൂര്‍: മഴക്കാലത്ത് വര്‍ധിച്ചു വരുന്ന ഉത്പാദനച്ചെലവ് കണക്കിലെടുത്ത് ക്ഷീരകര്‍ഷകര്‍ക്ക് സഹായമായി കാലിത്തീറ്റയ്ക്ക് ചാക്കൊന്നിന് 50 രൂപ വരെ ഇളവ് നല്‍കാന്‍ കേരള ഫീഡ്സ് തീരുമാനിച്ചു. ജൂണ്‍ അഞ്ച് ബുധനാഴ്ച മുതലാണ് വിലക്കിഴിവ് പ്രാബല്യത്തില്‍ വരുന്നത്.
കേരള ഫീഡ്സ് ഡയറി റിച്ച് പ്ലസ് കാലിത്തീറ്റക്ക് 45 കിലോ ചാക്ക് ഒന്നിന് 50 രൂപയും 50 കിലോ തൂക്കമുള്ള കേരള ഫീഡ്സ് മിടുക്കി, കേരള ഫീഡ്സ് എലൈറ്റ് എന്നീ കാലിത്തീറ്റകള്‍ക്ക് യഥാക്രമം 40, 25 രൂപയും പ്രത്യേക മണ്‍സൂണ്‍കാല വിലക്കിഴിവായി നല്‍കുന്നതാണ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ വിലക്കിഴിവ് തുടരുമെന്നും കേരള ഫീഡ്സ് എം ഡി ഡോ. ബി ശ്രീകുമാര്‍ അറിയിച്ചു.
കഴിഞ്ഞ ഏതാനും നാളുകളായി പലവിധമായ കാരണങ്ങളാല്‍ സംസ്ഥാനത്ത് ക്ഷീരോത്പാദനത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. കാലാവസ്ഥയില്‍ ഉണ്ടായ വ്യതിയാനം മൂലം ക്ഷീരകര്‍ഷകരുടെ വരുമാനത്തില്‍ ഇടിവ് സംഭവിച്ചു. ഉയര്‍ന്ന ഉല്പാദന ചെലവ് മൂലം വലിയ ഒരു വിഭാഗം ക്ഷീരകര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കൂടാതെ നിരവധി ക്ഷീരകര്‍ഷകര്‍ ഈ മേഖലയില്‍ നിന്നും വിട്ടുനില്‍ക്കുന്ന സാഹചര്യവുമുണ്ട്. ഇതെല്ലാം പശു വളര്‍ത്തല്‍ ലാഭകരമായ സംരംഭമല്ല എന്ന ധാരണ ഈ രംഗത്തേക്ക് കടന്നു വരുന്ന പുതിയ തലമുറയ്ക്ക് ഉണ്ടാക്കി.
കന്നുകുട്ടിയുടെ പരിപാലനത്തിനും, അവയെ ഉല്പാദനക്ഷമതയുള്ള നല്ലയിനം പശുക്കളായി മാറ്റുന്നതിനും ആവശ്യമായ പോഷകഗുണങ്ങള്‍ കൂടിയ മികച്ച കാലിത്തീറ്റ അത്യന്താപേക്ഷിതമാണ്. കൂടാതെ കറവ ഇല്ലാത്ത പശുക്കള്‍ക്ക് ചെലവ് കുറഞ്ഞ കാലിത്തീറ്റ ലഭിക്കുന്നത് വഴി ക്ഷീരകര്‍ഷകരുടെ തീറ്റച്ചെലവ് കുറയ്ക്കുവാനും മികച്ച വരുമാനം ഉണ്ടാകുവാനും സാധിക്കുന്നു. ഈ രണ്ട് ആവശ്യങ്ങളും നിറവേറ്റുന്നതിനാവശ്യമായ പോഷകങ്ങള്‍ അടങ്ങിയ പ്രത്യേക കാലിത്തീറ്റയായ കേരള ഫീഡ്സ് മഹിമ ജൂണ്‍ 2024 പകുതിയോടെ കമ്പനി വിപണിയില്‍ ഇറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
20 കിലോ തൂക്കം ഉള്ള കാലിത്തീറ്റ ചാക്ക് ഒന്നിന് 540 രൂപയാണ് വില. കന്നുകുട്ടിയുടെ ശരിയായ വളര്‍ച്ച ഉറപ്പ് വരുത്തുകയും കൃത്യസമയത്ത് തന്നെ ഇവയ്ക്ക് പ്രായപൂര്‍ത്തിയായി മദിലക്ഷണം പ്രകടമാക്കുന്നതിനും സഹായിക്കുന്ന വിവിധ ഇനം പോഷകങ്ങള്‍ ശരിയായ അനുപാതത്തില്‍ കേരള ഫീഡ്സ് മഹിമ കാലിത്തീറ്റയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പാലുത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഈ കാലിത്തീറ്റ അനുയോജ്യമല്ല.
പശുകുട്ടികളുടെ ശരീരഭാരം അനുസരിച്ച് പ്രതിദിനം 2 മുതല്‍ 3 കിലോ വരെ കേരള ഫീഡ്സ് മഹിമ കാലിത്തീറ്റ നല്‍കാവുന്നതാണ്. ശരീരഭാരം വര്‍ദ്ധനവിനായി പോത്തുകുട്ടികള്‍ക്കും ഈ കാലിത്തീറ്റ അനുയോജ്യമാണെന്നും കേരള ഫീഡ്സ് എംഡി വ്യക്തമാക്കി.