വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് പിന്തുണമായി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് മീറ്റ്

Kollam / May 29, 2024

കൊല്ലം: വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് പിന്തുണയും കൈത്താങ്ങും ഉറപ്പുവരുത്തുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് മീറ്റിന്‍റെ 19-ാം പതിപ്പ് സമാപിച്ചു.

കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ നടന്ന ഏകദിന പരിപാടിയില്‍ സംസ്ഥാനത്തെ മികച്ച സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.

സ്റ്റാര്‍ട്ടപ്പുകള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതും സംരംഭകരില്‍ അവബോധം സൃഷ്ടിക്കുന്നതും ലക്ഷ്യമിട്ടാണ് കെഎസ് യുഎം ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

പ്രൊഫേസിന്‍റെ സഹസ്ഥാപകയായ ലക്ഷ്മി ദാസ്, ചാര്‍ജ് മോഡിന്‍റെ സഹസ്ഥാപകനും സിഇഒയുമായ രാമന്‍ എം, ക്ലിയോമെഡ് മെഡിക്കല്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഹരി കെ എസ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

നിയോനിക്സ് സ്ഥാപകന്‍ അരുണ്‍ ആര്‍ എസ് ചന്ദ്രന്‍ മോഡറേറ്ററായി.

അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ ഉത്പന്നങ്ങള്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ 'ഫൗണ്ടേഴ്സ് ആസ്ക്' സെഷനെ ശ്രദ്ധേയമാക്കി.    

സ്റ്റാര്‍ട്ടപ്പിന്‍റെ തുടക്കം മുതലുള്ള വിവിധ ഘട്ടങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ അഭിമുഖീകരിക്കുന്ന  വെല്ലുവിളികളേയും സാധ്യതകളേയും കുറിച്ച് 'സ്റ്റാര്‍ട്ടപ്പ് 360' പരിപാടിയില്‍ വിദഗ്ധര്‍ സംസാരിച്ചു.

നിയമപരമായ കാര്യങ്ങളെക്കുറിച്ച് ശ്രീലക്ഷ്മി സൈലേഷും കോര്‍പ്പറേറ്റ് ഭരണവുമായി ബന്ധപ്പെട്ടവയെക്കുറിച്ച് ആഷിഫ് സി കെയും സംസാരിച്ചു. സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങള്‍ക്ക് പേറ്റന്‍റ്  നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ബിന്ദു ശങ്കരപ്പിള്ള സംസാരിച്ചത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ സാങ്കേതിക പിന്തുണയെക്കുറിച്ച് അരുണ്‍ ആര്‍ എസ് ചന്ദ്രന്‍ സംസാരിച്ചു.

Photo Gallery

+
Content