ഗവേഷണ കേന്ദ്രീകൃതമായ സംരംഭകത്വം അധ്യാപകര്‍ ശീലിക്കണം-അനൂപ് അംബിക

Palakkad / May 27, 2024

പാലക്കാട്: രാജ്യത്തെ അധ്യാപകസമൂഹം ഗവേഷണ കേന്ദ്രീകൃതമായ സംരംഭകത്വം പരിശീലിക്കണമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഐഐടി പാലക്കാട് ടെക്നോളജി ഐ-ഹബ് ഫൗണ്ടേഷന്‍(ഐപിടിഐഎഫ്), പാലക്കാട് ഐഐടി എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഫാക്കല്‍റ്റി ഒണ്‍ട്രപ്രണര്‍ഷിപ്പ് ഏകദിന വർക്ക് ഷോപ്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അധ്യാപക സംരംഭകത്വ മേഖലയില്‍ വലിയ സാധ്യതകളാണുള്ളത്. സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ആഭിമുഖ്യത്തില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണങ്ങളുടെ വാണിജ്യ സാധ്യത ഉപയോഗപ്പെടുത്തുന്നതിനു വേണ്ടി റിസര്‍ച്ച് ഇനോവേഷന്‍ നെറ്റ്വര്‍ക്ക് കേരള(റിങ്ക്) എന്ന പ്രത്യേക സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗവേഷണത്തിന്‍റെ വാണിജ്യസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നത് അതീവ പ്രാധാന്യമുള്ള വിഷയമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പാലക്കാട് ഐഐടി ഡയറക്ടര്‍ പ്രൊ. എ ശേഷാദ്രിശേഖര്‍ പറഞ്ഞു. ഗവേഷണങ്ങള്‍ വാണിജ്യസാധ്യകളായി പരിണമിപ്പിക്കാന്‍ സാധിക്കുന്നതാകണം. രാജ്യത്തെ ഐഐടികള്‍ ഈ ദിശയില്‍ മുന്‍നിരപ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് സെഷനുകളും രണ്ട് പാനല്‍ചര്‍ച്ചകളുമാണ് വർക്ക് ഷോപ്പില്‍ ഉണ്ടായിരുന്നത്. 150 ലേറെ അധ്യാപക സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍, സര്‍വകലാശാല, കോളേജ് അധ്യാപകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

അക്കാദമിക സമൂഹത്തില്‍ സംരംഭകത്വം വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഐകെപി നോളഡ്ജ് പാര്‍ക്ക് സീനിയര്‍ വൈസ്പ്രസിഡന്‍റും ഐകെപി ഈഡന്‍ സിഇഒയുമായ ഡോ. ശ്രീധര്‍ രാമനാഥന്‍ സംസാരിച്ചു.

സാങ്കേതിക വാണിജ്യസാധ്യതകളില്‍ അധ്യാപകസമൂഹം നേരിടുന്ന വെല്ലുവിളികളും സാധ്യതകളും എന്നവിഷയത്തില്‍ ഐഐടി മദ്രാസിലെ പ്രൊഫ. ഡോ. സുജാത ശ്രീനിവാസന്‍ ക്ലാസ് നയിച്ചു. ക്ലിനിക്കല്‍ ശാസ്ത്രജ്ഞനില്‍ നിന്നും സംരംഭകനിലേക്കുള്ള അനുഭവകഥയാണ് ന്യൂറാസിം പ്രൈ. ലിമിറ്റര്‍ സ്ഥാപക ഡയറക്ടര്‍ ഡോ. രമേഷ് എസ് വി പറഞ്ഞത്.

 ഐപിടിഐഎഫ് സിഇഒ ഡോ. സായിശ്യാം നാരായണന്‍, ഡോ. മധു ഉണ്ണിത്താന്‍, ഡോ. ദീപു കൃഷ്ണന്‍ പി ആര്‍, റോണി കെ റോയി തുടങ്ങിയവരും സംസാരിച്ചു.
                                              

Photo Gallery

+
Content