ഒരാഴ്ച നീണ്ട കളിചിരികളുടെ 'കലപില' യ്ക്ക് കലാശക്കൊട്ടോടെ സമാപനം
Trivandrum / May 22, 2024
തിരുവനന്തപുരം: സ്ക്രീനുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന അവധിക്കാലത്തില്‍ നിന്നും വ്യത്യസ്തമായി കളിയും ചിരിയും കലയും ഒത്തുചേര്‍ത്ത് ആഘോഷമാക്കിയ 'കലപില' അവധിക്കാല ക്യാമ്പ് സമാപിച്ചു.
സമാപന പരിപാടിയായ 'കലപില കലാശക്കൊട്ട്' വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അനൂപ് അംബിക അധ്യക്ഷനായി.
ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളുടെ സര്‍ഗസൃഷ്ടികള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ 'കലപിലകള്‍- കുത്തിവരയും എഴുത്തുകളും' മാഗസിന്‍റെ കവര്‍ പ്രകാശനവും നടന്നു.
കോവളം വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സും ചേര്‍ന്നാണ് വിദ്യാര്‍ഥികള്‍ക്കായി ഏഴു ദിവസത്തെ വേനലവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചത്.
കേരള സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ഒന്നാം സ്ഥാനവും മികച്ച നടനുള്ള സമ്മാനവും നേടിയ മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്കൂള്‍, വടകരയിലെ കുട്ടികള്‍ അവതരിപ്പിച്ച 'ഷിറ്റ്' എന്ന നാടകം കുട്ടികള്‍ക്ക് ഏറെ ആസ്വാദ്യകരമായിരുന്നു. ചലച്ചിത്രകാരനും എഴുത്തുകാരനുമായ മധുപാല്‍ നയിച്ച 'എഴുത്തുകാരനൊപ്പം' സെഷന്‍ കുട്ടികളില്‍ സാഹിത്യ ലോകത്തെ കുറിച്ചുള്ള ജിജ്ഞാസ സൃഷ്ടിച്ചു.
ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് കലപില പ്രമേയമാക്കി നിര്‍മ്മിച്ച പത്ത് കലാസൃഷ്ടികള്‍ ക്രാഫ്റ്റ് വില്ലേജ് ക്യാമ്പസിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു ക്യാമ്പിന്‍റെ തുടക്കം.
നാടക ക്കളരി, ഓപ്പണ്‍ മൈക്ക്, കുട്ടികള്‍ തന്നെ ചായക്കൂട്ടുകള്‍ നിര്‍മ്മിച്ച് ചെയ്യുന്ന ചിത്രകലാ പരിശീലനം, ഫേസ് പെയിന്‍റിംഗ് (മുഖത്തെഴുത്ത്), കളരി, സ്കേറ്റിംഗ്, മ്യൂസിക്ക്, ഫോട്ടോഗ്രഫി, കളിമണ്ണില്‍ പാത്ര- ശില്‍പ നിര്‍മാണം, കുരുത്തോല ക്രാഫ്റ്റ്, പട്ടം ഉണ്ടാക്കി പറത്തല്‍, അനിമല്‍ ഫ്ളോ, വാന നിരീക്ഷണം, നൈറ്റ് വാക്ക്, പ്രകൃതി നിരീക്ഷണം, ഗണിതത്തിന്‍റെ ലോകം, എഴുത്തുകാരെ പരിചയപ്പെടല്‍, സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവയായിരുന്നു ക്യാമ്പിന്‍റെ പ്രധാന ആകര്‍ഷണങ്ങള്‍.
കലപില കലാശക്കൊട്ടില്‍ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ശ്രീപ്രസാദ് ടി യു സ്വാഗതം പറഞ്ഞു. കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ വിനോദ് മുഖ്യപ്രഭാഷകനായി.
ക്രാഫ്റ്റ് വില്ലേജ് ബിഡിഎം സതീഷ് കുമാര്‍, കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. വിനൂത എച്ച് എം, കെഎസ് യുഎം പി ആര്‍ മാനേജര്‍ അഷിത
വി. എ, ക്രാഫ്റ്റ് വില്ലേജ് മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് അക്ഷയ് എം.പി, ലുലു ഹാപ്പിനെസ് ഇന്‍ചാര്‍ജ് ശ്രുതി വിമല എന്നിവര്‍ സംസാരിച്ചു.
ക്യാമ്പിനോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ലുലു ഗ്രൂപ്പാണ് സമ്മാനം സ്പോണ്‍സര്‍ ചെയ്തത്.
Photo Gallery
